|    Jan 22 Sun, 2017 3:37 pm
FLASH NEWS

തോന്നലിനും വേണം നിയമപരിരക്ഷ

Published : 2nd October 2016 | Posted By: SMR

slug-madhyamargamമലയാള ഭാഷയില്‍ എവിടെയോ കിടന്നിരുന്ന തോന്നലിന് പൊടുന്നനെ വലിയ പവറും പത്രാസും കൈവന്നിരിക്കുന്നു. ചളിക്കുണ്ടില്‍ കിടന്നിരുന്ന പരനാറിക്ക് കിട്ടിയ സൗഭാഗ്യം ഇല്ലെങ്കിലും അതിനു തൊട്ടുതാഴെ തോന്നലും വന്നുകൂടിയിരിക്കുകയാണ്. തലപൊക്കമുള്ളവര്‍ ചില വാക്കുകള്‍ കൈകാര്യം ചെയ്താല്‍ വാക്കുകള്‍ക്ക് ലോട്ടറിയാണ് അടിക്കുന്നത്.
തോന്നല്‍ തികച്ചും സ്വകാര്യമായ ഒന്നാണ്. എനിക്കു തോന്നുന്നത് എന്നു പറഞ്ഞുകേള്‍ക്കാറുണ്ട്. ഞങ്ങള്‍ക്കു തോന്നുന്നത്, സമൂഹത്തിനു തോന്നുന്നത്, രാജ്യത്തിനു തോന്നുന്നത്, പാര്‍ട്ടിക്കു തോന്നുന്നത്, മന്ത്രിസഭയ്ക്ക് തോന്നുന്നത് എന്നൊന്നും ആരും പറഞ്ഞുകേട്ടിട്ടില്ല. തോന്നല്‍ ആരും നേരിട്ട് കാണുകയില്ല. സത്യം, യാഥാര്‍ഥ്യം എന്നിവയോട് വളരെ അകലത്തിലാണ് ഈ വിരുതന്‍ എന്ന് അറിയണം. ഒരു മനുഷ്യനെ കാണുമ്പോള്‍ അത് മനുഷ്യനാണ് എന്നത് യാഥാര്‍ഥ്യം. അത് കുരങ്ങനാണ് എന്ന് ഒരാള്‍ക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ അവകാശമാണ്. അങ്ങനെ തോന്നാന്‍ നമ്മുടെ ജനാധിപത്യവ്യവസ്ഥയില്‍ സ്വാതന്ത്ര്യമുണ്ട്.
തോന്നലിന്റെ മൂത്ത സഹോദരനാണ് സ്വപ്‌നം. യാതൊരു അസുഖവുമില്ലാത്ത ആരോഗ്യവാനായ ഒരാള്‍ താന്‍ മരിച്ചുപോയി എന്ന് സ്വപ്‌നം കാണുകയോ തോന്നുകയോ ചെയ്താല്‍ ബാക്കിയുള്ളവരാണ് വിഷമിക്കുക. കാണുമ്പോഴും സംസാരിക്കുമ്പോഴും തൊട്ടുനോക്കുമ്പോഴും അയാള്‍ക്ക് ജീവനുണ്ട്. തോന്നലിലെ മൃതദേഹം എഴുന്നേറ്റു നടക്കുന്നു.
തോന്നലിന് ചിട്ടവട്ടങ്ങളൊക്കെയുണ്ട്. വെറുതെ ആര്‍ക്കും ഒന്നും തോന്നുകയില്ല. മനസ്സില്‍ വിചാരിക്കുന്നതും ദൈനംദിന ജീവിതത്തില്‍ ചെയ്തുവരുന്നതുമായ കാര്യങ്ങളാണ് എപ്പോഴും തോന്നുക. അതിനൊരു അടിസ്ഥാനമുണ്ട്. ഒരു മോഷ്ടാവിന് താന്‍ എപ്പോഴും പോലിസിന്റെ പിടിയിലാണെന്നു തോന്നും. നിത്യേന ലോട്ടറി ടിക്കറ്റ് എടുക്കുന്ന ഒരാള്‍ക്ക് താന്‍ കോടീശ്വരനായി എന്നു തോന്നും. ഒരു രാഷ്ട്രീയപ്രവര്‍ത്തകന് താന്‍ എംഎല്‍എയും മന്ത്രിയുമായതായി തോന്നാം. പ്രേതവിശ്വാസികള്‍ക്ക് പ്രേതങ്ങളെ കണ്ടതായി തോന്നാം.
തോന്നലുകള്‍ അനുസരിച്ച് ജീവിതം മുന്നോട്ടുനീക്കുന്നവരുണ്ട്. അവരില്‍ ഭൂരിഭാഗവും ഊളന്‍പാറയിലും കുതിരവട്ടത്തുമാണ് ഉള്ളത്. ചിലരൊക്കെ പിച്ചും പേയും പറഞ്ഞ് തെക്കുവടക്ക് നടക്കുന്നുണ്ട്. ദീര്‍ഘനാളത്തെ ചികില്‍സകൊണ്ട് ഈ തോന്നല്‍രോഗം മാറ്റിയെടുക്കാന്‍ കഴിയുമത്രെ! ഇതൊന്നും പരമു കെട്ടിയുണ്ടാക്കി പറയുന്നതല്ല. ഓരോരുത്തര്‍ക്കും എന്തൊക്കെ ഓരോ ദിവസവും തോന്നുന്നുണ്ട്.
നമ്മുടെ മന്ത്രിസഭയ്ക്ക് ഒന്നു തോന്നിപ്പോയതാണ് ഇവിടെ പ്രശ്‌നം. ആ പാലുപോലത്തെ മനുഷ്യന്‍ എന്തുണ്ട് ഒരു ഗുണം സംസ്ഥാനത്തിനു ചെയ്യാന്‍ എന്ന് ആലോചിച്ച് തല പുണ്ണാക്കുന്നു. നിങ്ങളെ വിചാരിച്ച് അദ്ദേഹത്തിന് ഊണുണ്ടോ? ശരിയായ ഉറക്കമുണ്ടോ? പണ്ടൊരു കവി പറഞ്ഞതുപോലെ ”പെരുത്തു നൂറ്റാണ്ടിനിടയ്‌ക്കൊരിക്കല്‍” മാത്രമേ ഇങ്ങനെയുള്ള മുഖ്യനെ നമുക്ക് കിട്ടുകയുള്ളൂ. അദ്ദേഹത്തെ കറുത്ത കൊടി കാണിക്കുക (കരിങ്കൊടി എന്ന വാക്കു തന്നെ കമ്മ്യൂണിസ്റ്റുകള്‍ കണ്ടുപിടിച്ചതാണ്), ആകാശത്തേക്കു നോക്കി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുക. മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു കാണാന്‍ പാടില്ലാത്തത് കണ്ടും കേട്ടും കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് തോന്നലുണ്ടായി. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തോന്നല്‍ വരാന്‍ അധിക താമസമുണ്ടാവില്ല. പെട്ടെന്നു വരും. തോന്നലുമായി ഉറ്റസൗഹൃദബന്ധം അദ്ദേഹം പുലര്‍ത്തിപ്പോരുന്നുമുണ്ട്. അതെല്ലാം വാടകക്കാരാണെന്ന് അദ്ദേഹത്തിനു തോന്നി. ഹൃദയഭിത്തിയില്‍ കുറേ വാടകക്കാരെ ചില്ലിട്ടു സൂക്ഷിച്ചുവച്ചതുകൊണ്ടായിരിക്കണം അങ്ങനെ തോന്നിയതെന്ന് അനുമാനിക്കണം. കൊടി സുനി, കിര്‍മാണി മനോജ് തുടങ്ങിയ എണ്ണം പറഞ്ഞ വാടകക്കാര്‍ ജയിലില്‍ സുഖിച്ചു ജീവിക്കുന്നതിനെപ്പറ്റി സദാനേരവും ഓര്‍മിക്കുന്നതുകൊണ്ട് ഇത്തരം വാടകക്കാരെ തോന്നുന്നത് സ്വാഭാവികമാണ്.
തോന്നിയത് വാടകക്കാര്‍ എന്നു പറഞ്ഞ് മുഖ്യമന്ത്രി വാതിലടച്ചാല്‍ ജനം കുടുങ്ങിപ്പോയേനെ. വാടകക്കാരെ പണം കൊടുത്ത് ഏല്‍പിച്ചവരെക്കുറിച്ചും മുഖ്യമന്ത്രിക്ക് തോന്നല്‍ ഉണ്ടായത് വലിയ രക്ഷയായി. തന്റെ ചുറ്റും കൂടിനില്‍ക്കുന്ന ചാനലുകാരാണ് വാടകക്കാരെ ഏര്‍പ്പാടാക്കിയതെന്നും ഭാഗ്യത്തിന് അദ്ദേഹത്തിനു തോന്നി. പ്രതിപക്ഷത്താവുമ്പോള്‍ ചാനലുകാര്‍ വളഞ്ഞിട്ട് ആക്രമിച്ചതിന്റെ മധുരിക്കുന്ന ഓര്‍മകള്‍ അദ്ദേഹത്തിനു സ്വന്തമായുണ്ട്. അതിനാല്‍ ആ തോന്നല്‍ ഒരു തെറ്റല്ല. അതുതന്നെയാണ് തോന്നേണ്ടതും. അനുഭവം എന്ന ഗുരുനാഥനില്‍നിന്നാണ് തോന്നല്‍ രൂപപ്പെട്ട് വരുന്നതത്രെ!
തോന്നലിനു കാരണം മുന്‍ അനുഭവങ്ങള്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. തോന്നല്‍ തെറ്റിപ്പോയിട്ടുണ്ടോ എന്ന് ചില പത്രക്കാര്‍ക്ക് സംശയം. അവരത് മുഖ്യമന്ത്രിയുടെ സ്റ്റാഫിനോട് ചോദിച്ചുനോക്കി. ഇല്ല, തെറ്റിപ്പോയിട്ടില്ല. തോന്നല്‍ അക്ഷരംപ്രതി ശരി. അതിനു നിയമപരിരക്ഷ ആവശ്യമാണ്. മുഖ്യമന്ത്രി പോലിസ് മന്ത്രി കൂടിയാണല്ലോ. നിരപരാധികള്‍ പ്രതികളാണെന്നു തോന്നിയാല്‍ അവര്‍ അകത്താവും. കൊടും കുറ്റവാളികള്‍ ഒന്നും ചെയ്യാത്ത സത്യസന്ധരാണെന്നു തോന്നിയാല്‍ അവര്‍ രക്ഷപ്പെട്ടുപോവും.
സ്റ്റേഷനില്‍ എത്തുന്ന പരാതികളില്‍ ഓരോ പോലിസുകാരനും തോന്നുന്നതു തന്നെയാണ് ഇപ്പോഴും രേഖപ്പെടുത്തിവയ്ക്കുന്നത്. പക്ഷേ, തെറ്റിപ്പോവാത്ത ഈ തോന്നലില്‍ ഒരന്വേഷണം പ്രഖ്യാപിച്ചാലും അന്വേഷണം നടന്നാല്‍ തോന്നല്‍ തന്നെയാണ് ജയിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക