|    May 28 Sun, 2017 8:52 am
FLASH NEWS

തൊഴില്‍പ്രശ്‌നം: കേന്ദ്രസഹായം ലഭ്യമാക്കല്‍ എളുപ്പമല്ലെന്ന് മന്ത്രി വി കെ സിങ്

Published : 21st August 2016 | Posted By: SMR

ത്വാഇഫ്: സൗദിയില്‍ തൊഴില്‍ നഷ്ടമായ ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നോ എംബസിയില്‍ നിന്നോ സാമ്പത്തിക സഹായം ലഭ്യമാക്കല്‍ എളുപ്പമല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ്. മറ്റു രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് അവരുടെ എംബസി മുഖേന സാമ്പത്തിക സഹായം ലഭിച്ച വിവരം ത്വാഇഫിലെ സൗദി ഓജര്‍ കമ്പനി ലേബര്‍ ക്യാംപിലെ തൊഴിലാളികള്‍ ധരിപ്പിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് അത്ര എളുപ്പമല്ലെന്നും നാട്ടിലെത്തുന്നവര്‍ക്ക് വായ്പ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ സഹായമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ വിവരങ്ങള്‍ അതത് സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. നാട്ടിലെത്തിയാലും ജോലിസാധ്യതയുണ്ടെന്നും മന്ത്രി തൊഴിലാളികളെ ധരിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് ത്വാഇഫിലെ മുസര്‍റയിലുള്ള ലേബര്‍ ക്യാംപില്‍ മന്ത്രിയെത്തിയത്. ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ച് തൊഴിലാളികളുടെ പരാതികള്‍ കേള്‍ക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തു. പ്രതിസന്ധി നേരിടുന്ന തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങാനോ ജോലി മാറാനോ തയ്യാറാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങള്‍ അധികകാലം തുടരാനാവില്ല. മടങ്ങുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സൗദി അധികൃതര്‍ നല്‍കും. ശമ്പള കുടിശ്ശികയും സേവനാനന്തര ആനുകൂല്യങ്ങളും നാട്ടില്‍ എത്തിക്കാനുള്ള നടപടി എംബസി ഏറ്റെടുത്തിട്ടുണ്ട്. ആനുകൂല്യങ്ങള്‍ എപ്പോള്‍ ലഭിക്കുമെന്നു പറയാനാവില്ല. എന്നാല്‍ പണം നഷ്ടപ്പെടില്ല. മറ്റു കമ്പനികളിലേക്കു മാറുമ്പോള്‍ നിലവില്‍ ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും കിട്ടണമെന്നില്ല. തൊഴിലാളികള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാവുന്നതാണ്.
കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ്, കോണ്‍സല്‍മാരായ എസ്ആര്‍എച്ച് ഫഹ്മി, ആനന്ദ്കുമാര്‍, സന്ദീപ്കുമാര്‍, ത്വാഇഫ് സിസിഡബ്ല്യൂ പ്രതിനിധികളായ ജമാല്‍ വട്ടപ്പൊയില്‍, നാലകത്ത് മുഹമ്മദ് സാലി, പന്തളം ഷാജി തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. നേരത്തേ ജിദ്ദയിലെ ഓജര്‍ കമ്പനിയുടെ മൂന്നു ലേബര്‍ ക്യാംപുകള്‍ മന്ത്രി വി കെ സിങ് സന്ദര്‍ശിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day