|    Mar 26 Sun, 2017 7:11 am
FLASH NEWS

തൊഴില്‍ പ്രശ്‌നം: മന്ത്രി കെ ടി ജലീല്‍ സൗദിയിലേക്ക്

Published : 4th August 2016 | Posted By: SMR

തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിനു തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ സൗദിയിലേക്കു പോവും. പ്രത്യേക സാഹചര്യം പരിഗണിച്ച് വകുപ്പുമന്ത്രിയെയും സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വി കെ ബേബിയെയും സൗദിയിലേക്ക് അയക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണു തീരുമാനിച്ചത്.
വെള്ളിയാഴ്ചയാണു മന്ത്രി സൗദിക്കു പോവുക. മുംബൈയിലെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നോ ര്‍ക്കയും കേരള സര്‍ക്കാരും ചേ ര്‍ന്നാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്. മുംബൈയിലെത്തുന്ന മലയാളികളുടെ സൗകര്യാര്‍ഥം പ്രത്യേക ഹെല്‍പ് ഡെസ്‌കും ആരംഭിക്കും. തൊഴില്‍പ്രതിസന്ധിമൂലം സൗദി അറേബ്യയില്‍ നിന്നു മടങ്ങിയെത്തുന്നവര്‍ക്ക് ആശ്വാസ പാക്കേജ് നടപ്പാക്കാനാണു സംസ്ഥാന സര്‍ക്കാരിന്റെ ആലോചന. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ടി എം തോമസ് ഐസക്കുമായി ചര്‍ച്ചനടത്തി. സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടിസ്ഥാനസൗകര്യങ്ങളെത്തിക്കാനാണ് ആദ്യ ശ്രമമെന്ന് മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചു.
സൗദി സര്‍ക്കാര്‍, വിവിധ മലയാളി സംഘടനകള്‍, ഇന്ത്യന്‍ എംബസി അധികൃതര്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയത്തി ല്‍ ചര്‍ച്ച നടത്തും. താല്‍പ്പര്യമുള്ളവരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ജിദ്ദ, മദീന തുടങ്ങിയ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യസംഘം ഇന്ന് നാട്ടിലേക്കു തിരിക്കും. മദീന വിമാനത്താവളത്തില്‍നിന്നു പ്രാദേശികസമയം 5.30നുള്ള വിമാനത്തിലാണ് ഇവര്‍ പുറപ്പെടുകയെന്നാണ് വിവരം. ഹജ്ജ് തീര്‍ത്ഥാടകരുമായെത്തിയ വിമാനത്തിലാണു തൊഴിലാളികളുടെ മടക്കം. ജോലി നഷ്ടപ്പെട്ട് 7,700 പേര്‍ 20 ക്യാംപുകളിലായി സൗദിയുടെ വിവിധ ഭാഗങ്ങളിലായി കഴിയുന്നുണ്ടെന്നാണു പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ഇതില്‍ 200 മലയാളികളുണ്ടെന്നാണു സംസ്ഥാന സര്‍ക്കാരിനു ലഭിച്ച വിവരം.
ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഗള്‍ഫില്‍ തന്നെ
ജോലിസാധ്യത കണ്ടെത്തണം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സൗദി അറേബ്യയിലെയും യമനിലെയും ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ഗള്‍ഫില്‍ തന്നെ ജോലി ലഭിക്കാനുള്ള സാധ്യതകള്‍ അടിയന്തരമായി ആരായണമെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് അയച്ച കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഇതിനുവേണ്ടി ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ വ്യവസായപ്രമുഖരുടെ ഒരു യോഗം കേന്ദ്രമന്ത്രിതന്നെ വിളിച്ചുകൂട്ടണമെന്നു കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളി വ്യവസായികളായ എം എ യൂസുഫലി, രവി പിള്ള, സി കെ മേനോന്‍ തുടങ്ങിയവര്‍ ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്.
ഒമാനിലെ സ്വകാര്യ ആശുപത്രികളില്‍ മലയാളി നഴ്‌സുമാര്‍ക്കു ജോലി ലഭ്യമാക്കാനും കഴിയും. സൗദിയിലെ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തരമായി ഭക്ഷണവും സൗകര്യങ്ങളും മുടങ്ങാതെ നല്‍കുക, എത്രയും വേഗം ശമ്പളക്കുടിശ്ശിക ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, ജോലി നഷ്ടപ്പെട്ടവര്‍ക്ക് മറ്റ് സ്‌പോണ്‍സര്‍മാരുടെ കീഴില്‍ ജോലിചെയ്യാന്‍ നിയമതടസ്സങ്ങള്‍ മാറ്റുക, അവര്‍ക്കെതിരേ എന്തെങ്കിലും കേസുകള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കുക, മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് പാസ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
2013ല്‍ നിത്വാഖാത് പ്രശ്‌നം ഉണ്ടായപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റ് നടത്തിയ പുനരധിവാസ ശ്രമങ്ങളോടു സൗദി ഗവണ്‍മെന്റ് പൂര്‍ണമായും സഹകരിച്ചുവെന്നും ഉന്നതതലത്തില്‍ ഇടപെട്ടാല്‍ സൗദി ഗവണ്‍മെന്റിന്റെ സഹകരണം ലഭിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

(Visited 57 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക