|    Sep 20 Wed, 2017 8:19 pm
FLASH NEWS

തോട്ടപ്പള്ളി തുറമുഖത്ത് സംഘര്‍ഷം; മണലെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ മല്‍സ്യത്തൊഴിലാളികള്‍ തടഞ്ഞു

Published : 6th October 2016 | Posted By: Abbasali tf

അമ്പലപ്പുഴ: തോട്ടപ്പള്ളി തുറമുഖത്ത് ഡ്രഡ്ജ്  ചെയ്ത് മണലെടുക്കാനെത്തിയ ഐആര്‍ഇ ഉദ്യോഗസ്ഥരെ മല്‍സ്യത്തൊഴിലാളികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ രാവിലെയാണ് വന്‍പോലിസ് സന്നാഹത്തോടെ ഐആര്‍ഇ ഉദ്യോഗസ്ഥര്‍ മണലെടുക്കാനെത്തിയത്. മല്‍സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഉദ്യോഗസ്ഥര്‍ മണലെടുക്കാതെ മടങ്ങി. ഒരാഴ്ചയ്ക്കിടയില്‍ ഇത് രണ്ടാംതവണയാണ് ഐആര്‍ഇ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുന്നത്. പുലിമുട്ടിനുള്ളില്‍ അടിഞ്ഞുകൂടിയ മണല്‍ ട്രാവന്‍കൂര്‍ സിമന്റ്‌സാണ് ഡ്രഡ്ജ് ചെയ്ത് തുറമുഖത്തിന്റെ തെക്ക് ഭാഗത്തായി കൂട്ടിയിട്ടത്. ഈ മണല്‍ നീക്കം ചെയ്താല്‍ മാത്രമേ വീണ്ടും പുലിമുട്ടിനുള്ളില്‍ ഡ്രഡ്ജിങ് നടക്കൂ. ഈ സാഹചര്യത്തിലാണ് ഡ്രഡ്ജ് ചെയ്ത മണലെടുക്കാന്‍ ഐആര്‍ഇ രംഗത്തെത്തിയത്. 2014 മുതല്‍ ഐആര്‍ഇ കരിമണലെടുത്ത് കോടികള്‍ സമ്പാദിച്ചുവെങ്കിലും ഇതുവരെ ഹാര്‍ബര്‍ പ്രവര്‍ത്തനക്ഷമമായില്ല. ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനം യാഥാര്‍ഥ്യമാക്കിയ ശേഷം മാത്രമേ ഇനി ഐ ആര്‍ ഇ യെക്കൊണ്ട് മണലെടുപ്പിക്കൂ എന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. ഒരാഴ്ച മുമ്പും മണലെടുക്കാന്‍ ടിപ്പറുകളുമായെത്തിയ ഐആര്‍ഇ ഉദ്യോഗസ്ഥരെ മല്‍സ്യത്തൊഴിലാളികള്‍ തടഞ്ഞിരുന്നു. ഇന്നലെയും ഇതേ രീതിയില്‍ വന്‍ പോലിസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥര്‍ മണലെടുക്കാനെത്തിയത്. എന്നാല്‍ ധീവരസഭ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. തുടര്‍ന്ന് അമ്പലപ്പുഴ സിഐ എം വിശ്വംഭരന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതോടെ മണലെടുപ്പില്‍നിന്ന് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി. ഉദ്യോഗസ്ഥര്‍ പിന്തിരിയാതെ തങ്ങള്‍ മടങ്ങില്ലെന്ന് മല്‍സ്യത്തൊഴിലാളികളും പറഞ്ഞു. ഒടുവില്‍ ഡിവൈഎസ്പി ഷാജഹാന്‍ സംഭവസ്ഥലത്തെത്തിയതിന്‌ശേഷം ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പോലിസ് പിന്‍വാങ്ങി. ഇതിന് ശേഷമാണ് മല്‍സ്യത്തൊഴിലാളികള്‍ മടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കരിമണല്‍ ഖനനത്തിനെതിരേ തോട്ടപ്പള്ളിയില്‍ ശക്തമായ സമരം നടന്നിട്ടുണ്ട്. തുറമുഖത്തെ പുലിമുട്ടില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് 2014ല്‍ ഐആര്‍ഇ തോട്ടപ്പള്ളിയില്‍ എത്തിയത്. 20ന് തോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക