|    Jul 29 Sat, 2017 12:36 am
FLASH NEWS

തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് നോട്ടിരട്ടിപ്പ് തട്ടിപ്പ് വ്യാപകമാവുന്നു

Published : 7th October 2016 | Posted By: Abbasali tf

കട്ടപ്പന: ജില്ലയില്‍ തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് നോട്ടിരട്ടി തട്ടിപ്പ് സംഘങ്ങള്‍ പിടിമുറുക്കുന്നു. വീടുവയ്ക്കുന്നതിനു പണം നല്‍കാമെന്ന വ്യാജേനയും ഇരട്ടി തുക നല്‍കാമെന്ന പേരിലും സംഘം കവര്‍ന്നത് ലക്ഷങ്ങള്‍. ഏലപ്പാറ മേഖലയില്‍ തട്ടിപ്പ് നടന്ന് ഒന്നര വര്‍ഷം പിന്നിട്ടിട്ടും നടപടികളില്ല. നിത്യവൃത്തിക്കായി രാപകലോളം തോട്ടം മേഖലകളില്‍ ജോലിയെടുക്കുന്ന എട്ടോളം തൊഴിലാളികളില്‍ നിന്നാണ് പ്രദേശത്തെ ചില പാസ്റ്റര്‍മാര്‍ പണം കവര്‍ന്നത്. 5 ലക്ഷം രൂപ നല്‍കാമെന്നും ഇതിലേക്കായി 5000 രൂപ അടയ്ക്കണമെന്നും ആണ് ആദ്യം ഇവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കുറെ നാളുകള്‍ക്കു ശേഷം പണം ശരിയായിട്ടുണ്ട്. അമ്പതിനായിരം രൂപ കൂടി നല്‍കണമെന്നായി. ഈ പണവും നല്‍കി. തമിഴ്‌നാട് ഉത്തമപാളയത്ത് വച്ച് ഇവര്‍ക്ക് പാസ്റ്റര്‍മാര്‍ ബാഗു നല്‍കി. പൂട്ടിയ ബാഗിന്റെ താക്കോല്‍ മറ്റൊരവസരത്തില്‍ നല്‍കാമെന്നാണ് അറിയിച്ചിരുന്നത്. അതനുസരിച്ച് താക്കോല്‍ മേടിക്കാന്‍ ചെന്നപ്പോള്‍ വീണ്ടും 5000 രൂപ കൂടി നല്‍കേണ്ടി വന്നു. ഈ സമയം ബാഗ് തുറന്നു നോക്കരുതെന്നാണ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് 20 ദിവസം കഴിഞ്ഞ് ബാഗ് തുറന്നു നോക്കിയപ്പോള്‍ കാണുന്നത് കുറച്ച് തമിഴ് പത്രങ്ങള്‍. ഈ കാര്യം ഇവരെ വിളിച്ച് ചോദിച്ചപ്പോള്‍ വേണേല്‍ കേസു കൊടുത്തോളാന്‍ പറഞ്ഞതായി തട്ടിപ്പിനിരയായ ആന്റണി പറഞ്ഞു. ൂന്ന് മാസം മുമ്പായിരുന്നു ആന്റണി അടക്കമുള്ള എട്ടോളം പേരില്‍ നിന്ന് പാസ്റ്റര്‍മാര്‍ അടക്കമുളള സംഘം പണം കവര്‍ന്നത്. ഒന്നര വര്‍ഷം മുമ്പ് ഏലപ്പാറ സ്വദേശിനിയായ ഫിലോമിന എന്ന വീട്ടമ്മയില്‍ നിന്ന് സംഘം പണം കവര്‍ന്നിരുന്നു. 50 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് ഇവരില്‍ നിന്നും എട്ട് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇതും സമാനമായ രീതിയില്‍ തന്നെയാണ്. ഈ സംഭവം ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ അറിയിച്ചിരുന്നതായി ഇവര്‍ പറയുന്നു. പരാതി നല്‍കിയെങ്കിലും നാളിതുവരെയായി നടപടി ഉണ്ടായിട്ടില്ല എന്ന് ഇവര്‍ പറയുന്നു. നോട്ട് ഇരട്ടിപ്പ് അടക്കമുള്ള തട്ടിപ്പു സംഘങ്ങളാണ് വിദ്യാഭ്യാസത്തില്‍ പിന്നില്‍ നില്‍ക്കുന്ന തോട്ടം തൊഴിലാളികളെ പറ്റിച്ചു കടന്നത്. എന്നാല്‍ നാളിതുവരെയായും അന്വേഷണം നടത്തുവാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക