|    Aug 17 Thu, 2017 11:39 am
FLASH NEWS

തോട്ടം തൊഴിലാളികളുടെ കൂലി പ്രശ്‌നം പരിഹരിച്ചില്ല

Published : 4th November 2016 | Posted By: SMR

കാളികാവ്: തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും തോട്ടം ഉടമകള്‍ ഓര്‍ഡിനന്‍സ് നടപ്പാക്കിയില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും കൂടുതല്‍ റബര്‍ മരങ്ങള്‍ ടാപ്പിങ് നടത്താത്തതിനാലാണ് കൂട്ടിയ കൂലി ഇതുവരെ നല്‍കാത്തത്. ഒരു ബ്ലോക്കില്‍ 300 മരങ്ങള്‍ എന്നതില്‍ നിന്ന് 400 മരങ്ങള്‍ ടാപ്പിങ് നടത്തണമെന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥയാണ് തൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. 100 മരങ്ങള്‍ അധികം ടാപ്പിങ് നടത്തണമെന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥ നടപ്പാക്കുകയാണെങ്കില്‍ തൊഴിലാളികള്‍ക്ക് കൂലി കുറയുകയാണ് ചെയ്യുന്നതെന്നാണ് യൂനിയനുകള്‍ പറയുന്നത്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് 20 ദിവസത്തോളം പണിമുടക്കും റേഡ് ഉപരോധവും ഉള്‍പ്പടെയുള്ള സമരങ്ങള്‍ നടത്തിയിരുന്നു. 2014ല്‍ കാലാവധി തീര്‍ന്ന കൂലിയാണ് മുന്‍ സര്‍ക്കാര്‍ അവസാന ദിവസം ഓര്‍ഡിനന്‍സ് ഇറക്കി പുതുക്കി നിശ്ചയിച്ചത്. 1966 ലെ ചില വ്യവസ്ഥകളുദ്ധരിച്ച് ടാപ്പിങ് നടത്തേണ്ട മരം 400 ആയി നിശ്ചയിച്ചുവെന്ന് ഒര്‍ഡിനന്‍സില്‍ ചേര്‍ക്കുകയായിരുന്നു. ഈ വ്യവസ്ഥ നടപ്പാക്കിയാല്‍ മാത്രമേ പുതുക്കിയ കൂലി നല്‍കാനാവൂയെന്നാണ് ഉടമകളുടെ നിലപാട്. മലബാറിലെ അഞ്ചോളം എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ് ഇപ്പോള്‍ വിവധ രീതിയിലുള്ള സമരങ്ങള്‍ നടത്തുന്നത്. കോഴിക്കോട് റീജ്യനല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ അഞ്ചോളം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം ഉണ്ടായിട്ടില്ല. റബറിന് വിലയില്ലെന്നാണ് കമ്പനി മാനേജ്‌മെന്റ് പറയുന്ന വാദം. എന്നാല്‍, നഷ്ടത്തിന്റെ പേരില്‍ ഒരു വിഭാഗം തൊഴിലാളികള്‍ക്ക് മാത്രം അധ്വാന ഭാരം വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നും മലയോരത്ത് 300 മരം ടാപ്പിങ് നടത്തുന്നത് തന്നെ കഠിനമായ ജോലിയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഉയര്‍ന്ന ഉല്‍പാദന ക്ഷമതയുള്ള റബര്‍ മരങ്ങളാണ് വന്‍കിട എസ്റ്റേറ്റുകളിലുള്ളത്. ഇതിനു പുറമെ തൊഴിലാളികള്‍ക്ക് കൂലി കൊടുത്തിട്ടാണ് നഷ്ടം ഉണ്ടാവുന്നതെന്ന വാദവും ശരിയല്ലെന്ന് തൊഴിലാളി യൂനിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. തോട്ടം തൊഴിലാളികള്‍ക്ക് സമരകാലത്ത് മുന്‍ സര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതും നല്‍കിയില്ല. ഇതിനിടെ തോട്ടം തൊഴിലാളികളുടെ കൂലി പ്രശ്‌നവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ യൂനിയനുകള്‍ മാത്രം നടത്തുന്ന സമര പരിപാടികള്‍ക്ക് ശക്തി പകരാനും ശാശ്വതമായ പരിഹാരം കാണുന്നതിനും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ഇടപെടണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതേസമയം, റബറിന്റെ ഉല്‍പാദന ചിലവ് കുറച്ചില്ലെങ്കില്‍ വ്യവസായം നിലനിര്‍ത്താന്‍ സാധിക്കില്ലെന്നാണ് കമ്പനിയുടെ വാദം. ഇതിനിടെ ചില തോട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ബോണസും നല്‍കിയിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക