|    Jul 18 Wed, 2018 8:16 pm
FLASH NEWS

തൊഴിലുറപ്പു പദ്ധതിയില്‍ നവീകരിച്ച കുളങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയില്‍

Published : 21st September 2017 | Posted By: fsq

 

ആലത്തൂര്‍: പരമ്പരാഗത ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയില്‍ കുളങ്ങള്‍ വ്യാപകമായി നവീകരിച്ചുവെങ്കിലും മിക്കതും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയില്‍. കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ നവീകരിച്ച കുളങ്ങളാണ് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലായത്. ഈ വര്‍ഷം വേനല്‍ കാലത്ത് നവീകരിച്ച് വൃത്തിയാക്കിയ ജില്ലയിലെ പല കുളങ്ങളും ഒരുമാസം തികയുംമുമ്പ് പായല്‍ നിറഞ്ഞ് നശിക്കാന്‍ തുടങ്ങുകയാണ്.ജില്ലയുടെ വിവിധഭാഗങ്ങളിലെ കുളങ്ങള്‍, ഏരികള്‍ തുടങ്ങിയ ജലസ്രോതസ്സുകള്‍ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുകയാണ്.ഇതിനിടെയാണ് നവീകരിച്ച കുളങ്ങള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാതെ പായല്‍ മൂടാന്‍ ഇടയാകുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കുളം നവീകരിച്ചാല്‍  പലയിടത്തും തിരിഞ്ഞുനോക്കില്ല. കുളങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിന് കുളത്തില്‍ ചലനം അനിവാര്യമാണ്. പലയിടത്തും അത് നടക്കാറില്ല. വേനല്‍ക്കാലത്ത് നിരവധി പേര്‍ കുളിക്കാനും അലക്കാനുമെല്ലാം കുളങ്ങളെ ആശ്രയിക്കാറുണ്ടെങ്കിലും മഴ പെയ്ത് ജലലഭ്യത മെച്ചപ്പെട്ടാല്‍ പലരും കുളങ്ങളെ ഉപേക്ഷിക്കും. പൊതുവില്‍ കുളങ്ങളില്‍ കുളിക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ജില്ലയിലെ ആറായിരത്തിലധികം കുളങ്ങള്‍ ശരിയായി നവീകരിച്ച് പരിപാലിച്ചാല്‍ ജലക്ഷാമത്തെ ഒരു പരിധി വരെ നേരിടാന്‍ കഴിയും. ജീവിത സൗകര്യങ്ങളിലും ജീവിതശൈലിയിലും വന്ന വലിയ മാറ്റമാണ് കുളങ്ങളടക്കമുള്ള ജലസ്രോതസ്സുകളുടെ സ്ഥിതി മോശമാക്കിയത്. ജില്ലയിലെ കുളങ്ങളില്‍ വലിയൊരുഭാഗം  ഉപയോഗിക്കാതെ നശിച്ചുപോയവയാണ്. ഓരോ കുളങ്ങളും പദ്ധതി പ്രകാരം നവീകരിക്കാന്‍ രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ ചിലവഴിച്ചിരുന്നു. ഇതിന്റെ ഭാഗമായി കുളത്തിലെ മണ്ണ് നീക്കുകയും, കുളവാഴകള്‍ ഉള്‍പ്പെടെയുള്ളവ വാരിയെടുക്കുകയും ചെയ്തിരന്നു. ഇങ്ങനെ വാരി മാറ്റി കുളവാഴകള്‍ ഉള്‍പ്പെടെയുള്ള ചണ്ടികള്‍ കുളത്തിന്റെ വരമ്പില്‍ തന്നെയാണ് ഇട്ടത്. ഇതുമൂലം ഇവ വീണ്ടും കുളത്തിലേക്ക് തന്നെ എത്തുകയായിരുന്നു. കടുത്ത വേനലിലും വെള്ളമുള്ള കുളങ്ങള്‍ പോലും ഇത്തരത്തില്‍ സംരക്ഷണം കാത്ത് കിടക്കുകയാണ്. കനാല്‍ വെള്ളം ഉപയോഗിച്ച് നിറച്ച കുളങ്ങള്‍ പോലും കുളിക്കാനോ, തുണി അലക്കാനോ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ ചണ്ടി മൂടി കിടക്കുകയാണ്.നവീകരിക്കുന്ന ജലസ്രോതസുകളെ നിരന്തരമായി പരിപാലിക്കുകയും ആരോഗ്യകരമായി ഉപയോഗിക്കുകയും ചെയ്യാതെ അവയുടെ ദീര്‍ഘകാല  ഉപയോഗം സാധ്യമാകില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss