|    Jan 17 Tue, 2017 2:31 pm
FLASH NEWS

തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പായി; മിനിമം കൂലി 301 രൂപ

Published : 15th October 2015 | Posted By: RKN

സ്വന്തം  പ്രതിനിധിതി

രുവനന്തപുരം: മിനിമം കൂലിവര്‍ധനയുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി 17 ദിവസമായി തോട്ടം തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികളുടെ മിനിമം കൂലി 232ല്‍ നിന്ന് 301 രൂപയാക്കി. ഒപ്പം കാപ്പിയുടെ കൂലി 301 രൂപയായും റബര്‍ മേഖലയില്‍ 317ല്‍ നിന്നു 381 ആയും ഏലത്തിന് 267ല്‍ നിന്നു 330 ആയും വര്‍ധിപ്പിച്ചു. തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. കൂലിവര്‍ധന സംബന്ധിച്ച് ധാരണയായതോടെ ഐക്യ ട്രേഡ് യൂനിയന്‍ നടത്തിവന്ന സമരം പിന്‍വലിച്ചതായി നേതാക്കള്‍ അറിയിച്ചു.

അടിസ്ഥാന വേതനവും ക്ഷാമബത്തയും കൂടി ഉള്‍പ്പെടുത്തിയാണ് 301 രൂപ നിശ്ചയിച്ചത്. ഉല്‍പ്പാദനക്ഷമത അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പിനു ശേഷം പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി (പിഎല്‍സി) യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഒരു മാസത്തിനകം റിപോര്‍ട്ട് ലഭിക്കുംവിധം പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏകാംഗ കമ്മീഷനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം നടത്തിയ ദിവസങ്ങളില്‍ തൊഴിലാളികള്‍ക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് അഡ്വാന്‍സ് തുക നല്‍കാന്‍ തോട്ടമുടമകളോട് നിര്‍ദേശിച്ചിട്ടുണ്ട്. യൂനിയനുകളുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഹാരിസണ്‍ മലയാളം ലിമിറ്റഡിലെ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച പ്രശ്‌നം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തില്‍ ഇന്നു തീരുമാനമുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവംബര്‍ 4ന് ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. അടിസ്ഥാന വേതനത്തിനും ഡിഎക്കും പുറമേ സ്റ്റാറ്റിയൂട്ടറി ബെനഫിറ്റ് കൂടി ലഭിക്കുമ്പോള്‍ 301 എന്നത് 436 രൂപയാവും. ഏലത്തിന് ഇത് 487ഉം റബറിന് 572ഉം കാപ്പിക്ക് 436 രൂപയുമാവും. രണ്ടു ദിവസമായി സര്‍ക്കാര്‍തലത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കൂലിവര്‍ധനയില്‍ ഭാഗികമായ ധാരണയായത്. സമരം നീണ്ടുപോവുന്നത് തോട്ടം മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന തിരിച്ചറിവില്‍ ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. അതേസമയം, മൂന്നാറില്‍ സമരം അവസാനിപ്പിച്ച ഐക്യ ട്രേഡ് യൂനിയന്‍ തൊഴിലാളികള്‍ തോട്ടം ഉടമകള്‍ അനുവദിച്ചാല്‍ ഇന്നു മുതല്‍  ജോലിക്കിറങ്ങും. പൊമ്പിളൈ ഒരുമൈ തൊഴിലാളികള്‍ ഇന്നു രാവിലെ 11ന് തീരുമാനം പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക