|    Oct 21 Sun, 2018 7:47 pm
FLASH NEWS

തോമസ് ചാണ്ടിയുടേത് നഗ്‌നമായ നിയമലംഘനം: സുധീരന്‍

Published : 26th September 2017 | Posted By: fsq

 

ആലപ്പുഴ: മാര്‍ത്താണ്ഡം കായലില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി നടത്തിയത് നഗ്‌നമായ നിയമലംഘനമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മാര്‍ത്താണ്ഡം കായലിലെ വിവാദ ഭൂമി സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ത്താണ്ഡം കായലിലെത്തിയപ്പോള്‍ മാധ്യമവാര്‍ത്തകള്‍ നൂറു ശതമാനം സത്യമാണെന്ന് മനസിലായി. തോമസ് ചാണ്ടി രാജി വയ്ക്കുകയോ, മുഖ്യമന്ത്രി മന്ത്രിയുടെ രാജി ആവശ്യപ്പെടുകയോ അല്ലാതെ വിഷയത്തില്‍ മറ്റ് പോംവഴികളൊന്നുമില്ല. മന്ത്രിയാവുന്നതിന് മുമ്പും ശേഷവും തോമസ് ചാണ്ടി നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തെളിഞ്ഞ സാഹചര്യത്തില്‍  മന്ത്രിയെ സംരക്ഷിക്കുന്ന നലപാടില്‍ നിന്നു മുഖ്യമന്ത്രിയും സിപിഎമ്മും പിന്‍മാറുകയും ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മന്ത്രി കൈയേറ്റം നിഷേധിച്ചതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കുറ്റം നിഷേധിക്കുന്നത് കുറ്റവാളികളുടെ പൊതു സ്വഭാവമാണെന്നായിരുന്നു മറുപടി. രാവിലെ പത്തരയോടെ ബോട്ടു മാര്‍ഗം കൈനകരി പഞ്ചായത്തു കടവില്‍ നിന്നായിരുന്നു സുധീരന്റെ കായല്‍ യാത്ര. മാര്‍ത്താണ്ഡം കായലില്‍ നിന്നും തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള പുന്നമടയിയെ ലേക് പാലസ് റിസോര്‍ട്ടും സുധീരന്‍ സന്ദര്‍ശിച്ചു. ഡിസിസി പ്രസിഡന്റ് എം ലിജു, കെപിസിസി ട്രഷറര്‍ അഡ്വ.ജോണ്‍സണ്‍ ഏബ്രഹാം, മുന്‍ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍,  പി നാരായണന്‍കുട്ടി, അലക്‌സ് മാത്യു,  പ്രമോദ് ചന്ദ്രന്‍, ജോസഫ് ചേക്കോടന്‍, വികെ സേവ്യര്‍, ടിജിന്‍ ജോസഫ്, മധു സി കൊളങ്ങര സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss