|    Dec 19 Wed, 2018 1:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ നഗരസഭ നോട്ടീസ് നല്‍കി

Published : 14th November 2018 | Posted By: kasim kzm

കുട്ടനാട്: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ അനധികൃതമായി നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ നഗരസഭ നോട്ടീസ് നല്‍കി. നഗരസഭയിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍മാരുടെ സംയുക്തപരിശോധനാ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്ക് നഗരസഭാ സെക്രട്ടറി എസ് ജഹാംഗീര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
അനധികൃത നിര്‍മാണത്തിനും നികുതി നല്‍കാത്തതിനുമാണ് നോട്ടീസ്. ഒരുമാസക്കാലമായി നടന്നുവന്നിരുന്ന മുനിസിപ്പല്‍ സെക്രട്ടറിയുടെയും നഗരസഭാ റവന്യൂ, എന്‍ജിനീയറിങ് വിഭാഗങ്ങളുടെയും സംയുക്ത പരിശോധനയിലാണ് ലേക്പാലസ് റിസോര്‍ട്ടില്‍ നടന്ന 32 ഓളം കെട്ടിടങ്ങളിലെ അനധികൃത നിര്‍മാണം കണ്ടെത്തിയത്.
ജനറേറ്റര്‍റൂം, മസാജ് സെന്ററുകള്‍, കാന്റീന്‍ തുടങ്ങി 10 കെട്ടിടങ്ങള്‍ പൂര്‍ണമായും അനധികൃതമായി നിര്‍മിച്ചതാണ്. ഈ 10 കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുനീക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതുകൂടാതെ 22 കെട്ടിടങ്ങളില്‍ നഗരസഭാ രേഖകളില്‍ നിന്നു വ്യത്യസ്തമായി 400 മുതല്‍ 600 ചതുരശ്ര അടി വരെ അധിക നിര്‍മാണം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ ഹാജരാക്കാന്‍ 15 ദിവസമാണ് സമയം അനുവദിച്ചിട്ടുള്ളത്. തൃപ്തികരമല്ലെങ്കില്‍ പൊളിച്ചുനീക്കല്‍ നടപടികളിലേക്കടക്കം നഗരസഭ നീങ്ങും. നെല്‍പാടം നികത്തി നിര്‍മിച്ച പാര്‍ക്കിങ് ഗ്രൗണ്ട് പൊളിച്ചു നീക്കണമെന്ന വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ അപേക്ഷ കഴിഞ്ഞദിവസം കൃഷിവകുപ്പ് തള്ളിയിരുന്നു. മുന്‍ ജില്ലാ കലക്ടര്‍ ടി വി അനുപമയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൃഷിവകുപ്പിന്റെ നടപടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss