|    Aug 21 Mon, 2017 5:40 pm
FLASH NEWS

തൊഴുത്തില്‍കുത്തും പാരവയ്പും ; നോക്കുകുത്തിയായി കാളികാവ് സിഎച്ച്‌സി

Published : 8th August 2017 | Posted By: fsq

 

കാളികാവ്: മലയോര മേഖലയിലെ പാവങ്ങളുടെ ഏക ആശ്രയമായ കാളികാവ് സിഎച്ച്‌സി തൊഴുത്തില്‍കുത്തും പ്രതികാര നടപടികളുംമൂലം അവഗണനയില്‍. വിവരാവകാശ അപേക്ഷകളെ താങ്ങാനാവാതെ ജോലി ഉപേക്ഷിച്ച്ുപോയി പാവങ്ങളെ കൊലയ്ക്കുകൊടുക്കുന്ന ദുരവസ്ഥ സഹിക്കുകയാണ് മലയോരം. രണ്ടു വര്‍ഷം മുമ്പാണ് പിഎച്ച്‌സി കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയത്. തുടര്‍ന്ന് ആറു ഡോക്ടര്‍മാരുടെ സേവനം ലഭ്യമായി. അതിനിടെ എംഎല്‍എ  ബ്ലോക്ക് ഫണ്ടുകളുപയോഗിച്ച് കോടികളുടെ വികസന പ്രവര്‍ത്തനവും നടത്തി. നിലവിലുണ്ടായിരുന്ന ആറ് ഡോക്ടര്‍മാരില്‍ മൂന്നുപേര്‍ സൗകര്യപൂര്‍വം സ്ഥലം മാറുകയും മറ്റു രണ്ടുപേര്‍ ദീര്‍ഘാവധിയിലും പോയി. ഇനി എണ്ണൂറ് രോഗികള്‍ക്ക് ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. രണ്ടു മാസം മുമ്പ് പഞ്ചായത്തിന്റെ പരിരക്ഷാ പ്രവര്‍ത്തകരിലെ അഞ്ചു വോളന്റിയര്‍മാരെ പഞ്ചായത്ത് പ്രസിഡന്റ് നീക്കം ചെയ്തിരുന്നു. പഞ്ചായത്തിനും പ്രവര്‍ത്തകര്‍ക്കും ഇടയിലെ തൊഴുത്തില്‍ കുത്താണ് കാരണം. ഇതിനെതിരേ വിവിധ കോണുകളില്‍ നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ അധികാരത്തിനും പ്രതികാരബുദ്ധിക്കും വഴിമാറി. പിന്നീടാണ് വിവരാകാശ അപേക്ഷളുടെ വരവ്. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അധികാര നിയമ നടപടിക്രമങ്ങള്‍ അരാഞ്ഞ്് അര ഡസനോളം വിവരാവകാശ അപേക്ഷകള്‍ ആരോഗ്യവകുപ്പിനു ലഭിച്ചു. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ മെഡിക്കല്‍ ഓഫിസറടക്കം മൂന്നുപേര്‍ ട്രാന്‍സ്ഫറിന് അപേക്ഷിച്ചു. ഈ വിഷയം രാഷ്ട്രീയ- യുവ സംഘടനകള്‍ ഏറ്റെടുത്ത് വിവരാകാശ പ്രവര്‍ത്തകര്‍ക്കെതിരേ ജനരോഷമിളക്കി വിടാന്‍ ശ്രമിച്ചു. അതിനിടെ സിഎച്ച്‌സിയുടെ ചുമതലയുള്ള ബ്ലോക്ക് ഭരണകൂടം വിവരാവകാശ മാഫിയകള്‍ക്കെതിരേ പ്രതികരിക്കണമെന്ന ആഹ്വാനവുമായി രംഗത്തുവന്നു. സ്വസ്ഥമായി ജോലി ചെയ്യാന്‍ ഡോക്ടര്‍മാരെ അനുവദിക്കുന്നില്ലെന്ന പ്രചാരണമാണ് നടന്നത്. അതേസമയം, പൗരാവകാശത്തില്‍പെട്ട വിവരാവകാശത്തിന് മറുപടി നല്‍കാന്‍ മിനക്കെടാതെ ഉത്തരവാദപ്പെട്ടവര്‍ തടിയൂരുകയാണെന്ന് മറുപക്ഷവും പ്രചരിപ്പിച്ചു. ഫലത്തില്‍ ഇപ്പോള്‍ സിഎച്ച്‌സി നാഥനില്ലാ കളരിയായിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക