|    Nov 16 Fri, 2018 3:00 am
FLASH NEWS

തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍; നിയമ ബോധവല്‍ക്കരണ സെമിനാര്‍ നടത്തുമെന്ന് വനിതാ കമ്മീഷന്‍

Published : 20th July 2018 | Posted By: kasim kzm

പാലക്കാട്: എയ്ഡഡ് സ്‌ക്കൂളുകളിലെ പുരുഷന്മാരുള്‍പ്പെട്ട മാനെജ്‌മെന്റും വനിതകളായ അധ്യാപകരും തമ്മിലുളള പ്രശ്‌നം പൊതുപ്രശ്‌നമായി മാറുന്നത് കമ്മീഷന്‍  ഗൗരവത്തോടെ കാണുന്നതായി  സംസ്ഥാന വനിത കമ്മീഷന്‍ ചൂണ്ടിക്കാട്ടി.  ഈ പശ്ചാത്തലത്തില്‍ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സംബന്ധിച്ച്  സെപ്തംബറില്‍ ബോധവത്കരണ സെമിനാര്‍ നടത്തുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ നടന്ന  അദാലത്തിലാണ്  കമ്മീഷന്‍ അംഗങ്ങളായ  അഡ്വ.ഷിജി ശിവജിയും ഇ എം രാധയും  പൊതുപ്രശ്‌നം ചൂണ്ടിക്കാട്ടിയത്. സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങളില്‍ 10 പേരില്‍ കൂടുതല്‍ ജീവനക്കാരുണ്ടെങ്കില്‍ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന ബഹു.സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. അദാലത്തില്‍ ജില്ലയില്‍ സമാനമായ രണ്ട് കേസുകളാണ് പരിഗണിച്ചത്. മറ്റ് ജില്ലകളിലും സമാനകേസുകളുടെ എണ്ണം കൂടുന്നുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു.
ഫോണിലൂടേയും മറ്റും തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനെ തുടര്‍ന്ന്  മുസ്്‌ലിം സമുദായത്തില്‍ പെട്ട പെണ്‍കുട്ടികള്‍ ദുരവസ്ഥയിലാകുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ സമാനകേസുകള്‍ മൂന്നെണ്ണമാണ് കമ്മീഷന് മുന്നിലെത്തിയതെന്ന് അംഗങ്ങള്‍ പറഞ്ഞു. 25 പവന്‍ സ്വര്‍ണ്ണവും ഒന്നരലക്ഷവും കൈക്കലാക്കിയ ശേഷം തലാഖ് ചൊല്ലിയ വിദ്യാസമ്പന്നയായ മുസ്്‌ലിംപെണ്‍കുട്ടിയുടെ പരാതിയാണ് അതിലൊന്ന്.
പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിച്ചതും ദുരവസ്ഥയ്ക്ക്് ആക്കം കൂട്ടിയതായി കേസ് പരിഗണിച്ചശേഷം കമ്മീഷന്‍ അറിയിച്ചു. ബന്ധുക്കളുടെ ഇടപെടലിനെ തുടര്‍ന്നു വിവാഹമോചനത്തിന് തയ്യാറായെത്തിയ ദമ്പതികളെ കമ്മീഷന്റെ കൗണ്‍സിലിങ്ങിന് വിധേയമാകാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
മൊത്തം 98 കേസുകളാണ് പരിഗണിച്ചത്. 39 എണ്ണം തീര്‍പ്പാക്കി. എട്ടെണ്ണം മറ്റ് വകുപ്പുകളുടെ പരിശോധനയ്ക്ക്് വിട്ടു. 25 കേസുകളില്‍ കക്ഷികള്‍ എത്തിയില്ല.26 എണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കും. അദാലത്തില്‍ അഡ്വ.സി രമിക, അഡ്വ.കെ പി വിജയലക്ഷമി, അഡ്വ.ടി ശോഭന, അഡ്വ.അജ്ഞന,കൗണ്‍സിലര്‍ സ്റ്റെഫി, വനിത സെല്‍ പോലിസ് കോണ്‍സ്റ്റിബിള്‍മാരായ എ സക്കീന, എം ചന്ദ്ര പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss