|    Jul 18 Wed, 2018 2:49 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

തോമസ് ചാണ്ടിക്കെതിരേ അന്വേഷണം : വിജിലന്‍സ് നിയമോപദേശം തേടി

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് നിയമോപദേശം തേടി. ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സിന്റെ നീക്കം. അഡീ. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ ഡി ബാബുവിനോടാണ് വിജിലന്‍സ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടിയത്. മാര്‍ത്താണ്ഡം കായല്‍ നികത്തല്‍, ലേക് പാലസിലേക്കുള്ള അനധികൃത റോഡ്‌നിര്‍മാണം, നിലംനികത്തി നിര്‍മിച്ച പാര്‍ക്കിങ് സ്ഥലം, കായല്‍ വളച്ചുകെട്ടി സ്വകാര്യസ്വത്താക്കി തുടങ്ങിയ ആരോപണങ്ങളാണ് തോമസ് ചാണ്ടിക്കെതിരേ ഉയര്‍ന്നുവന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി രേഖകളും തെളിവുകളും മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗവും പൊതുധനത്തിന്റെ ദുരുപയോഗവും നടത്തിയെന്ന് ചെന്നിത്തല പരാതിയില്‍ ആരോപിച്ചിരുന്നു.   തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് പോവാന്‍ രണ്ട് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് അനധികൃതമായി റോഡ് നിര്‍മിച്ചെന്നും കായല്‍ നികത്തിയെന്നുമാണ് ആരോപണം. റിസോര്‍ട്ടിനു മുന്‍വശം അഞ്ചു കിലോമീറ്ററോളം കായല്‍ വേലികെട്ടി വേര്‍തിരിച്ച് അധീനതയിലാക്കി. മാര്‍ത്താണ്ഡം കായലില്‍ മിച്ചഭൂമിയായി കര്‍ഷകത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കര്‍കണക്കിന് ഭൂമിയാണ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നും ആക്ഷേപമുണ്ടായി. ആലപ്പുഴയില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് അനുവദിച്ച പണമുപയോഗിച്ച്  റിസോര്‍ട്ട് വരെയുള്ള 400 മീറ്റര്‍ മാത്രം ടാര്‍ ചെയ്തുവെന്നും ആരോപണമുണ്ട്.അതേസമയം, താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഒരു സെന്റ് ഭൂമി പോലും കൈയേറിയിട്ടില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്. അഴിമതി നിരോധന നിയമപ്രകാരം മന്ത്രിക്കെതിരേ കേസെടുക്കാനാവുമോ എന്നാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനം രണ്ടുദിവസത്തിനകം ഉണ്ടാവുമെന്നാണ് സൂചന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss