|    Dec 14 Fri, 2018 1:58 pm
FLASH NEWS

തൊഴില്‍ വാഗ്ദാനം ചെയ്ത് മലേസ്യയില്‍ കൊണ്ടുപോയി കബളിപ്പിച്ചു: ഒമ്പത് പേര്‍ തിരിച്ചെത്തി; ബാക്കിയുള്ളവര്‍ മടങ്ങാനാകാതെ ദുരിതത്തില്‍

Published : 25th August 2016 | Posted By: SMR

കൊല്ലം: തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി മലേസ്യയിലേയ്ക്ക് കൊണ്ടുപോയ യുവാക്കളില്‍ ഒമ്പത് പേര്‍ തിരികെ നാട്ടിലെത്തി. ശേഷിച്ചവര്‍ അവിടെ നരകയാതന അനുഭവിക്കുകയാണെന്ന് തിരിച്ചെത്തിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുണ്ടറ സ്വദേശിയായ വിജയന്‍ പത്രോസ്, അയാളുടെ കൂട്ടാളികളായ അനില്‍കുമാര്‍, മെല്‍വിന്‍ ആന്റണി എന്ന എബി എന്നിവരാണ് യുവാക്കളെ ചതിച്ച് മലേസ്യയിലേയ്ക്ക് കൊണ്ടുപോയത്. തിരികെയെത്തിയ യുവാക്കളുടെ പരാതിയെ തുടര്‍ന്ന് വിജയന്‍ പത്രോസിനെ കുണ്ടറ പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് വിട്ടയയ്ക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെയാണ് ഫെബ്രുവരി 23ന് മലേസ്യയിലേയ്ക്ക് കൊണ്ടുപോയത്. 1.30 ലക്ഷം രൂപയാണ് ഓരോരുത്തരില്‍ നിന്നും ഈടാക്കിയത്. വെല്‍ഡര്‍മാരായും ഹെല്‍പ്പര്‍മാരായും ഓഫിസ് സ്റ്റാഫായും നിയമനം നല്‍കാമെന്നും 50,000 രൂപ മുതല്‍ 80,000 രൂപ വരെ ശമ്പളം നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ട്രിച്ചി വിമാനത്തില്‍ നിന്ന് മലേസ്യയിലേയ്ക്ക് കൊണ്ടുപോയ ഇവരെ മലേസ്യയിലെ കുച്ചിങ് എന്ന സ്ഥലത്തെത്തിച്ചു. കോലാലംപൂരിലെ പവര്‍പ്ലാന്റില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ജോലി സംബന്ധമായ രേഖകള്‍ ഇല്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ആറ് മണിക്കൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ത്യാഗരാജന്‍ എന്നയാളായിരുന്നു മലേസ്യയിലെ ഏജന്റ്. കമ്പനിയുടെ അക്കോമഡേഷന്‍ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതൊന്നുമുണ്ടായില്ല. ലോറിയുടെ ടയര്‍ കഴുകലായിരുന്നു പ്രധാന ജോലി. പൊട്ടിപ്പൊളിഞ്ഞ കണ്ടെയ്‌നറുകളിലാണ് ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയത്. പലരും സമീപത്തെ കടവരാന്തകളിലും മറ്റുമാണ് കിടന്നുറങ്ങിയിരുന്നത്.
നാടുമായി ബന്ധപ്പെട്ട യുവാക്കളില്‍ ചിലര്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ വിവരം ധരിപ്പിച്ചു. എംപി കേന്ദ്ര വിദേശകാര്യമന്ത്രിയുമായും മലേസ്യയിലെ ഇന്ത്യന്‍ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ഒമ്പത് പേരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞത്. മറ്റുള്ളവരെ നാട്ടിലെത്തിക്കണമെങ്കില്‍ യാത്രയ്ക്കുള്ള പണവും മറ്റും മലേസ്യയില്‍ നല്‍കേണ്ടതുണ്ട്.
ജോലി ലഭിക്കാന്‍ കടം വാങ്ങിയും മറ്റുമാണ് പണം സ്വരൂപിച്ചത്. സാമ്പത്തികമില്ലാത്തതിനാല്‍ ഏഴ് പേര്‍ ഇപ്പോഴും മലേസ്യയില്‍ നരകയാതന അനുഭവിക്കുകയാണ്. 16 പേരെയാണ് ആദ്യം മലേസ്യയിലെത്തിച്ചത്. അവര്‍ അവിടെ ചെല്ലുമ്പോള്‍ നേരത്തെ എത്തിയ ആറ് പേര്‍ കൂടി ഉണ്ടായിരുന്നു. ഇതില്‍ രണ്ട് ഘട്ടങ്ങളിലായി ആറ് പേര്‍ തിരിച്ചെത്തി. പിന്നീട് എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഒന്‍പത് പേര്‍ നാട്ടിലെത്തിയത്.
വിജയന്‍ പത്രോസ്  ഇപ്പോഴും മലേസ്യയിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവരുന്നുണ്ടെന്ന് തിരികെയെത്തിയ സംഘത്തിലെ കൊട്ടാരക്കര സ്വദേശി ജെറിന്‍രാജ്, കുണ്ടറ സ്വദേശി ആല്‍ഡ്വിന്‍, തുമ്പ സ്വദേശി പ്രസാദ് ഫ്രാന്‍സിസ് എന്നിവര്‍ പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ തൊഴില്‍ തട്ടിപ്പിനിരയാകുന്നവരുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. വിദേശരാജ്യങ്ങളിലേയ്ക്ക് എന്ന പേരില്‍ ഇവിടെ നിന്ന് പോകുന്ന പലരും എവിടെയെത്തിച്ചേരുന്നു എന്നതിനെക്കുറിച്ചുപോലും വ്യക്തതയില്ല.
ഇവിടെ നിന്ന് പോകുന്ന ആളുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഇന്ത്യന്‍ എംബസികളിലും കൃത്യമായ സംവിധാനമുണ്ടാകണം. തട്ടിപ്പ് നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കൃത്യമായ ഇടപെടല്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല. മലേസ്യയില്‍ നിന്ന് ഒമ്പത് പേരെ ജീവനോടെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത് കേന്ദ്ര സര്‍ക്കാരുമായും മലേസ്യന്‍ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ്. യുവാക്കളെ കബളിപ്പിച്ച ഏജന്റിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും എംപി ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss