|    Oct 19 Fri, 2018 8:20 am
FLASH NEWS
Home   >  Editpage  >  Editorial  >  

തോമസ് ചാണ്ടിക്കെതിരായ അഴിമതി ആരോപണങ്ങള്‍

Published : 22nd September 2017 | Posted By: fsq

 

ഇടതുമുന്നണി സര്‍ക്കാരില്‍ ഗതാഗതമന്ത്രിയായ തോമസ് ചാണ്ടിക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഇടതുഭരണത്തിനേറ്റ മറ്റൊരു ആഘാതമാണ്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയില്‍ മന്ത്രിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തുന്നതിനു വിജിലന്‍സ് നിയമോപദേശം തേടിയതായാണ് വാര്‍ത്ത. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിജിലന്‍സിനു പരാതി നല്‍കിയതിനു പിന്നാലെയാണ് പുതിയ നീക്കം. മാര്‍ത്താണ്ഡം കായല്‍ നികത്തല്‍, സ്വന്തം റിസോര്‍ട്ടായ ലേക്പാലസിലേക്കുള്ള അനധികൃത റോഡ് നിര്‍മാണം, നിലം നികത്തി നിര്‍മിച്ച പാര്‍ക്കിങ് സ്ഥലം, കായല്‍ വളച്ചുകെട്ടി സ്വകാര്യസ്വത്താക്കല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് തോമസ് ചാണ്ടിക്കെതിരേ ഉയര്‍ന്നിരിക്കുന്നത്. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രീതിയില്‍ പല രേഖകളും തെളിവുകളും മാധ്യമങ്ങളിലൂടെ ഇതിനകം പുറത്തുവന്നിട്ടുണ്ട്. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗവും പൊതുധനത്തിന്റെ ദുരുപയോഗവും നടത്തിയെന്ന പരാതിയാണ് മുഖ്യമായും ഉന്നയിക്കപ്പെടുന്നത്. പുറത്തുവന്ന തെളിവുകള്‍ ആരോപണങ്ങള്‍ കഴമ്പുള്ളതാണെന്ന സൂചന നല്‍കുന്നു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിലേക്ക് രണ്ട് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് അനധികൃതമായി റോഡ് നിര്‍മിച്ചെന്നും കായല്‍ നികത്തിയെന്നും പരാതിയുണ്ട്. റിസോര്‍ട്ടിന്റെ മുന്‍വശം അഞ്ചു കിലോമീറ്ററോളം കായല്‍ വേലികെട്ടി വേര്‍തിരിച്ച് സ്വന്തം അധീനതയിലാക്കിയതായും പറയപ്പെടുന്നു. മാര്‍ത്താണ്ഡം കായലില്‍ മിച്ചഭൂമിയായി കര്‍ഷകത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കറുകണക്കിനു ഭൂമി റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രിയും മകനും വാങ്ങിക്കൂട്ടിയാണ് നികത്തല്‍ നടക്കുന്നതെന്നാണ് ആരോപണം. ആലപ്പുഴയില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് റിസോര്‍ട്ട് വരെയുള്ള 400 മീറ്റര്‍ മാത്രം ടാര്‍ ചെയ്തുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നതായി ആരോപിക്കപ്പെട്ട അഴിമതികള്‍ക്കെതിരേ വന്‍ പ്രചാരണം നടത്തിയാണ്  ഇടതു മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വന്നത്. അധികാരം ഏറ്റെടുത്ത് ഏതാനും ആഴ്ചകള്‍ക്കകം തന്നെ സിപിഎമ്മിലെ പ്രമുഖ അംഗത്തിന് അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടിവന്നു. ആ ദുര്യോഗം തുടര്‍ന്നും ആവര്‍ത്തിക്കപ്പെട്ടു. നയങ്ങളിലും നിലപാടുകളിലും ഒരേ ദിശയെ പ്രതിനിധാനം ചെയ്യുന്ന അധികാര പങ്കുവയ്പിന്റെ രണ്ടു വ്യത്യസ്ത മുഖങ്ങള്‍ എന്നതിലപ്പുറം രണ്ടു മുന്നണികള്‍ക്കും തമ്മില്‍ ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലെന്ന ചിരകാലാനുഭവത്തിന് ഈ സംഭവം മറ്റൊരു ഉദാഹരണം കൂടിയായി എന്നേയുള്ളൂ. ഇ പി ജയരാജന്റെ കാര്യത്തില്‍ നടന്നതുപോലെ ഒരു അന്വേഷണ പ്രഹസനത്തിലൂടെ ഏതു കരിങ്കുയിലിനെയും വെളുപ്പിച്ചെടുക്കുന്ന വിദ്യയില്‍ ഇരുമുന്നണികളും ഒരുപോലെ വിദഗ്ധരാണെന്നിരിക്കെ ഈ വിഷയത്തിലും മറിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമുണ്ടെന്നു തോന്നുന്നില്ല. ജനങ്ങള്‍ മാറിച്ചിന്തിക്കാന്‍ തയ്യാറാവുക മാത്രമാണ് പരിഹാരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss