|    Jul 23 Mon, 2018 4:02 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തോമസ് ചാണ്ടിയുടെ അനധികൃത കൈയേറ്റം : നിയമപ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും – സിപിഎം

Published : 20th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ളത് രാഷ്ട്രീയ ആരോപണമെന്ന് പറഞ്ഞിരുന്ന ഭരണകക്ഷിയും നിലപാട് മാറ്റിത്തുടങ്ങി. നിയമപരമായ പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും ഫയലുകള്‍ കാണാതായ സംഭവം സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംഭവം വിവാദമായിട്ടും വിഷയത്തില്‍ മുഖ്യമന്ത്രി മൗനം നടിക്കുന്നത് തോമസ് ചാണ്ടിക്ക് ആശ്വാസമാണ്. എന്നാല്‍, പാര്‍ട്ടിയില്‍ നിന്നു വേണ്ടത്ര പിന്തുണ തോമസ് ചാണ്ടിക്ക് ലഭിക്കുന്നതുമില്ല. മാര്‍ത്താണ്ഡം കായല്‍ നികത്തല്‍, ലേക് പാലസിലേക്കുള്ള അനധികൃത റോഡ് നിര്‍മാണം, നിലം നികത്തി നിര്‍മിച്ച പാര്‍ക്കിങ് സ്ഥലം, കായല്‍ വളച്ചുകെട്ടി സ്വകാര്യ സ്വത്താക്കി തുടങ്ങിയ നിരവധി ആരോപണങ്ങളാണ് തോമസ് ചാണ്ടിക്കെതിരേ ഉയര്‍ന്നുവന്നത്. തോമസ് ചാണ്ടി നടത്തിയത് കുറ്റകൃത്യങ്ങളുടെ ഘോഷയാത്രയാണെന്നും രാജിയാവശ്യം ഉന്നയിച്ച് ശക്തമായ സമരം തുടരുമെന്ന് ബിജെപിയും വ്യക്തമാക്കി. അതിനിടെ തോമസ് ചാണ്ടിയുടെ അനധികൃത കായല്‍ കൈയേറ്റവും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതിനല്‍കി. കുട്ടനാട്ടിലെ മന്ത്രിയുടെ റിസോര്‍ട്ടായ ലേക് പാലസിന് മുന്‍വശത്തുള്ള റോഡ് റിസോര്‍ട്ട് വരെ മാത്രം ടാര്‍ ചെയ്യിച്ചത് അധികാര ദുര്‍വിനിയോഗവും പൊതുധനത്തിന്റെ ദുരുപയോഗവുമാണെന്ന് പരാതിയില്‍ പറയുന്നു. മന്ത്രിയുടെ ടൂറിസം കമ്പനിയുടെ മാനേജരുടെ പേരിലുള്ള നിലം കായല്‍ ഡ്രഡ്ജ് ചെയ്‌തെടുത്ത് മണ്ണും ചെളിയും ഉപയോഗിച്ച് നികത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. മിച്ചഭൂമിയായി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്ത മാര്‍ത്താണ്ഡം കായല്‍ നിലം നികത്തിയതു ഗുരുതരമായ കുറ്റമാണ്. 2008ലെ കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമമനുസരിച്ച് മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ റിപോര്‍ട്ട് ആവശ്യമാണ്. അതിനാല്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അന്വേഷിക്കാത്ത സാഹചര്യത്തിലാണ് വിജിലന്‍സിന് പരാതി കൊടുക്കാന്‍ തീരുമാനിച്ചതെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss