|    Mar 23 Fri, 2018 10:00 pm
FLASH NEWS

തൊഴില്‍ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നു : ക്രഷര്‍ യൂനിറ്റില്‍ അപകടത്തില്‍പെടുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നു

Published : 7th August 2017 | Posted By: fsq

 

പത്തനംതിട്ട: സുരക്ഷയും തൊഴില്‍ നിയമങ്ങളും ലംഘിക്കപ്പെടുന്നതോടെ ജില്ലയില്‍ ക്രഷര്‍ യൂനിറ്റില്‍ അപകടത്തില്‍പ്പെടുന്ന ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ജില്ലയിലെ പ്രധാന ക്രഷറുകളിലെല്ലാം യന്ത്രങ്ങളില്‍ കുടുങ്ങിയും, മറ്റിതര അപകടങ്ങളില്‍പ്പെട്ടും പത്തില്‍ അധികം ജീവനുകള്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ ജൂലൈ 31ന് ക്രഷര്‍ യൂനിറ്റിലെ യന്ത്രബല്‍റ്റില്‍ കുരുങ്ങി ഇതര സംസ്ഥാന തൊഴിലാളി മരിച്ചിരുന്നു. പശ്ചിമ ബംഗാള്‍ കൂച്ച് ബിഹാര്‍ ഹല്‍ദിബാരി ബാലഡന്‍ഗ ബാരഹല്‍ ദിബാരിയില്‍ ലാലു റോയി മകന്‍ കാമദേബ്‌റോയി(24)യാണ് മരിച്ചത്. വി-കോട്ടയം മുപ്രമണ്‍ തലയറ അമ്പാടി ഗ്രാനൈറ്റ്‌സിന്റെ ക്രഷര്‍ യൂനിറ്റിലെ മെഷിന്‍ ഓപ്പറേറ്ററാണ് മരണപ്പെട്ട കാമദേബ്‌റോയി. പതിവുപോലെ രാവിലെ ആറിന് കരിങ്കല്ലുകള്‍ വിവിധ വലിപ്പത്തിലാക്കുന്ന മെഷിന്‍ ഓണ്‍ ചെയ്ത ശേഷം ഒമ്പതോടെ മെഷിന്റെ ഓയില്‍ അളവ്‌നോക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്ത്. ഭുമിയുടെ അടിത്തട്ടിലാണ് മെഷിന്‍ സ്ഥാപിച്ചിട്ടുള്ളത്. താഴേക്ക് ഇറങ്ങുമ്പോള്‍ കാല്‍ തെറ്റി മെഷിന്റെ കണ്‍വയര്‍ ബെല്‍റ്റിനിടയില്‍ വീഴുകയായിരുന്നു. ബെല്‍റ്റില്‍ കുരുങ്ങിയ ഇയാളുടെ തലയും ശരീരഭാഗങ്ങളും കറക്കത്തില്‍ ഗ്രില്ലുകളില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. മെഷിന്‍ ഓഫ് ചെയ്ത് ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. സമാനമായ അപകടം ജില്ലയിലെ ഏനാത്ത്, കോന്നി, ചിറ്റാര്‍, പെരുമ്പെട്ടി, റാന്നി, പെരുനാട് പോലിസ് സ്‌റ്റേഷന്‍ അതിര്‍ഥികളില്‍ നടന്നിട്ടുണ്ടെങ്കിലും, ഇവരുടെ അപകട മരണം സംബന്ധിച്ച് വ്യക്്തമായ രേഖകള്‍ ലഭ്യമല്ല. അപകടത്തില്‍പ്പെടുന്നവരില്‍ ഏറെയും ഇതര സംസ്ഥാന തൊഴിലാളികളായതിനാല്‍ ക്വാറി ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കൃത്യമായ മഹസ്സര്‍ റിപോര്‍ട്ട് തയ്യാറാക്കുന്നതിന് പോലിസ്് തയ്യാറാവാത്തതും ഇത് സംബന്ധിച്ച യതാര്‍ഥ വിവരങ്ങള്‍ പുറത്തെത്താതിരിക്കുന്നതിന് മറ്റൊരു കാരണമാവുന്നു. തൊഴിലെടുക്കുന്ന ഇടങ്ങളില്‍ ഇവരെ സംബന്ധിച്ച് രേഖകളില്ലാത്തതും തൊഴില്‍ വകുപ്പില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാലും സംഭവം ഒതുക്കി തീര്‍ക്കുന്നതിന് ക്വാറി, ക്രഷര്‍ ഉടമകളും ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുക്കെട്ടുകള്‍ക്ക് പെട്ടെന്ന് സാധിക്കും. ഫാക്ടറീസ് ആക്ട് 1948, ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട് 1947, മിനിമം വേജസ് ആക്ട് 1948, പേയ്‌മെന്റ് ഓഫ് ബോണസ് ആക്ട് 1965, എംപ്ലോയീസ് കോമ്പന്‍സേഷന്‍ ആക്ട് 1923 തുടങ്ങി നിയമ പ്രകാരം തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പരിരക്ഷയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കില്ല. അതിനാല്‍ തന്നെ അപകടത്തില്‍പ്പെട്ട് മരണമടയുന്ന തൊഴിലാളിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ലഭിക്കാതിരിക്കുകയും ചെയ്യും. ക്വാറികളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷതത്വം ഉറപ്പു വരുത്തേണ്ട തൊഴില്‍ വകുപ്പ് അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും അന്വേഷണത്തിന് മുതിരാറില്ല. ജില്ലയിലെ ഭൂരിഭാഗം ക്വാറികള്‍ക്കും സൂപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍  ജിയോളജി വകുപ്പിനോ, റവന്യൂ വകുപ്പിനോ അനുമതി നല്‍കാന്‍ പറ്റാത്ത സാഹചര്യമാണ്. അതിനാല്‍ തന്നെ എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ഇല്ല. ഇത്തരം പാറമടകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലും അധികൃതര്‍ തയ്യാറാവുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss