|    Sep 23 Sat, 2017 1:10 pm
FLASH NEWS

തൊഴിലാളി സംഘടനയിലെ തര്‍ക്കം സംഘര്‍ഷത്തിലേക്ക്

Published : 5th October 2016 | Posted By: Abbasali tf

കഴക്കൂട്ടം: ടെക്‌നോപാര്‍ക്ക് ഫെയിസ് ത്രീയിലെ കയറ്റിറക്കുമായി ബന്ധപ്പെട്ട് സിഐടിയുവിലെ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷാവസ്ഥയിലെത്തി. പോലിസും ലേബര്‍ഓഫീസറും ഇടപെട്ടെങ്കിലും സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല. കല്ലിങ്ങല്‍, തൃപ്പാദപ്പുരം ഭാഗത്തെ സിഐടിയു ചുമട്ട് തൊഴിലാളികളും കുളത്തൂര്‍ മുക്കോലയ്ക്കല്‍ മേഖലയിലെ തൊഴിലാളികളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണം. കല്ലിങ്ങല്‍ ഭാഗത്തെ തൊഴിലാളികള്‍ക്കാണ് ഫെയിസ് ത്രീയില്‍ വര്‍ഷങ്ങളായി കയറ്റിയിറക്ക് ജോലിചെയ്യുന്നതിനുള്ള അവകാശമെന്നാണ് അവരുടെ പക്ഷം. കുളത്തൂര്‍ മുക്കോലക്കല്‍ ഭാഗത്തുള്ള സിഐടിയു തൊഴിലാളികള്‍ക്ക് ഫെയിസ് ത്രീയില്‍ പണിയെടുക്കാനുള്ള അവകാശമില്ലെന്നും അതിക്രമിച്ച് കയറി ജോലി ചെയ്യുന്നുവെന്നുമാണ് കല്ലിങ്ങല്‍ക്കാരുടെ പരാതി. ഈ പരാതി സിഐടിയുക്കാര്‍ ഉന്നത നേതൃത്വത്തെ അറിയിച്ചെങ്കിലും അനുകൂല സമീപനമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് കല്ലിങ്ങലിലെ 14 സിഐടിയുക്കാരില്‍ ഒമ്പതുപേര്‍ ഇന്നലെ എഐടിയുസിയില്‍ ചേര്‍ന്നു കഴക്കൂട്ടം മണ്ഡലം സെക്രട്ടറി നിര്‍മ്മലകുമാറില്‍ നിന്ന് യൂനിഫോം ഏറ്റുവാങ്ങി. രണ്ടുപേര്‍ ബിഎംഎസിലും ചേര്‍ന്നു. മുമ്പ് സിഐടിയു നേതൃത്വം ഇടപ്പെട്ട് കുളത്തൂര്‍ക്കാര്‍ക്കും ഫെയിസ് ത്രീയില്‍ ജോലി ചെയ്യാനുള്ള കാര്‍ഡ് വാങ്ങി നല്‍കിയിരുന്നു. ഇതില്‍ കല്ലിങലിലുള്ള സിഐടിയുകാര്‍ അടക്കമുള്ള തൊഴിലാളികള്‍ എതിര്‍ത്ത്  കോടതിയെ സമീപിക്കുകയും കേസ് നിലനില്‍ക്കുകയാണ്. ഇരുവിഭാഗങ്ങളും ഇടഞ്ഞതോടെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കുളത്തൂര്‍ മേഖലയില്‍ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക