|    Jan 19 Thu, 2017 10:11 am

തോന്നല്‍, അതല്ലേ എല്ലാം

Published : 1st October 2016 | Posted By: SMR

slug-nattukaryamതോന്നുക എന്നത് വല്ലാത്തൊരു അവസ്ഥാവിശേഷമാണ്. സംശയാസ്പദമായ സാഹചര്യത്തില്‍ ചിലരെ പോലിസ് പിടികൂടാറുണ്ടല്ലോ! അതിന്റെ സ്രോതസ്സും തോന്നലാണ്. തോന്നല്‍ ചിലപ്പോള്‍ ശരിയാവാം. മറ്റു ചിലപ്പോള്‍ തോന്നല്‍ കൂട്ടത്തല്ലില്‍ വരെ കലാശിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ തോന്നലിന്റെ അടിസ്ഥാനശിലയെ ആശ്രയിച്ചിരിക്കുന്നു അതിന്റെ ഭാവി. തോന്നല്‍ അനുഭവിക്കാത്ത ആരുണ്ട് ഈ ഭൂമുഖത്ത്? ഇത് കുറേക്കൂടി വിശദീകരിക്കേണ്ടതുണ്ട്. ഉദാഹരണമായി റോഡരികില്‍ സഹോദരീസഹോദരന്മാര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നു വയ്ക്കുക. അതിലെ നടന്നുപോവുന്ന ഒരുത്തന് പെട്ടെന്ന് ഒരു തോന്നലുണ്ടാവുന്നു. ഇവറ്റകള്‍ ശരിയല്ല. പട്ടാപ്പകല്‍ ഇങ്ങനെയാവാമോ? ചങ്ങായ് വഴിയില്‍ കണ്ട മറ്റൊരു ഏണിവാലനോട് ഇപ്രകാരം പറയുന്നു: ”അതാ ആ നില്‍ക്കുന്ന ആണും പെണ്ണും സമൂഹത്തെ വെല്ലുവിളിക്കുകയാണ്. സദാചാര പോലിസുകാരായ നമുക്ക് പ്രതികരിക്കാന്‍ സമയമായി.” ഉടനെ കൊച്ച് ആള്‍ക്കൂട്ടം രൂപംകൊള്ളുന്നു. പിന്നെ ചോദ്യംചെയ്യലായി. തല്ലലായി. സഹോദരനും സഹോദരിയും ആശുപത്രിയിലായി. അരുമയും എരുമയുമായ സദാചാര പരിഷകള്‍ ഇരുമ്പഴികള്‍ക്കുള്ളിലുമായി എന്ന് പ്രത്യേകം പറയേണ്ടതുമുണ്ടല്ലോ! എല്ലാം ഒരു തോന്നലില്‍നിന്ന് ഉദ്ഭവിച്ചതാണെന്ന് ഓര്‍ക്കുകയാണു പ്രധാനം.
മുറിമൂക്കന്‍ രാഷ്ട്രീയ വിശാരദന്മാര്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന തോന്നലിന് മേല്‍പ്പറഞ്ഞ തോന്നലുമായി ബന്ധമൊന്നുമില്ല. ഇത് അന്തസ്സുള്ള തോന്നലാണ്. സദാചാരപ്രശ്‌നം ഇതില്‍ ലവകുശലേശമില്ല. മുഖ്യമന്ത്രി പിണറായി വിജയന് സംഭവിച്ച മനോഹരമായ ഒരു തോന്നലില്‍ പിടിച്ചാണല്ലോ ഇപ്പോള്‍ ചാനലുകള്‍ റേറ്റിങ് കൂട്ടുന്നത്.
ഒരു അന്താരാഷ്ട്ര ഗൂഢാലോചന ഇതില്‍ അടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ തോന്നല്‍ യാഥാര്‍ഥ്യം തന്നെയാണ്. തോന്നല്‍ തെറ്റിപ്പോയെന്ന് അദ്ദേഹത്തിന് അഭിപ്രായമില്ലാത്തത് അതുകൊണ്ടാണ്. പിണറായിക്കെതിരേ കരിങ്കൊടി കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് ധൈര്യമൊന്നുമില്ല. എന്നാല്‍, വാടകയ്‌ക്കെടുക്കുന്നവരെക്കൊണ്ട് കരിങ്കൊടി കാണിക്കാന്‍ ചാനലുകള്‍ക്കു കഴിയും. അക്കാര്യത്തില്‍ അവര്‍ക്ക് മുന്‍പരിചയം മുതല്‍ക്കൂട്ടായുണ്ട്. അതിനാല്‍ കരിങ്കൊടി കാണിച്ചത് വാടകക്കാര്‍ തന്നെയാണെന്ന് മുഖ്യമന്ത്രി കരുതുന്നതില്‍ തെറ്റുണ്ടോ?
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഫീസ് കണ്ടമാനം കൂട്ടിയതിനെതിരേയാണ് കെഎസ്‌യു പിള്ളാരും യൂത്തന്മാരും മൂക്കൊലിപ്പിക്കുന്നത്. പോലിസിനോട് തല്ല് ഇരന്നുവാങ്ങുന്നതിലപ്പുറം സ്‌ട്രോങ്ങായ സമരം നടത്താന്‍ അവര്‍ക്ക് പാങ്ങില്ല. അങ്ങനെയിരിക്കെയാണ് വാര്‍ത്തയ്ക്ക് കൊഴുപ്പുകൂട്ടാന്‍ ചാനലുകള്‍ കരിങ്കൊടി സഹിതം രണ്ടുപേരെ വാടകയ്‌ക്കെടുത്തത്. ചെലവ് ഇച്ചിരി കൂടിയാലും വേണ്ടില്ല, കരിങ്കൊടിയില്ലെങ്കില്‍ ഇനി ഒരിഞ്ച് മുമ്പോട്ടുപോവാനാവില്ല എന്ന ഘട്ടത്തിലാണ് അതു സംഭവിച്ചത്. ഗുണ്ടകളുടെ കൊച്ചിയിലും കോയാക്കാന്റെ കോയിക്കോട്ടും ചാനലുകള്‍ക്ക് കരിങ്കൊടിയും ശരീരവും വാടകയ്ക്ക് നല്‍കുന്ന ചില ഘടാഘടിയന്മാരുണ്ടത്രെ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(മാര്‍ക്‌സിസ്റ്റ്)യുടെ ചുവപ്പുസേന ഇവന്മാരെ കണ്ടെത്താന്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ഡിറ്റക്റ്റീവുകളെ സമീപിച്ചതായി റിപോര്‍ട്ടുകളുണ്ട്.
അപ്പോഴാണ് എട്ടുകാലി മമ്മൂഞ്ഞിനെ അനുസ്മരിപ്പിച്ചുകൊണ്ട് അത് ഞമ്മളാണെന്ന മട്ടില്‍ കരിങ്കൊടിയുടെ പിതൃത്വം യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ഏറ്റെടുത്തത്. എന്നാല്‍, ധീരനായ സുധീരനും ചെന്നിയില്‍ തലയുള്ള രമേശനും മുഖ്യമന്ത്രിയുടെ വാടക പരാമര്‍ശത്തില്‍ രോഷാകുലരാണത്രെ. രോഷംകൊള്ളട്ടെ. കോണ്‍ഗ്രസ്സുകാര്‍ വികാരരഹിതരാണെന്ന് ഇനിയാരും പറയില്ലല്ലോ! മുഖ്യമന്ത്രി തനിക്ക് തോന്നിയതു പറഞ്ഞു. എന്നാല്‍, തോന്നലുകള്‍ വിളിച്ചുപറയാനുള്ളതല്ല നിയമസഭ എന്ന് ചെന്നി കണ്ടുപിടിച്ചിരിക്കുന്നു. തോന്നാത്ത കാര്യം എങ്ങനെ വിളിച്ചുപറയാന്‍ കഴിയുമെന്ന് ചങ്ങാതി വിശദീകരിച്ചുകണ്ടില്ല. വിശ്വാസമല്ലേ എല്ലാം എന്ന മഹദ് വാക്യത്തിന് ഒരു തിരുത്ത് ആവശ്യമാണ്. തോന്നല്‍, അതല്ലേ എല്ലാം എന്നല്ലേ യഥാര്‍ഥത്തില്‍ വേണ്ടത്. സ്വാശ്രയ കോളജുകളില്‍ സര്‍ക്കാര്‍ ഫീസ് കൂട്ടി എന്നത് ഒരു തോന്നലായിക്കൂടേ? സ്വാശ്രയ കോളജ് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചു എന്നത് വെറും തോന്നലല്ലേ! തിരുവനന്തപുരത്ത് മൂക്കൊലിക്കുന്ന പിള്ളാര്‍ക്ക് പോലിസിന്റെ ഇടികിട്ടി എന്നതും സൂപ്പര്‍ തോന്നലാണ്. നിയമസഭാ കവാടത്തിനു മുമ്പില്‍ മൂന്ന് എംഎല്‍എമാര്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങിയെന്നാണല്ലോ ഗോളാന്തര വാര്‍ത്ത. യഥാര്‍ഥത്തില്‍ അങ്ങനെയൊരു സമരം നടക്കുന്നില്ല.
തോന്നലായാലും അതോന്നലായാലും ഫീസ് കുറയ്ക്കുമെന്ന് തലയില്ലാത്ത പ്രതിപക്ഷം സ്വപ്‌നം കാണേണ്ട. അതെന്തുമാവട്ടെ, ചോരയാക്കാമെന്നു കരുതി നിങ്ങള്‍ ചുവന്ന മഷി മടിയില്‍ കരുതി മുദ്രാവാക്യം വിളിച്ചത് ശരിയായോ? ചെന്നിയും കൂട്ടരും അതിന് സമാധാനം പറയുകതന്നെ വേണം. അഥവാ ചുവന്നമഷി ഒരു തോന്നലാണെന്നു വരുമോ? എല്ലാം ഒരു മായ എന്നല്ലാതെ എന്തു പറയാന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക