|    Aug 17 Thu, 2017 7:28 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തോക്കവകാശവാദികള്‍ക്ക് ഹിലരിയുടെ ജയം തടയാനാവുമെന്ന് ട്രംപ്

Published : 11th August 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോക്കവകാശവാദികള്‍ വിചാരിച്ചാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്താനാവുമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.
ട്രംപിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഹിലരി വിജയിക്കുകയാണെങ്കില്‍ സുപ്രിംകോടതിയിലെ ജഡ്ജിമാരെ നിയമിക്കാന്‍ അവര്‍ ശ്രമിക്കുമെന്നും തോക്ക് കൈവശം വയ്ക്കാനുള്ള അവകാശത്തെ അവര്‍ ചോദ്യം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
നോര്‍ത്ത് കാരലൈനയില്‍ റാലിക്കിടെയാണ് ട്രംപ് വിവാദപ്രസ്താവന നടത്തിയത്. പ്രസ്താവനയ്ക്കു പിന്നാലെ ഓണ്‍ലൈനില്‍ ട്രംപിനെതിരേ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കാണ്. മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരും മുന്‍ എംപിമാരും ട്രംപിനെതിരേ രംഗത്തെത്തി. ട്രംപ് സംഘര്‍ഷത്തിന് തിരി കൊളുത്തുകയാണെന്ന് വിമര്‍ശകര്‍ ആരോപിച്ചു. ‘ഹിലരിക്ക് രണ്ടാമത്തെ ഭരണഘടനാ ഭേദഗതി ഒഴിവാക്കണമെന്നാണ് താല്‍പര്യം. അവര്‍ അധികാരത്തില്‍ വന്നാല്‍ പുതിയ ജഡ്ജിമാരെ അവര്‍ തിരഞ്ഞെടുക്കും. ചെയ്യും. അതോടെ തോക്ക് കൈവശം വയ്ക്കാനുള്ള അവകാശം എടുത്തുകളയും’ -ട്രംപ് പറഞ്ഞു. യുഎസ് ഭരണഘടനയുടെ രണ്ടാമത്തെ ഭേദഗതി പ്രകാരം തോക്ക് കൈവശം വയ്ക്കല്‍ മൗലികാവകാശമാണ്.
സംഗതി വിവാദമായതോടെ ട്രംപ് തിരുത്തുമായെത്തി. തോക്കവകാശ വാദികളായ ആളുകളോട് തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ട്രംപിന്റെ പ്രസ്താവന അനവസരത്തിലുള്ള തമാശയായിപ്പോയെന്ന് ഹൗസ് സ്പീക്കര്‍ പോള്‍ റയാന്‍ കുറ്റപ്പെടുത്തി.
ട്രംപ് അപകടകാരിയാണെന്ന് തെളിയിക്കുന്നതാണിത്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുന്ന ഒരാള്‍ ഇത്തരം വിവാദം മുന്നോട്ടുവയ്ക്കരുത്- ഹിലരിയുടെ പ്രചാരണപരിപാടികളുടെ മാനേജര്‍ റോബി മുക് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ട്രംപിനു പകരം മറ്റാരെങ്കിലുമായിരുന്നു ഈ പ്രസ്താവന നടത്തിയിരുന്നതെങ്കില്‍ രഹസ്യന്വേഷണവിഭാഗം അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്യുമായിരുന്നെന്ന് സിഐഎ മുന്‍ ഡയറക്ടര്‍ മിഖായേല്‍ ഹെയ്ഡണ്‍ പറഞ്ഞു. ട്രംപിന്റെ പ്രവൃത്തികള്‍ വിലയിരുത്താനുള്ള റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ 50 വിദഗ്ധരിലൊരാളാണ് അദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക