|    Apr 23 Mon, 2018 9:32 am

തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയിലേക്കും വ്യാപിപ്പിക്കുന്നു

Published : 3rd February 2016 | Posted By: SMR

കെ പി മുജീബ്

ഈരാറ്റുപേട്ട: തൊഴിലുറപ്പ് പദ്ധതിയില്‍ കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഭാഗികമായി നീക്കി സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പദ്ധതിയില്‍ നിര്‍ദിഷ്ട തൊഴില്‍ ദിനങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിയാതെ വിവിധ ഗ്രാമപ്പഞ്ചായത്തുകള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
ഇതനുസരിച്ച് എസ്‌സി, എസ്ടി പദ്ധതി ഗുണഭോക്താക്കള്‍, മിച്ചഭൂമി ലഭിച്ചവര്‍, ബിപിഎല്‍ കുടുംബങ്ങള്‍, കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍പ്പെട്ടവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരുടെ ഭൂമികളിലും പ്രവര്‍ത്തി നടപ്പാക്കാം. നീര്‍ത്തട മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ പൊതുസ്ഥലങ്ങളിലും ചെറുകിട നാമമാത്ര കര്‍ഷകരുടെ വയലുകളിലും ഭൂ വികസനത്തിനും പരിസ്ഥിതി പുനസ്ഥാപനത്തിനും ആവശ്യമായ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ പഞ്ചായത്തുകള്‍ക്കാവും.
തരിശു വയല്‍ കൃഷിയോഗ്യമാക്കുന്നതിനായി കുറ്റിക്കാട്ട് നീക്കല്‍ വരമ്പു നിര്‍മാണം, മണ്ണിളക്കല്‍, തറ നിരപ്പാക്കല്‍, നിലവിലുള്ള കൈതോടുകള്‍ മെച്ചപ്പെടുത്തല്‍, പുതിയവ നിര്‍മിക്കല്‍ എന്നിവ ഭൂവികസനത്തില്‍ ഉള്‍പ്പെടുത്തിചെയ്യാനാവും. അതേസമയം നെല്‍കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവൃത്തികളായി നിലം ഉഴുതല്‍, ഞാറ് ഉല്‍പാദനം, വളം വിതറല്‍, കീടനാശിനി പ്രയോഗം, ഞാറുനടീല്‍, കളപറിക്കല്‍, കൊയ്ത്ത് എന്നിവ ഏറ്റെടുക്കാന്‍ പാടില്ലെന്ന് പ്രത്യേക നിഷ്‌കര്‍ഷമുണ്ട്. പറമ്പുകളില്‍ കിളക്കല്‍, പുതയിടല്‍, ബണ്ട്, കയ്യാല നിര്‍മാണം, ചരിവ് അനുസരിച്ച് തറ നിരപ്പാക്കല്‍ എന്നിവ നടപ്പാക്കാം.
കൂടാതെ തോട്ട വിളകള്‍, പഴവര്‍ഗങ്ങള്‍ എന്നിവയുടെ കൃഷിക്കായി ഭൂമി ഒരുക്കല്‍, ജലസേചനം, ചാലുകള്‍ നിര്‍മിക്കല്‍ എന്നിവ ഹോട്ടികള്‍ച്ചറല്‍ പ്ലാന്റേഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ചെയ്യാന്‍ കഴിയും. ചാലുകളുടെ സംരക്ഷത്തിനു ഭിത്തി ആവശ്യമായി വന്നാല്‍ അതിനുള്ള തുക മെറ്റിരിയല്‍ കപോണന്റില്‍ നിന്നോ ജലസേചനത്തിനു പമ്പ് ആവശ്യമെങ്കില്‍ തുക പ്ലാന്‍ ഫണ്ടില്‍ നിന്നോ, ഇതര ഫണ്ടുകളില്‍ നിന്നോ കണ്ടെത്താം. ജല സംരക്ഷണത്തിനായി നീരുറവകളുടെ പരിപാലനം, ഭൂഗര്‍ഭ നീരൊഴുക്ക് സംരക്ഷിക്കുന്ന തടയണ നിര്‍മാണം. കുളങ്ങള്‍ വൃത്തിയാക്കല്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനര്‍നിര്‍മാണം എന്നിവ ഏറ്റെടുത്തു നടപ്പാക്കാം.
കൂടാതെ ഗ്രാമീണ റോഡുകളുടെ കള്‍വര്‍ട്ട് നിര്‍മാണം, ഗ്രാമപ്പഞ്ചായത്തുകളില്‍ ഭരത് നിര്‍മാണ്‍ രാജീവ്ഗാന്ധി സേവാകേന്ദ്രങ്ങളുടെ പ്രവൃത്തി എന്നിവയും കമ്പോസ്റ്റിങ് ജൈവ വളം ഉല്‍പ്പാദനം, കാലിത്തീറ്റ, കാര്‍ഷിക സംബന്ധമായ പ്രവൃത്തികളും പുതിയ നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോഴിക്കൂട്, ആട്ടിന്‍കൂട്, തൊഴുത്തുകള്‍ ഉറപ്പുള്ള തറ തുടങ്ങിയവയുടെ നിര്‍മാണം, പൊതുസ്ഥലങ്ങളില്‍ വര്‍ഷകാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലെ മല്‍സ്യകൃഷി ഗ്രാമീണ കുടിവെള്ള സംരക്ഷണ പ്രവൃത്തികള്‍, വ്യക്തിഗത കക്കൂസ് നിര്‍മാണം, സര്‍ക്കാര്‍ സ്‌കൂളുകളിലെയും അങ്കണവാടികളിലെയും ശൗചാലയങ്ങളുടെ നിര്‍മാണം, ഖര ദ്രവ മാലിന്യ പരിപാലനം തുടങ്ങിയ ഗ്രാമീണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍, അങ്കണവാടികളില്‍ കളി സ്ഥലങ്ങള്‍ എന്നിവയുടെ നിര്‍മാണവും പദ്ധതി പ്രകാരം ഏറ്റെടുക്കാവുന്നതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss