|    Apr 20 Fri, 2018 10:17 pm
FLASH NEWS

തോട്ടുമ്പള്ള ജനകീയ സമരം 500 ദിവസം പിന്നിട്ടു

Published : 21st October 2016 | Posted By: SMR

സുനു ചന്ദ്രന്‍ ആലത്തൂര്‍
ആലത്തൂര്‍: പഴമ്പാലക്കോട് തോട്ടുമ്പള്ള എല്ലു പൊടി ഫാക്ടറിക്കെതിരേ ആരംഭിച്ച രണ്ടാം ഘട്ട ജനകീയ സമരം അഞ്ഞൂറ്റി പത്ത്്് ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ന് സമരം 511ാം ദിവസത്തേക്ക് കടക്കും. തോട്ടുമ്പള്ള ന്യൂ ദീപം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രദേശവാസികള്‍ സമരം ആരംഭിച്ചത്. ഈ സരത്തെ പൊതു ജന മധ്യത്തില്‍ എത്തിച്ചത്് തേജസാണ്. തോട്ടുമ്പള്ളയില്‍ പ്രവര്‍ത്തിക്കുന്ന ബോണ്‍ മില്‍സ് ഇന്‍ഡ്യാന എന്ന എല്ലുപൊടി ഫാക്ടറിയും സമീപത്ത് തന്നെയുള്ള ഗായത്രി റോക്ക് പ്രൊഡക്ട്‌സ് ഗ്രൂപ്പ് ക്രഷര്‍ കമ്പനികളും ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം പ്രദേശത്തെ ജനങ്ങള്‍ വര്‍ഷങ്ങളായി ദുരിതമനുഭവിക്കുകയാണ്. മൃഗങ്ങളുടെ എല്ല് പുഴുങ്ങി പൊടിച്ച് എല്ലു പൊടി വളം നിര്‍മിക്കുന്ന പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. ഇവിടെ നിന്നുള്ള ദുര്‍ഗന്ധം അസഹനീയമായെന്നും പ്രദേശത്തെ ജനങ്ങള്‍ക്ക് ആസ്മ രോഗവും ശ്വാസകോശ തടസവും അലര്‍ജിയും മറ്റ്്് രോഗങ്ങളും തുടര്‍ക്കഥയായതോടെയാണ് ജനകീയ സമരം ആരംഭിച്ചത്. ജനകീയ സമരത്തെ തുടര്‍ന്ന് തരൂര്‍ പഞ്ചായത്ത് ലൈസന്‍സ് റദ്ദ് ചെയ്തു. പിന്നീട് കാലാവധി കഴിഞ്ഞപ്പോള്‍ ലൈസന്‍സ് പുതുക്കി നല്‍കിയതുമില്ല. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണ ശാല വിപുലീകരിച്ചെന്നും ആരോപണം ഉയര്‍ന്നു. കെട്ടിടം പൊളിച്ചുനീക്കാനു ം പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു.സമരത്തിനൊപ്പം നിയമയുദ്ധവും നടന്നു വരികയാണ്.  പഞ്ചായത്ത് നല്‍കിയ ഉത്തരവുകള്‍ക്കെതിരെ തദ്ദേശ സ്വയം ഭരണ ട്രിബ്യൂണലില്‍ ഉടമകള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സമര സമിതിയും സ്വകാര്യ വ്യക്തികളും കോടതികളില്‍ കേസ് നടത്തുന്നു.പോലിസ് കേസുകളും ഉണ്ട്. ഹൈക്കോടതി ഉത്തരവു പ്രകാരം കമ്പനിക്ക് 2016 സപ്തംബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെ നിബന്ധനകളോടെ പരീക്ഷണ ഓട്ടം നടത്താന്‍  അനുമതിയുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗ്രാമപ്പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവയുടെ മേല്‍നോട്ടത്തിലാണിത്. മൂന്ന് മാസത്തെ പരീക്ഷണ യോട്ടം നിരീക്ഷിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയോ ഇല്ലയോ എന്ന് കോടതിയെ അറിയിക്കണം. എല്ലുപൊടി ഫാക്ടറിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ കോടത്തൂര്‍, പട്ടിപ്പറമ്പ്, കുതിരപ്പറമ്പ് പഴമ്പാലക്കോട് തോട്ടുമ്പള്ള , ആശൂപത്രിപ്പടി, തരൂര്‍ പള്ളി തുടങ്ങിയവടത്തെ സാധാരണ ജനങ്ങള്‍ക്കാണ് ഇത് ദുരിതമാവുന്നത്. എല്ലുപൊടി ഫാക്ടറി വളപ്പി ല്‍ ഇതേ മാനേജ്‌മെന്റിന്റെ പാറപ്പൊടി നിര്‍മാണ ശാലയും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഇതും അടച്ചിട്ടിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss