|    Nov 18 Sun, 2018 4:33 pm
FLASH NEWS
Home   >  Arts & Literature  >  Art  >  

തോക്കില്‍ നിന്ന് കാമറയിലേക്ക്

Published : 17th March 2017 | Posted By: shins

ഫിറോസ് ഹസ്സന്‍
അന്തരിച്ച വന്യജീവി ഫോട്ടോഗ്രാഫര്‍
ടി എന്‍ എ പെരുമാളിന്റെ കലയും ജീവിതവും

 

featured

നീണ്ട കുഴലുകള്‍ നീട്ടിപ്പിടിക്കുക, പതറാതെ, ശ്വസം നിയന്ത്രിച്ച് അടക്കിപ്പിടിക്കുക, ലക്ഷ്യത്തിലേക്ക് ഏകാഗ്രനാവുക, വിറക്കാതെ ട്രിഗര്‍ അമര്‍ത്തുക… ആക്രോശിച്ച് ചാടുന്ന ജന്തു മുന്നില്‍ വീണുപിടയും. ഈ വിദ്യയില്‍ അഗ്രഗണ്യനായിരുന്നു പെരുമാള്‍. കൈവിറയ്ക്കാത്ത അദ്ദേഹത്തിന്റെ തോക്കുകള്‍ ലക്ഷ്യവേധിയായി. കൂടെ സുഹൃത്ത് സുന്ദരാജും. സുന്ദരാജിന്റെ വിളിപ്പേരുതന്നെ കരിമ്പുലിയെന്നാണ്. ഒരു പുള്ളിപ്പുലിയുമായി സൈക്കിളില്‍ ഫോട്ടോക്കു പോസ് ചെയ്യുന്ന ഒരു ചിത്രമുണ്ട് ഈ കൂട്ടുകാരുടേതായി.

6

പെരുമാളിന്റെ ഒരു മൂങ്ങച്ചിത്രം. മൂങ്ങയെ പകര്‍ത്തല്‍ ഫോട്ടോഗ്രാഫര്‍മാരെ സംബന്ധിച്ചിടത്തോളം ഒരു കീറാമുട്ടിയാണ്. അവയുടെ പെരുമാറ്റം മനസ്സിലാക്കുക എളുപ്പമല്ല. അദ്ദേഹം കൂടിന്റെ കുറച്ചകലെയായി 20 മീറ്റര്‍ ഉയരത്തില്‍ മരം കൊണ്ടുള്ള പ്ലാറ്റ്‌ഫോം ഉണ്ടാക്കി. മൂങ്ങ അതിന്റെ കൂട്ടിലേക്കു കയറുമ്പോള്‍ വെളിച്ചം വീഴാവുന്ന തരത്തില്‍ പ്രകാശം ക്രമീകരിച്ചു. കാമറയുടെ ട്രിഗര്‍ റിമോട്ട് കണ്‍ട്രോള്‍ സംവിധാനം വഴി നിയന്ത്രിച്ചു.

1932ല്‍ കര്‍ണാടകയില്‍ ജനിച്ച തഞ്ചാവൂര്‍ നടേശാചാരി അയ്യംപെരുമാളിന്റെ ജീവിതം മാറിമറിയുന്നത് 1960ലാണ്. അതുവരെ മൃഗയാവിനോദങ്ങളില്‍ ആകൃഷ്ടനായിരുന്ന പെരുമാള്‍, ഇന്ത്യന്‍ പക്ഷി ഛായാഗ്രഹണത്തിലെ പിതാവെന്നറിയപ്പെടുന്ന ഒ സി എഡ്വേഡിനെ ബന്നേര്‍ഘട്ടിലെ കാട്ടില്‍ വച്ചു കണ്ടുമുട്ടുന്നു. എഡ്വേഡ് അന്ന് ബിഷപ് കോട്ടന്‍ സ്‌കൂളിലെ അധ്യാപകനായിരുന്നു. ഈ കൂടിക്കാഴ്ചയാണ് പെരുമാളിലെ ഛായാഗ്രാഹകനെ പുറത്തെടുക്കുന്നത്. റിമോട്ട് കണ്‍ട്രോള്‍ ഉപകരണമുപയോഗിച്ച് ഫോട്ടോ എടുക്കുന്ന സാങ്കേതികവിദ്യയും എഡ്വേഡില്‍ നിന്ന് പെരുമാള്‍ പഠിച്ചെടുത്തു. പെരുമാളിന്റെ ആദ്യസൃഷ്ടിയായ ബന്നേര്‍ഘട്ടിലെ സ്‌കൂള്‍ അങ്കണത്തില്‍ കൂടുകൂട്ടിയിരുന്ന വൈറ്റ്‌ഐയുടെ ചിത്രം ഈ സാങ്കേതികവിദ്യയിലൂടെ പകര്‍ത്തിയതാണ്. പക്ഷികളുടെ ഭക്ഷ്യരീതികള്‍, ഇണചേരല്‍, പെരുമാറ്റം, കൂടുകൂട്ടല്‍, സഞ്ചാരപഥം എന്നീ പ്രാഥമിക പാഠങ്ങളും പെരുമാള്‍ തന്റെ ഗുരുവില്‍ നിന്ന് സ്വായത്തമാക്കി.
വന്യജീവി ഫോട്ടോഗ്രഫിയിലെ സുപ്രധാനമായ മറ്റൊരു തത്ത്വം കൂടെ എഡ്വേഡ് തന്റെ വേട്ടക്കാരനായിരുന്ന ശിഷ്യനെ പഠിപ്പിച്ചു. ഫോട്ടോയേക്കാള്‍ പ്രധാനം ഫോട്ടോ എടുക്കപ്പെടുന്ന ജീവിയാണ്. തന്റെ ജീവിതകാലം മുഴുവന്‍ തന്റെ ഗുരു പറഞ്ഞു പഠിപ്പിച്ച പാഠം ശിഷ്യന്‍ അനുസരിച്ചു, അത്  മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. ഒരു വേട്ടക്കാരന്റെയും ഛായാഗ്രാഹകന്റെയും ജോലി പരസ്പരം മാറുക എളുപ്പമായിരുന്നെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പെരുമാളിന്റെ ജീവിതം തോക്കില്‍ നിന്ന് കാമറയിലേക്കു ചുവടുമാറിയ ഒരു വേട്ടക്കാരന്റേതുകൂടിയാണ്.

11

കര്‍ണാടകയിലെ ബന്നേര്‍ഘട്ട് വനാന്തരത്തില്‍ നിന്ന് പകര്‍ത്തിയത്‌

യുവാവായിരിക്കെ സന്ദൂര്‍ മഹാരാജാവിന്റെ ഖനിയില്‍ ജോലിക്കാരനായി ചേര്‍ന്ന പെരുമാള്‍ ഫോട്ടോഗ്രഫിയില്‍ കമ്പക്കാരനായ മഹാരാജാവ് എം വൈ ഗോര്‍പഡെയുടെ പ്രധാന കൂട്ടാളിയായി തീര്‍ന്നു. ഇക്കാലത്താണ് റിമോട്ട് സംവിധാനം ഉപയോഗിച്ച് ഒരു മൂങ്ങയുടെയും കുഞ്ഞിന്റെയും പ്രശസ്തമായ ഫോട്ടോ അദ്ദേഹം എടുക്കുന്നത്. വൈല്‍ഡ്‌ലൈഫ് ഛായാഗ്രഹണത്തില്‍ ഇന്നു നിലവിലുള്ള രീതിശാസ്ത്രം വളര്‍ത്തിയെടുത്തതില്‍ പെരുമാളിനുള്ള പങ്ക് നിസ്തുലമാണ്. പ്രത്യേകിച്ച് ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളില്‍. വന്യജീവി ഫോട്ടോഗ്രഫിയെ കുറിച്ച് ആറോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള പെരുമാളിന്റെ പൂമ്പാറ്റകളെ കുറിച്ചുള്ള പുസ്തകം ഒരു ക്ലാസിക്കായാണ് കണക്കാക്കപ്പെടുന്നത്.
ആനകളാണ് പെരുമാള്‍ ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ജീവിയും അതുതന്നെ. വിവിധ ഭാവങ്ങളില്‍ കാഴ്ചക്കാരനെ അഭിമുഖീകരിക്കുന്ന അദ്ദേഹത്തിന്റെ ആനച്ചിത്രങ്ങള്‍ ഏതൊരു ഫോട്ടോഗ്രാഫറുടെയും സ്വപ്‌നമായിരിക്കുമെന്ന് ഉറപ്പിച്ചുപറയാം. ഇന്ത്യന്‍ കാടുകള്‍ക്കു പുറമേ ആഫ്രിക്കന്‍ കാടുകളിലും അദ്ദേഹം തന്റെ കാമറയുമായി സഞ്ചരിച്ചിട്ടുണ്ട്. ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം ആഫ്രിക്കന്‍ കാടുകള്‍ വെളിച്ചംകൊണ്ടും മറ്റനേകം ഘടകങ്ങള്‍കൊണ്ടും ഇന്ത്യന്‍ കാടുകളേക്കാള്‍ മികച്ചതാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ആഫ്രിക്കയില്‍ മൃഗങ്ങള്‍ കൂട്ടമായാണ് കാണപ്പെടുന്നത്. ഒറ്റതിരിഞ്ഞ മൃഗചിത്രങ്ങള്‍ ലഭിക്കുക അപൂര്‍വമത്രേ. ഇന്ത്യന്‍-ആഫ്രിക്കന്‍ കാടുകളിലെ അനുഭവങ്ങള്‍ ഇങ്ങനെയാണ് അദ്ദേഹം താരതമ്യം ചെയ്യുന്നത്.

bandipur

ബന്ദിപൂര്‍ നാഷനല്‍ പാര്‍ക്കില്‍ നിന്ന്

ആയിരത്തഞ്ഞൂറോളം ഗാലറികളില്‍ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹത്തിന് ഇരുന്നൂറോളം അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ റോയല്‍ ഫോട്ടോഗ്രഫിക് സൊസൈറ്റിയിലെ ഫെല്ലോ ആയ പെരുമാളിനെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫോട്ടോഗ്രാഫേഴ്‌സ് ഇന്ത്യയിലെ ഏറ്റവും മികച്ചഫോട്ടോഗ്രാഫറായി തിരഞ്ഞെടുത്തിരുന്നു. മൈക്രോ ഫോട്ടോഗ്രഫിയിലും പെരുമാള്‍ പരിശീലനം നേടിയിട്ടുണ്ട്. ശ്രദ്ധേയമായ ഇത്തരം നിരവധി ചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ഗോര്‍പഡെ, ഹനുമന്തറാവു, എം കൃഷ്ണന്‍, ടി എസ് ലാല്‍ തുടങ്ങി ഇന്ത്യയിലെ പ്രഗല്‍ഭരായ നിരവധി ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ നിരവധി വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ ഗുരുസ്ഥാനീയനാണ് പെരുമാള്‍.

2

പെരുമാള്‍, കരിമ്പുലി എന്നറിയപ്പെടുന്ന സുന്ദരാജുമായി ഒരു പുലിവേട്ടയ്‌ക്കൊടുവില്‍. 1957-58 കാലത്തെ ഒരു ചിത്രം

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss