|    Apr 22 Sun, 2018 6:35 am
FLASH NEWS

തൊഴില്‍ സംവരണം ലഭിച്ചില്ല; ആദിവാസികള്‍ മുണ്ടേരി വിത്തുകൃഷിത്തോട്ടം ഉപരോധിച്ചു

Published : 21st August 2015 | Posted By: admin

എടക്കര: സര്‍ക്കാര്‍ പ്രതേ്യക ഉത്തരവിലൂടെ അനുവദിച്ച തൊഴില്‍ സംവരണം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ മുണ്ടേരി വിത്തുകൃഷിത്തോട്ടം ഉപരോധിച്ചു. മുണ്ടേരി അപ്പന്‍കാപ്പ്, ചളിക്കല്‍, ഇരുട്ടുകുത്തി, തണ്ടന്‍കല്ല്, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ, നാരങ്ങാപ്പൊയില്‍ ഏട്ടപ്പാറ തുടങ്ങിയ കോളനികളിലെ സ്ത്രീകളടക്കമുള്ള നൂറോളം ആദിവാസികളാണ് വിത്തുകൃഷിത്തോട്ടം ഉപരോധിച്ചത്.
ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് ആദിവാസികള്‍ വിത്തുകൃഷിത്തോട്ടം ഓഫിസ് ഗേറ്റിലെത്തിയത്. ഇവരെ പോത്തുകല്‍ എസ്.ഐ. കെ ജിതേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം തടഞ്ഞ ശേഷം മടങ്ങിപ്പോവാനും മന്ത്രിക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കാനുമാണ് നിര്‍ദേശിച്ചത്.

ഇതിനിടെ സ്ഥലത്തെത്തിയ പോത്തുകല്‍ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ സമീപ കോളനികളിലെ ആദിവാസികള്‍ക്ക് പത്ത് ശതമാനം സംവരണം ഉറപ്പാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് എസ്.ഐക്ക് കൈമാറി. തുടര്‍ന്ന് എസ്.ഐ. ഫാം ഡെപ്യൂട്ടി ഡയറക്ടറുമായി ചര്‍ച്ച നടത്തി. എന്നാല്‍, പുതിയ ഉത്തരവ് കാട്ടി ആദിവാസികളെ മടക്കി അയക്കാന്‍ അധികൃതര്‍ ശ്രമിച്ചു. ഇവര്‍ പിരിഞ്ഞുപോവില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ഡി.ഡി. പഞ്ചായത്തംഗങ്ങള്‍ ആദിവാസി പ്രതിനിധികള്‍, എസ്.ഐ. എന്നിവരുമായി ചര്‍ച്ച നടത്തി.
നിലവില്‍ 23 ഒഴിവുകള്‍കൂടി വിത്തുകൃഷിത്തോട്ടത്തിലുണ്ടെന്നും പട്ടികവര്‍ഗ വികസന വകുപ്പുമായി ബന്ധപ്പെട്ട് ആദിവാസികളുടെ ലിസ്റ്റ് തയ്യാറാക്കി ഈ ഒഴിവുകളിലേക്ക് ഉടന്‍ നിയമനം നടത്തുമെന്നും ഡി.ഡി. സിസിലിയ അറിയിച്ചതിനെത്തുടര്‍ന്നാണ് ആദിവാസികള്‍ രണ്ട് മണിയോടെ പിരിഞ്ഞത്. നിലവിലുള്ള ഒഴിവുകളുടെ പത്ത് ശതമാനം സംവരണം ആദിവാസികള്‍ക്ക് നല്‍കുമെന്ന് ഡി.ഡി. ഉറപ്പുനല്‍കി. വിത്തുകൃഷിത്തോട്ടത്തില്‍ നിലവിലുള്ള 229 ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് മുഖേന ഇപ്പോള്‍ കൂടിക്കാഴ്ച നടക്കുന്നുണ്ട്.

ഈ ഒഴിവില്‍ പത്ത് ശതമാനം വിത്തുകൃഷിത്തോട്ടത്തിന് സമീപമുള്ള കോളനികളിലെ ആദിവാസികള്‍ക്ക് നല്‍കണമെന്ന് 2014ല്‍ സര്‍ക്കാര്‍ ഇറക്കിയ പ്രതേ്യക ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് വകവയ്ക്കാതെയാണ് അധികൃതര്‍ അഭിമുഖം നടത്തുന്നതെന്നാണ് പരാതി. എംപ്ലോയമെന്റ് മുഖേന ഇവരുടെ നിയമനം നടത്താന്‍ സാധിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ പത്ത് ശതമാനം ഒഴുവുകള്‍ മാറ്റിവച്ച് ബാക്കിയുള്ള ഒഴിവുകളില്‍ നിയമനം നടത്താനും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍, 2015 മാര്‍ച്ച് 4ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂനല്‍ ഇറക്കിയ ഉത്തരവില്‍ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തില്‍ കാഷ്വല്‍ തൊഴിലാളികളെ നിയമിക്കുന്നത് പൂര്‍ണമായി എംപ്ലോയ്‌മെന്റ് മുഖേനയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കിയ ഇന്റര്‍വ്യൂ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന മൂന്നുപേര്‍ നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് ട്രൈബ്യൂനല്‍ ഇൗ വിധി പുറപ്പെടുവിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ നിയമനം നടത്തണമെന്ന ട്രൈബ്യൂനലിന്റെ ഉത്തരവ് കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് അധികൃതര്‍ നിയമന നടപടികള്‍ ആരംഭിച്ചത്. ഉത്തരവ് നീട്ടിക്കിട്ടിയെന്നാണ് അധികൃതരുടെ ഭാഷ്യം. ഇതിന്റെ കോപ്പി നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഉത്തരവ് പൂഴ്ത്തിവച്ചതാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളായ ഷാജി ജോണ്‍, കെ വി ഉപേഷ്, വത്സല അരവിന്ദന്‍, സുലൈമാന്‍ ഹാജി, ഇന്റര്‍വ്യൂ ബോര്‍ഡംഗം ജയന്തകൃഷ്ണന്‍, ആദിവാസി നേതാക്കളായ ലക്ഷമി, സുന്ദരന്‍, രാഘവന്‍, ബാബു, സ്‌പെഷല്‍ ബ്രാഞ്ച് ഓഫിസര്‍ അബ്ബാസ് ചര്‍ച്ചയില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss