|    Jun 20 Wed, 2018 11:02 pm
FLASH NEWS

തോക്കിന്‍ മുനയില്‍ പിടഞ്ഞുതീര്‍ന്ന് കാട്ടാനകള്‍; വേട്ട നിയന്ത്രിക്കാനാവാതെ വനം വകുപ്പ്

Published : 7th November 2016 | Posted By: SMR

കല്‍പ്പറ്റ:  വയനാടന്‍ കാടുകളില്‍ തോക്കിന്‍ മുനയില്‍ പിടഞ്ഞു തീരുന്ന കാട്ടാനകളുടെ എണ്ണം വര്‍ധിക്കുന്നു. ആനകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായപ്പോള്‍ ആനകളുടെ മരണ നിരക്കും വര്‍ധിച്ചിരിക്കുകയാണ്. വൈദ്യുതാഘാതത്താലും മറ്റും ആനകള്‍ ചെരിയുന്നതിനിടയിലാണ് അടുത്ത കാലത്തായി വെടിയേറ്റ് കൊല്ലപ്പെടുന്ന സംഭവങ്ങളും വര്‍ധിക്കുന്നത്. ഇന്നലെ അതിരാറ്റുകുന്നില്‍ മോഴയാന വെടിയേറ്റു ചെരിഞ്ഞതോടെ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ജില്ലയില്‍ ഇത് മൂന്നാമത്തെ സംഭവമായി.
കാട്ടാനകള്‍ തോക്കിനിരയാവുമ്പോള്‍ രണ്ടു ദിശകളിലേക്കാണ് അന്വേഷണം നീളുന്നത്. വന്യമൃഗശല്യം കൊണ്ട് പൊറുതി മുട്ടിയ കര്‍ഷകരുടെ പ്രതിരോധത്തിലേക്കും കാടും നാടും മറന്നുകൊണ്ടുള്ള ടൂറിസം മറയാക്കി നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങളിലേക്കും. വനമേഖലകളോടടുത്ത പ്രദേശങ്ങളിലെ അനധികൃത തോക്കുകള്‍ കണ്ടെത്തുന്നതിന് അധികൃതര്‍ക്ക് കഴിയുന്നില്ലെന്നതാണ് തുടര്‍ച്ചയായ ആനവേട്ട തെളിയിക്കുന്നത്. ഇത്തരത്തിലുണ്ടായ മിക്ക സംഭവങ്ങളിലും ലൈസന്‍സില്ലാത്ത തോക്കുകളാണ് വേട്ടക്കുപയോഗിച്ചത്. വ്യാജ തോക്കുകളെ കുറിച്ച് പേരിനുമാത്രം  അന്വേഷണങ്ങള്‍ നടത്തുകയും വേട്ട കേസുകളിലെ പ്രതി പിടിയിലാകുന്നതോടെ അന്വേഷണം അവസാനിപ്പിക്കുകയുമാണ് പതിവ്. വനം-വന്യജീവി സംരക്ഷണത്തിനായി കോടികള്‍ ചെലവഴിക്കപ്പെടുന്നുണ്ടെങ്കിലും വനവും, നാടും തമ്മില്‍ വേര്‍തിരിക്കുന്നതിനോ, കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തടയുന്നതിനോ ആവശ്യമായ സംവിധാനങ്ങളില്ല. 2000-ത്തിനുശേഷം ജില്ലയില്‍ ചില ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് വ്യാപകമായി നല്‍കിയ തോക്ക് ലൈസന്‍സുകളുടെ മറവില്‍ വ്യാജ തോക്കുകള്‍ ധാരാളമായി ജില്ലയിലെത്തിയിട്ടുണ്ടെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇങ്ങനെ ലൈസന്‍സ് നല്‍കിയ തോക്കുകള്‍ വേട്ടകാര്‍ക്കിടയിലും മറ്റും എത്തിപ്പെട്ടു.
കഴിഞ്ഞ ജൂണ്‍ ഏഴിന് പുല്‍പ്പള്ളിയില്‍ കാട്ടാന ചെരിഞ്ഞത് വെടിയേറ്റത് മൂലമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പുല്‍പ്പള്ളി അമരക്കുനി സ്വദേശി പുളിക്കല്‍ സതീഷാണ് കാട്ടാനയെ വെടിവെച്ച് കൊന്നത്. പുല്‍പ്പള്ളി അമരക്കുനിയില്‍ എട്ട് വയസ്സ് പ്രായമുള്ള കൊമ്പനെ വയലില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആനയുടെ ദേഹ പരിശോധനയില്‍ നാല് വെടിയുണ്ടകളും കണ്ടെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സതീഷിനെ വനംവകുപ്പ് പിടികൂടിയത്. അമരക്കുനി കന്നാരംപുഴയിലെ തന്റെ കൃഷിയിടത്തിലിറങ്ങി നാശം വിതച്ചതിനാല്‍ ആനയെ വിരട്ടാന്‍ വേണ്ടി വെടി വെച്ചെന്നാണ് സതീഷ് നല്‍കിയ മൊഴി. രാത്രി രണ്ട് മണിക്കായിരുന്നു ഇത്. ആനയുടെ തലക്ക് വലത് വശത്തായി ചെവിക്കടുത്താണ് വെടിയേറ്റത്. തന്റെ കൈയിലുള്ള ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചാണ് സതീഷ് ആനയെ വെടി വെച്ചത്.
മെയ് 30ന് വയനാട് വന്യജീവി സങ്കേതത്തില്‍ റോഡരികില്‍ വച്ച് കാട്ടാന വെടിയേറ്റ് ചെരിഞ്ഞ സംഭവത്തിലെ മുഖ്യപ്രതിയെ അഞ്ചു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വനംവകുപ്പ് അറസ്റ്റു ചെയ്തു. പുല്‍പള്ളി സ്വദേശി കുളത്തിങ്കല്‍ ഷാജിയാണ് പിടിയിലായത്. സുല്‍ത്താന്‍ ബത്തേരി-പുല്‍പള്ളി റോഡരികില്‍ പിടിയാനയെ വെടിയേറ്റു ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് വനം വകുപ്പ് പഴുതടച്ച അന്വേഷണത്തിലൂടെ പ്രതി റിസോര്‍ട്ടുടമയായ കുളത്തിങ്കല്‍ ഷാജിയെ അറസ്റ്റ് ചെയ്തത്.
വന്യജീവി സങ്കേതത്തോടു ചേര്‍ന്ന് രണ്ട് റിസോര്‍ട്ടുകളാണ് ഷാജി നടത്തുന്നത്.കേസിലെ പ്രതികളിലൊരാളായ ചുണ്ടാട്ട് ബേബി നല്‍കിയ തോക്ക് ഉപയോഗിച്ചാണ് ഷാജി വെടിയുതര്‍ത്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിന്റെ തുടരന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ കേണിച്ചിറ അതിരാറ്റുകുന്നില്‍ വീണ്ടും കാട്ടാന ചെരിഞ്ഞത്. വനമേഖലയിലെ അനധികൃത ടൂറിസം പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരോധിക്കാനും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനും നടപടിയുണ്ടാകുന്നതുവരെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തക്കപ്പെടുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss