|    Oct 23 Tue, 2018 11:49 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

തോക്ക് വ്യാപാരത്തിന്റെ സമകാല പ്രസക്തി

Published : 17th September 2017 | Posted By: mi.ptk

കുന്നത്തൂര്‍  രാധാകൃഷ്ണന്‍
എഴുത്തിന്റെ ലോകത്തേക്കു കടക്കുമ്പോള്‍ കോരന് പല സ്വപ്‌നങ്ങളുമുണ്ടായിരുന്നു. അസഹിഷ്ണുത മുഖമുദ്രയാക്കിയ ഭരണകൂടത്തിനെതിരേ പരമാവധി ആഞ്ഞടിക്കുക എന്നതായിരുന്നു ഒന്ന്. പ്രസംഗകനെന്ന നിലയില്‍ പേരെടുക്കണം എന്നതായിരുന്നു രണ്ടാമത്തെ സ്വപ്‌നം. അതു കഴിഞ്ഞാല്‍ കഥ, കവിത, നോവല്‍, നിരൂപണം എന്നീ മേഖലകളിലേക്കു കടക്കാം. പുരോഗമന സാഹിത്യകാരന്‍ എന്ന പട്ടം കിട്ടുന്നതോടെ കോരന്റെ ശബ്ദത്തിന് അന്താരാഷ്ട്ര മാനം കൈവരും. സ്വന്തമായ ഭാഷയും ശൈലിയും പ്രമേയവും ജന്മസിദ്ധമായതിനാല്‍ കോരന്‍ മേല്‍പ്പറഞ്ഞ പലതിലും വിജയം കണ്ടു. മൗലികത എന്നാല്‍ എന്താണെന്നു നാട്ടുകാരെ പഠിപ്പിച്ചു. അങ്ങനെ ജനങ്ങളുടെ ഹീറോ ആയി മാറി. അങ്ങനെ പലരുമുണ്ടല്ലോ. മേല്‍പ്പറഞ്ഞതില്‍ എന്താണു പുതുമ എന്നു വായനക്കാര്‍ ചോദിക്കും. ചോദിക്കട്ടെ. ചോദ്യങ്ങളില്ലെങ്കില്‍ യുക്തി മുരടിച്ചുപോവും എന്ന് റൊമീല ഥാപ്പറോ മറ്റോ പറഞ്ഞിട്ടുണ്ടല്ലോ! കോരന്റെ സ്ഥിതി വ്യത്യസ്തമാണ്. ഒന്നാമത്, കോരന്‍ നിര്‍ണായകഘട്ടത്തില്‍ മാളത്തിലേക്കു വലിയുന്നവനല്ല. വെട്ടൊന്ന് മുറി രണ്ട് എന്ന മട്ടില്‍ പ്രസംഗിക്കും. അസഹിഷ്ണുത, പശുവാദം, ചുടുവാതം, ആമവാതം, പതിനായിരം കൊല്ലം മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന ക്ലോണിങ്, അന്നത്തെ ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറി, പുഷ്പകവിമാനം എന്നിവയൊക്കെ പിണ്ഡം വച്ച് ചാണകം തളിക്കാന്‍ സമയമായി എന്ന് എഴുതും. കാവിപുതച്ച് ഭാരത് പിതാ കീ ജയ് എന്നു വിളിക്കുന്ന ചിലര്‍ക്ക് കോരന്റെ ചെയ്തികള്‍ ദഹിക്കുന്നില്ല. കോരന്‍ പ്രസംഗിക്കുന്നിടത്ത് അവര്‍ മുറുമുറുപ്പു തുടങ്ങി. ഫേസ്ബുക്കില്‍ കോരനെ ആധുനിക യമകണ്ടനും കാലനും പാക് ചാരനും രാജ്യദ്രോഹിയും ദുഷ്ടശക്തികളുടെ കിങ്കരനുമാക്കി പ്രചാരണം നടന്നു. ചങ്ങായ് അതൊന്നും കാര്യമാക്കിയില്ല. ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവര്‍ മേഘങ്ങള്‍ക്കപ്പുറത്തേക്ക് ഓര്‍ക്കാപ്പുറത്ത് മറഞ്ഞപ്പോള്‍, അതൊന്നും ഈ ശെയ്ത്താന്റെ നാട്ടിലല്ലല്ലോ എന്നോര്‍ത്ത് സമാധാനിച്ചു. നോട്ട് നിരോധനത്തിനെതിരേ എം ടി വാസുദേവന്‍നായര്‍ ചാട്ടവാറെടുത്തപ്പോള്‍ കോരന്‍ ആഹ്ലാദംകൊണ്ട് തുള്ളിച്ചാടി. എംടിയെ അനുകരിച്ച് ഒരുപാടിടങ്ങളില്‍ പ്രസംഗിച്ചു. അപ്പോള്‍ കൈയടിക്കൊപ്പം തെരുവുകളില്‍ കോരന്‍വിരുദ്ധ വികാരവും ദൃഢമായി. കോരന്റെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. മേമ്പൊടിക്കായി പടക്കങ്ങളും പൊട്ടിത്തെറിച്ചു. കളി കാര്യമാവുന്നതു തിരിച്ചറിഞ്ഞ കോരനില്‍ ഭീരുത്വം അരിച്ചുകയറി. അങ്ങനെയിരിക്കെ, അജ്ഞാതന്‍ എന്ന മഹാന്റെ വാറോല കിട്ടി: ”ഇയ്യ് ഇപ്പണി തുടങ്ങിയിട്ട് കാലം കുറച്ചായി. ഇനി പ്രസംഗം, എഴുത്ത് എന്നൊന്നും വേണ്ട. കഞ്ഞികുടിക്കാന്‍ വേണ്ടത്ര ഇതിനകം ഉണ്ടാക്കിയിട്ടുണ്ടല്ലോ! ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയ മഹാന്മാരുടെ ഇടം അത്രയൊന്നും ദൂരെയാണെന്നു കരുതരുത്. എന്ന് അജ്ഞാതന്‍, ഒപ്പ്.” കത്ത് പോലിസിലേല്‍പിച്ച് തിരിച്ചുവരുമ്പോള്‍ കോരന് വിറയല്‍ അനുഭവപ്പെട്ടു. രാത്രി ഒരു പോള കണ്ണടയ്ക്കാന്‍ കഴിയാതിരുന്ന കോരന്‍ രാവിലെ പത്രത്തിന്റെ ദ്വാരത്തിലൂടെ നോക്കി. ”ഗൗരി ലങ്കേഷിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു.” കോരന്‍ എഴുത്തോ അതോ നിന്റെ കഴുത്തോ എന്ന പഴയ ആപ്തവാക്യം ഓര്‍മിച്ചു. വൈകാതെ മുംബൈയില്‍ എത്തി പ്ലാസ്റ്റിക് സര്‍ജറി നടത്തി, മുഖം മാറ്റി. പിന്നെ തോക്ക് കച്ചവടത്തിനുള്ള ലൈസന്‍സ് സമ്പാദിച്ചു. ഛോട്ടാ മുംബൈ എന്ന കൊച്ചിയില്‍ തോക്ക് കച്ചവടം തുടങ്ങി. കോരന്റെ കടയില്‍ നിയമാനുസൃതമായ തോക്ക് വില്‍പനയ്ക്കുണ്ട്. എന്നാല്‍, നാടന്‍ കള്ളത്തോക്കുകള്‍ വേണ്ടത്ര നിലവറയില്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ആവശ്യക്കാര്‍ അതിനാണു കൂടുതല്‍. കച്ചവടം കൊഴുത്തപ്പോള്‍, ഗുണ്ടകളും വാടകക്കൊലയാളികളും ഹെല്‍മറ്റോടെ മോട്ടോര്‍സൈക്കിളും കോരന്റെ കൂട്ടുകാരായി. എഴുത്തും വായനയും കോരന്‍ കുപ്പത്തൊട്ടിയിലെറിഞ്ഞു. കോരനെ ആരും തിരിച്ചറിഞ്ഞില്ല. കാശിക്ക് പോയതാവുമെന്ന് സാഹിത്യ-സാംസ്‌കാരിക വൃത്തത്തില്‍ കറങ്ങുന്നവര്‍ കരുതി. ഇപ്പോള്‍ വടിവൊത്ത അക്ഷരത്തില്‍ ഭീഷണിയെന്നു നിങ്ങള്‍ക്കു തോന്നുന്ന കത്തുകള്‍ എഴുതാന്‍ വരെ കോരന്റെ സംഘത്തില്‍ ആളുണ്ട്. മന്നാര്‍ഗുഡി മാഫിയപോലെ അതു വളരുമോ എന്നു കാത്തിരുന്നു സ്‌ക്രീനില്‍ കാണാം. കോരന്‍ ഇത്രമാത്രം അധപ്പതിച്ചുവോ എന്നു നിങ്ങള്‍ സംശയിക്കുന്നുണ്ടാവും. ആ സംശയം തീര്‍ക്കാന്‍ കോരന്‍ തൂലികാനാമത്തില്‍ എഴുതിയ ‘തോക്ക് വ്യാപാരത്തിന്റെ സമകാല പ്രസക്തി’ എന്ന ലേഖനം പ്രശസ്ത വാരികയില്‍ അടുത്തു തന്നെ വായിക്കാം. തോക്ക് വ്യാപാരത്തിനു പറ്റിയ ഏറ്റവും മുന്തിയ കാലമാണ് ഇപ്പോഴത്തേത് എന്നാണു കോരന്‍ അര്‍ഥവും വ്യാകരണവും സഹിതം  സമര്‍ഥിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss