|    Jun 22 Thu, 2017 10:08 pm
FLASH NEWS

തോട്ടം മേഖലയിലെ എടിഎമ്മുകള്‍ കാലി ; പണമില്ലാതെ തൊഴിലാളികള്‍ വലയുന്നു

Published : 28th November 2016 | Posted By: SMR

തൊടുപുഴ: തോട്ടം മേഖലയില്‍ എടിഎം കൗണ്ടറുകളില്‍ പണമില്ലാതായിട്ട് നാല് ദിവസം കഴിഞ്ഞു. ബാങ്കുകള്‍ക്ക് ശനിയാഴ്ച അവധി കൂടിയായപ്പോള്‍ തോട്ടം തൊഴിലാളികളും വ്യാപാരികളും പണമില്ലാതെ ബുദ്ധിമുട്ടിലായി.കഴിഞ്ഞ വ്യാഴാഴ്ച തൊഴിലാളികളുടെ ശമ്പളവും ചെലവ് കാശും തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് മാറ്റിയെങ്കിലും മാസത്തിലെ നാലാം ശനി ബാങ്ക് അവധിയാക്കിയ കാര്യം തൊഴിലാളികള്‍ക്ക് അറിയില്ലായിരുന്നു.എന്നാല്‍ എടിഎമ്മില്‍ നിന്ന് കിട്ടുന്ന പണം പിന്‍വലിക്കാമെന്ന് വിചാരിച്ച് എത്തിയവര്‍ക്കും നിരാശയായിരുന്നു ഫലം.കഴിഞ്ഞ നാല് ദിവസമായി പീരുമേട്,കുട്ടിക്കാനം,ഏലപ്പാറ എന്നിവിടങ്ങളിലെ എടിഎമ്മുകളിലൊന്നും പണമില്ല.ശനി ഞായര്‍ ബാങ്കുകളുടെ അവധിയും തിങ്കള്‍ ഹര്‍ത്താലും കഴിഞ്ഞ് ഇനി ചൊവ്വാഴ്ച മാത്രമാണ് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുക.ശമ്പളം ലഭിക്കാതിരുന്നതിനാല്‍ കടകളില്‍ നിന്ന് കടമായാണ് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിയിരുന്നത്.ശമ്പളം അക്കൗണ്ടില്‍ നല്‍കിയ സ്ഥിതിക്ക് ഇനി കടക്കാര്‍ സാധനം കടവും നല്‍കില്ല.അതിനാല്‍ പണം ഉണ്ടായിട്ടും പട്ടിണികിടക്കേണ്ട അവസ്ഥയിലാണ് പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍. നോട്ട് നിരോധനം മുതല്‍ തോട്ടം മേഖല സ്തംഭനാവസ്ഥയിലായിരുന്നു.തൊഴിലാളികള്‍ക്ക് ചെലവ് കാശും കഴിഞ്ഞമാസത്തെ ശമ്പളവും മുടങ്ങിയത് മുതല്‍ തൊഴിലാളികള്‍ ദുരിതത്തിലാണ്.പീരുമേട്ടിലെ എടിഎമ്മുകള്‍ പ്രവര്‍ത്തരഹിതമായത് വാഗമണ്‍ അടക്കമുള്ള വിനോദസഞ്ചാരമേഖലയെയും പ്രതികൂലമായി ബാധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക