|    Jan 17 Tue, 2017 12:28 pm
FLASH NEWS

തൊഴിലിടങ്ങളിലെ സുരക്ഷ

Published : 9th December 2015 | Posted By: SMR

ഹസീബ് മാങ്കടവ്

നൗഷാദിന്റെ മരണത്തെത്തുടര്‍ന്ന് നല്‍കപ്പെട്ട സഹായധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ നാം മറന്നുപോയ ചില കാര്യങ്ങളുണ്ട്. എന്തുകൊണ്ട് ആ മൂന്നു മനുഷ്യര്‍ക്ക് മരിക്കേണ്ടിവന്നു? അവരെ മരണത്തിലേക്കു തള്ളിവിട്ടതില്‍ നമുക്ക് എന്തുമാത്രം പങ്കുണ്ട്? ഇനിയും ഇത്തരം അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ എന്തു മുന്‍കരുതലുകളെടുത്തു? നമ്മുടെ ജീവന്‍രക്ഷാ നിയമങ്ങളുടെ അപര്യാപ്തതയും ഉള്ളതുതന്നെ നടപ്പാക്കുന്നതിലെ പോരായ്മയുമല്ലേ ഇത്തരം അപകടങ്ങള്‍ക്കു കാരണം?
പൊതുമരാമത്തു ജോലികള്‍ നല്‍കപ്പെടുന്ന കമ്പനികള്‍ക്കു വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ എടുക്കാനുള്ള നിര്‍ദേശം നല്‍കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഉതകുന്ന സംവിധാനങ്ങള്‍ ഒരുക്കാനുള്ള ശേഷി അവര്‍ക്കുണ്ടോ എന്ന പരിശോധന, കരാര്‍ നല്‍കുമ്പോള്‍ തൊഴില്‍ വകുപ്പ് നിര്‍ദേശിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങളുടെ പാലനം, തൊഴിലാളിസുരക്ഷയോട് അനുബന്ധമായി ഓരോ കമ്പനിയുടെയും സുരക്ഷാപദ്ധതിയുടെ റിപോര്‍ട്ടിന്റെ സമര്‍പ്പണം, അതിന്റെ പാലനം, നിര്‍ദേശങ്ങള്‍ ലംഘിക്കുമ്പോള്‍ ശിക്ഷാനടപടികള്‍ അടക്കമുള്ള നടപടികള്‍ നാം സ്വീകരിക്കാറുണ്ടോ?
പലപ്പോഴും നിയമങ്ങളുടെ അപര്യാപ്തതയല്ല, അവ നടപ്പാക്കുന്നതിലുള്ള പോരായ്മകളാണ് അപകടത്തിലേക്കു നയിക്കുന്നത്. തൊഴിലാളികളുടെ മരണത്തെത്തുടര്‍ന്ന് അവര്‍ ജോലി ചെയ്ത കമ്പനിയിലെ സേഫ്റ്റി ഉദ്യോഗസ്ഥനെയും പ്രൊജക്റ്റ് മാനേജറെയും സഹ എന്‍ജിനീയറെയും മനഃപൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു അപകടം നടന്നില്ലായിരുന്നുവെങ്കില്‍ അവര്‍ക്കെതിരേ എന്തെങ്കിലും കേസ് എടുക്കുമായിരുന്നോ? സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും അതു നടപ്പില്‍വരുത്തുന്നതിലും വരുത്തിയ ഗുരുതരമായ പിഴവിന്റെ പേരില്‍ കമ്പനിയും ഉദ്യോഗസ്ഥരും കുറ്റവാളികളല്ലേ?
ഒരു ഓടയുടെ മുഖപ്പ് മാറ്റിയാല്‍ ഒരല്‍പസമയമെങ്കിലും കാത്തുനില്‍ക്കാതെ ഓടയില്‍ ഇറങ്ങരുതെന്ന ഉപദേശം പോലും തൊഴിലാളികള്‍ക്കു ലഭിച്ചിരുന്നില്ല. പക്ഷേ, ഇതിനെക്കാളൊക്കെ വിചാരണ അര്‍ഹിക്കുന്നത്, ഒരു കരാര്‍ ജീവാപായമില്ലാതെ നടപ്പാക്കാന്‍ ചുമതലപ്പെട്ട ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ആ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന വകുപ്പുമേധാവികള്‍ക്കും ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. കരാര്‍ നല്‍കപ്പെട്ട കമ്പനി സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു പരിശോധന നടത്തുന്ന ഒരു നടപ്പുശീലം നമുക്ക് ഇല്ലാത്തതുകൊണ്ടാണ് കമ്പനികളും അലംഭാവം കാണിക്കുന്നത്.
കേരളത്തില്‍ അടുത്തിടെ നടന്ന രണ്ടു ബോട്ടപകടങ്ങള്‍ എടുക്കുക. ആദ്യത്തെ ബോട്ടപകടത്തിനു കാരണമായ അതേ കാരണങ്ങള്‍ രണ്ടാമതും ആവര്‍ത്തിച്ചത് കാണാം. ആദ്യത്തെ അപകടം നടന്നത് ബന്ധപ്പെട്ട സുരക്ഷാ പരിശോധനാ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കൊണ്ടാണെങ്കില്‍ രണ്ടാമതു സംഭവിച്ചത് അതിനേക്കാള്‍ ഗൗരവതരമായി എടുക്കേണ്ടതില്ലേ? ആദ്യം സംഭവിച്ച ദുരന്തത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടുകൊണ്ടെങ്കിലും നടപടികള്‍ കാര്യക്ഷമമാക്കിയിരുന്നെങ്കില്‍ മറ്റൊരു അപകടം നടക്കുമായിരുന്നോ?
ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രമായിരുന്ന വില്ലാജിയോ മാളില്‍ ഒരിക്കല്‍ തീപിടിച്ചു. 19 പേര്‍ മരണപ്പെട്ടു. ഈ ഒരു സംഭവം ഖത്തറിലെ സുരക്ഷാ നിയമങ്ങളുടെ ശക്തമായ നടത്തിപ്പിനാണ് കാരണമായത്. ഖത്തര്‍ രാജകുടുംബാംഗത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന പ്രമുഖ കച്ചവടകേന്ദ്രമായ സിറ്റി സെന്റര്‍ പോലും മാസങ്ങളോളം അടച്ചിട്ടുകൊണ്ട് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളിലും പരിശോധന നടന്നു. നിര്‍ദേശിക്കപ്പെട്ട സമയകാലാവധിക്കുള്ളില്‍ പുതുക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കാന്‍ ഓരോ കെട്ടിടവും നിര്‍ബന്ധിതമായി. സുരക്ഷാ വകുപ്പുമന്ത്രി ഉത്തരവാദിത്തം ഏറ്റെടുത്തു രാജിവയ്ക്കുക പോലും ചെയ്തു.
ഇവിടെ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും അറിയാം സുരക്ഷയെ സംബന്ധിച്ചുള്ള അവകാശങ്ങള്‍ എന്തൊക്കെയാണെന്നത്. അയാള്‍ ജോലി ചെയ്യുന്ന കമ്പനി അത് അയാള്‍ക്ക് നല്‍കല്‍ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ കമ്പനിയുടെ നിലനില്‍പു പോലും ചോദ്യം ചെയ്യപ്പെടും. സുരക്ഷിതമായ ഒരു ലക്ഷം മണിക്കൂര്‍ ജോലിസമയം തികഞ്ഞാല്‍ കമ്പനികള്‍ ആഹ്ലാദത്തോടെ അതൊരു ഫഌക്‌സ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. എല്ലാ പ്രൊജക്റ്റ് സൈറ്റിലും കാണാം ‘സേഫ്റ്റി ഫസ്റ്റ്’ എന്ന വാചകം. ഉയര്‍ന്ന സുരക്ഷാ സംവിധാനം ഒരുക്കുന്ന കമ്പനികള്‍ക്ക് പുതിയ പ്രൊജക്റ്റ് ലഭിക്കാന്‍ കണ്‍സള്‍ട്ടിങ് കമ്പനികളില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തലുകള്‍ അനുകൂലകങ്ങളാണ്.
ഒരു ജീവന്റെ വിലയായി കുറച്ചു ലക്ഷങ്ങള്‍ നല്‍കിയാല്‍ മതി എന്ന മനോഭാവം നാം മാറ്റേണ്ടതുണ്ട്. ഒരു മനുഷ്യന്റെ ചിന്തയ്ക്കും ജീവിതത്തിനും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നു നാം കൊണ്ടുവന്ന മുന്തിയ കടലാസില്‍ പ്രിന്റ് ചെയ്ത അനേകം സംഖ്യകള്‍ വിലയിട്ടാലും പകരമാവില്ല.
നമ്മുടെ നാട്ടിലെ ‘ഹെല്‍മറ്റില്ലെങ്കില്‍ തല ഓംലറ്റാകും’ എന്നതുപോലുള്ള മുന്നറിയിപ്പുകള്‍ക്ക് ഒരു വിരട്ടലിന്റെ ഭാവമാണ്. അത്തരം വൃത്തികെട്ട ഭാവങ്ങള്‍ക്ക് മനുഷ്യരെ സ്വാധീനിക്കാന്‍ കഴിയില്ല. പ്രാസമൊപ്പിക്കാന്‍ കൂടിയാണെങ്കിലും ഇതുപോലുള്ള പ്രയോഗങ്ങള്‍ നമ്മുടെ മനോഭാവത്തെ കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. വേഗത്തില്‍ വണ്ടിയോടിച്ചു വരുന്നവനെയും ഹെല്‍മറ്റിടാതെ വാഹനമോടിക്കുന്നവനെയും ഇരപിടിക്കുന്ന ഒരു ജീവിയുടെ ഭാവത്തില്‍ ഒളിഞ്ഞിരുന്നു പിടികൂടുന്ന സുരക്ഷാസേനയ്ക്ക് ഇതുപോലുള്ള പ്രയോഗങ്ങളാവും പഥ്യം.
മനുഷ്യന്റെ സുരക്ഷയേക്കാള്‍ അവനില്‍ നിന്നു പിഴയായി വാങ്ങുന്ന സംഖ്യക്കാണ് നമ്മുടെ പോലിസ് സംവിധാനം പ്രാധാന്യം നല്‍കുന്നത്. ദേശീയപാത 17ല്‍ പാപ്പിനിശ്ശേരി കഴിഞ്ഞാല്‍ വളപട്ടണം പാലം വരെ സുഖകരമായ പാതയാണ്. അതിന്റെ സ്വാഭാവിക പ്രേരണയില്‍ വേഗത്തില്‍ വരുന്ന വണ്ടികളെ പിടിക്കാന്‍ പാലം തുടങ്ങുന്നിടത്ത് പോലിസ് വല വിരിച്ചിരിപ്പുണ്ട്. പക്ഷേ, നിങ്ങള്‍ക്ക് അവിടെയെവിടെയും സ്പീഡ് ലിമിറ്റ് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാണാന്‍ കഴിയില്ല. ഇതുതന്നെയാണ് മിക്കയിടത്തെയും അവസ്ഥ. അത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഒരു ദിവസത്തെ കലക്ഷന്‍ ടാര്‍ജറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോലിസിനു മടങ്ങിപ്പോകേണ്ടിവരുമായിരുന്നു. വിദേശ രാജ്യങ്ങളില്‍ രണ്ടോ മൂന്നോ കിലോമീറ്ററുകള്‍ കഴിയുമ്പോള്‍ സ്പീഡ് കാമറകള്‍ കാണാം. അത്തരം കാമറകള്‍ക്ക് 300 മീറ്റര്‍ മുമ്പായി ഉറപ്പായും ആ റോഡിലെ വേഗപരിധി അടയാളപ്പെടുത്തിയ ഒരു മുന്നറിയിപ്പ് ബോര്‍ഡ് ഉണ്ടാവും.
സമൂഹത്തിന്റെ പുരോഗതിയെന്നാല്‍ സെയില്‍സ് എക്‌സിക്യൂട്ടീവിന്റെ കുപ്പായമിട്ട് വിദേശത്തു പോയി കുറച്ചു കമ്പനികളെ രാജ്യത്ത് ഓഫിസ് തുടങ്ങാന്‍ വിളിച്ചാല്‍ ഉണ്ടാകുന്നതല്ല. ആ രാജ്യത്തെ പൗരന്റെ ജീവിതത്തിനും അഭിമാനത്തിനും നാം എത്ര വില നല്‍കുന്നു എന്നതിലാണത്. ആണവചോര്‍ച്ചയുണ്ടായി ആളുകള്‍ കൊല്ലപ്പെട്ടാല്‍ ആണവനിലയം നിര്‍മിച്ച കമ്പനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല എന്നു രാജ്യത്തിന്റെ മുദ്രക്കടലാസില്‍ എഴുതിക്കൊടുത്ത ഭരണാധികാരികളുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിക്കെതിരേ പാട്ടു പാടിയ തെരുവുഗായകനെതിരേ രാജ്യദ്രോഹത്തിനു കേസെടുത്തു. കേരളത്തില്‍ മുഖ്യമന്ത്രിക്കു കരിങ്കൊടി കാണിച്ച രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെയും രാജ്യദ്രോഹത്തിനു കേസെടുത്തിരുന്നു. ഇത്തരമൊരു രാജ്യത്ത് മനുഷ്യന്റെ ജീവനും ജനാധിപത്യ അവകാശങ്ങള്‍ക്കും വലിയ വിലയൊന്നുമില്ലെന്നു തീര്‍ച്ച.
എന്തെങ്കിലും അപകടം നടന്നാല്‍ മാത്രമാണ് നാം അതിനിടയാക്കിയ കാരണങ്ങള്‍ തിരയുന്നത്. പിന്നെ ആകെയൊരു ബഹളമാണ്. വൈകാതെ അതങ്ങു കെട്ടടങ്ങും. പിന്നെ അടുത്ത അപകടമുണ്ടാകണം പുതിയ ബഹളങ്ങള്‍ക്ക്. എന്നാല്‍ നൗഷാദ്, നരസിംഹ മൂര്‍ത്തി, ഭാസ്‌കര റാവു എന്നിവരുടെ മരണത്തേക്കാള്‍ നിര്‍ഭാഗ്യകരം അത്തരം ബഹളങ്ങള്‍ പോലുമുണ്ടായില്ല എന്നതാണ്. വര്‍ഗീയത എത്ര വൃത്തികെട്ട രീതിയിലാണ് അനിവാര്യമായ ചില നടപടിക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ച പോലും ഇല്ലാതാക്കുന്നത്. മരിച്ചവരുടെ മതത്തെക്കുറിച്ച് ചിന്തിക്കാന്‍ മാത്രമുള്ള വര്‍ഗീയത നമുക്കില്ലായിരുന്നെങ്കില്‍, നാം അവരുടെയും ഇനി ഇതുപോലുള്ള സാഹചര്യങ്ങളില്‍ മരിക്കാന്‍ സാധ്യതയുള്ളവരുടെയും മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു. ചുരുങ്ങിയപക്ഷം, ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള എന്തെങ്കിലും മാര്‍ഗനിര്‍ദേശം ആരില്‍ നിന്നെങ്കിലും നമുക്കു കേള്‍ക്കാമായിരുന്നു. പക്ഷേ, വര്‍ഗീയത അത്തരം ചിന്തകളെ പോലും മൂടിക്കളഞ്ഞു.
ഡിസംബര്‍ 3നാണ് കെട്ടിടനിര്‍മാണ ചട്ടത്തില്‍ ഇളവു നല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. മൂന്നിനു മുകളില്‍ നിലകളുള്ള കെട്ടിടങ്ങള്‍ക്ക് സ്വന്തമായി അഗ്നിശമന സംവിധാനം വേണമെന്ന നിയമം പണ്ടേയുണ്ട്. 2012 മുതല്‍ കേന്ദ്രം ശക്തമായി ആ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ അഗ്നിശമനസേനാ മേധാവിയായിരുന്ന ജേക്കബ് തോമസ് ഈ ചട്ടം ശക്തമായി നടപ്പാക്കുകയും 60ഓളം ഫഌറ്റുകളുടെ നിര്‍മാണത്തിന് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിനു സ്ഥാനചലനമുണ്ടാവുകയും അനില്‍കാന്തിനെ തലസ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്തു.
അദ്ദേഹവും അതേ നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുകയും കേന്ദ്രചട്ടം നിര്‍ബന്ധമാക്കേണ്ടെന്നു തീരുമാനിക്കുകയുമായിരുന്നു. അനില്‍കാന്തിനെ അഗ്നിശമനസേനയുടെ തലപ്പത്തുനിന്നു മാറ്റിയതും ഇതേ ദിവസം തന്നെയായിരുന്നു. ഇതൊക്കെ ഫഌറ്റ് ലോബിയെ സഹായിക്കാനാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
കേന്ദ്രം നിഷ്‌കര്‍ഷിച്ച സുരക്ഷാ മാനദണ്ഡം പരിഗണിക്കാത്തത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ചവരുടെ മനുഷ്യാവകാശത്തെക്കുറിച്ചും തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തെക്കുറിച്ചുമാണ് നാം ചര്‍ച്ച ചെയ്തിരുന്നതെങ്കില്‍ കെട്ടിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള ഇളവുകള്‍ക്ക് കേരള മന്ത്രിസഭ അംഗീകാരം നല്‍കാന്‍ താല്‍ക്കാലികമായിട്ടെങ്കിലും മടിക്കുമായിരുന്നു. $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 109 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക