|    Jun 24 Sun, 2018 4:43 pm
FLASH NEWS

തൊഴില്‍ മേഖലയില്‍ തൊഴില്‍ നിയമന നിരോധനം ഇല്ല: മന്ത്രി

Published : 15th January 2017 | Posted By: fsq

 

കളമശ്ശേരി: തൊഴില്‍ മേഖലയി ല്‍ പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ തൊഴില്‍ നിയമന നിരോധനം ഇല്ലെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. നാഷനല്‍ എംപ്ലോയ്‌മെ ന്റ് സര്‍വീസ് വകുപ്പ് കേരളം സംഘടിപ്പിച്ച നിയുക്തി 2017 മെഗാ ജോബ് ഫെസ്റ്റ് കുസാറ്റ് കാംപസില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. കാല്‍നൂറ്റാണ്ട് മുമ്പ് ലോകത്ത് നടപ്പാക്കിവരുന്ന നവ ഉദാരവല്‍ക്കരണം തൊഴില്‍ കമ്പോളങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഈ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് മാറിനില്‍ക്കാന്‍ നമുക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വ്യവസായശാലകളെയും മറ്റും ബന്ധപ്പെടുത്തി സംഘടിപ്പിച്ച നിയുക്തി മെഗാ ജോബ് ഫെസ്റ്റ് ഇപ്പോള്‍ കൂടുതല്‍ വിപുലമാക്കിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ മൂന്ന് മേഖലകളായി തിരിച്ച് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലാണ് ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് ഫെബ്രുവരി 11ന് നടക്കും. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം അന്തര്‍ദേശീയ തലത്തില്‍ തൊഴില്‍ മാര്‍ക്കറ്റില്‍ ഐടി തൊഴില്‍ അവസരങ്ങള്‍ക്ക് വലിയ കുറവ് വന്നിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ തൊഴില്‍മാന്ദ്യം കേരളത്തെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കുസാറ്റ് പ്രൊ വൈസ് ചാന്‍സലര്‍ ഡോ. കെ പൗലോസ് ജേക്കബ്, നഗരസഭ ചെയര്‍പേഴ്‌സന്‍ ജെസ്സിപീറ്റര്‍, ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ ഷാജഹാന്‍ കടപ്പിള്ളി, എംപ്ലോയ്‌മെന്റ് ജോ. ഡയറക്ടര്‍ കെ കെ രാജപ്പന്‍, എറണാകുളം മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സി രാജു ഡേവിഡ് സംബന്ധിച്ചു. കേരളത്തില്‍ വ്യവസായ വാണിജ്യസ്ഥാപനങ്ങളില്‍ നിന്നുമായി 83 സ്ഥാപനങ്ങളില്‍ 3837 ഒഴിവുകള്‍ക്കായിട്ടാണ് ജോബ് ഫെസ്റ്റ് നടത്തിയത്. ഇതില്‍ പങ്കെടുക്കാന്‍ 7130 ഉദ്യോഗാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. 2015ല്‍ നടത്തിയ മെഗാ ജോബ് ഫെസ്റ്റില്‍ 17,875 പേര്‍ക്കും 2016ല്‍ നടത്തിയ ഫെസ്റ്റില്‍ 14,734 പേര്‍ക്കും തൊഴില്‍ അവസരങ്ങള്‍ ഒരുക്കി കൊടുക്കല്‍ മെഗാ ജോബ് ഫെസ്റ്റ് കൊണ്ട് കഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss