|    Nov 19 Sun, 2017 9:34 pm
FLASH NEWS

തൊഴില്‍ തര്‍ക്കം ; കാര്‍ കപ്പലിന്റെ തുറമുഖത്തേക്കുള്ള രണ്ടാം വരവ് പ്രതിസന്ധിയില്‍

Published : 5th October 2016 | Posted By: Abbasali tf

മട്ടാഞ്ചേരി: കാര്‍ കപ്പലിന്റെ കൊച്ചി തുറമുഖത്തേക്കുള്ള രണ്ടാം വരവ് പ്രതിസന്ധിയില്‍. ഗുജറാത്തിലെ കണ്ട്‌ല പോര്‍ട്ടില്‍നിന്ന് രണ്ടായിരം കാറുമായി പുറപ്പെട്ട  എംവി ഡൈസ്ഡന്‍ എന്ന കപ്പല്‍ കൊച്ചിയാണ് ലക്ഷ്യംവച്ചിട്ടുള്ളതെങ്കിലും കൊച്ചിയില്‍ അടുപ്പിക്കണോ എന്ന കാര്യത്തില്‍ ഷിപ്പിങ് കമ്പനി അന്തിമ തിരുമാനം എടുത്തിട്ടില്ല. കാര്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തൊഴില്‍ തര്‍ക്കമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. നാളെ രാവിലെ കൊച്ചി തുറമുഖത്ത് എത്തേണ്ട കപ്പലില്‍ ഇവിടെ ഇറക്കേണ്ട അഞ്ഞൂറ് കാറുകളുണ്ട്. ബാക്കി ചെന്നൈയിലെ എണ്ണൂര്‍ പോര്‍ട്ടില്‍ ഇറക്കാനുള്ളതാണ്. ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ചെയ്ത തൊഴിലാളികളെ ഉപയോഗിച്ചുവേണം കാര്‍ കപ്പലില്‍ നിന്നിറക്കാന്‍ എന്നാണ് യൂനിയനുകളുടെ ആവശ്യമെങ്കിലും ഇത് അംഗീകരിക്കാന്‍ ഷിപ്പിങ് കമ്പനിയും പോര്‍ട് ട്രസ്റ്റും തയ്യാറായിട്ടില്ല. അവിദഗ്ധ തൊഴിലാളികളെയാണു ക്ഷേമ ബോര്‍ഡ് വഴി അവസരം നല്‍കുന്നതെന്നും ഡ്രൈവിങ് ലൈസന്‍സും പരിശീലനവും സിദ്ധിച്ച തൊഴിലാളികളെയാണ് കാര്‍ കപ്പലില്‍ നിന്നിറക്കാന്‍ നിയോഗിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു. കാറുകള്‍ തടസമില്ലാതെ ഇറക്കാന്‍ കഴിയുമെന്ന ഉറപ്പു നല്‍കിയാല്‍ മാത്രമെ കപ്പല്‍ കൊച്ചിയില്‍ അടുപ്പിക്കുകയുള്ളൂവെന്ന് സികാല്‍ ഷിപ്പിങ് കമ്പനി പോര്‍ടിനെ അറിയിച്ചിട്ടുണ്ട്. മാരുതി ഉള്‍പെടെയുള്ള കൂടുതല്‍ കമ്പനികളെ കൊച്ചി തുറമുഖത്തേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണു തൊഴില്‍ തര്‍ക്കം വിനയായിരിക്കുന്നത്. കപ്പല്‍ വഴിമാറി പോവാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് പോര്‍ട്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക