|    Apr 24 Tue, 2018 2:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക്: രാജ്യം സ്തംഭിച്ചു

Published : 3rd September 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. ഗതാഗതം, ബാങ്കിങ്, കല്‍ക്കരി ഖനനമേഖലകളിലാണ് പണിമുടക്ക് ഏറെ പ്രതിഫലിച്ചത്. ഹരിയാന, പഞ്ചാബ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നൂറുകണക്കിനു തൊഴിലാളികള്‍ അറസ്റ്റു വരിച്ചു.
കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം, ത്രിപുര സംസ്ഥാനങ്ങളില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു; പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഭാഗികവും. രാജ്യത്തെ ഏകദേശം 18 കോടി തൊഴിലാളികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ ഇന്നലെ തെരുവിലിറങ്ങിയെന്നാണ് റിപോര്‍ട്ട്. ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ പണിമുടക്ക് കാര്യമായ ചലനമുണ്ടാക്കിയില്ല. പൊതുമേഖലാ ബാങ്കുകളിലെ സേവനങ്ങളെ പണിമുടക്ക് സാരമായി ബാധിച്ചു. ഇവിടെ ജീവനക്കാരുടെ ഹാജര്‍നില വളരെ കുറവായിരുന്നു.
ടിഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തതോടെ തെലങ്കാനയില്‍ പൊതുഗതാഗതം പൂര്‍ണമായും നിലച്ചു. ആന്ധ്രപ്രദേശിലും തെലങ്കാനയിലും മിക്ക സ്ഥലങ്ങളിലും ഓട്ടോറിക്ഷകള്‍ വരെ നിരത്തിലിറങ്ങിയില്ല. തെലങ്കാനയിലെ സിങ്കറേനി കല്‍ക്കരി ഖനിയിലെ ജീവനക്കാരെല്ലാം പണിമുടക്കി. സംസ്ഥാനത്തെ ആദിലാബാദ്, കരീംനഗര്‍, വാറങ്കല്‍ എന്നീ ജില്ലകളിലായി സ്ഥിതിചെയ്യുന്ന ഖനികള്‍ നിശ്ചലമായി. ആന്ധ്രപ്രദേശ് ട്രാന്‍സ്‌പോര്‍ട്ടിലെ നല്ലൊരു വിഭാഗവും പണിമുടക്കില്‍ പങ്കെടുത്തു. ഹൈദരാബാദ്, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍ റാലികള്‍ നടന്നു.
ഭുവനേശ്വര്‍, കട്ടക്, ബെര്‍ഹാംപുര്‍ എന്നിവിടങ്ങളില്‍ സമരാനുകൂലികള്‍ റെയില്‍പ്പാളം ഉപരോധിച്ചതിനാല്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കര്‍ണാടകയില്‍ സ്റ്റേറ്റ് ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഹാജര്‍നില കുറവായിരുന്നു. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുടെ തൊഴിലാളി സംഘടന പണിമുടക്കില്‍ നിന്നു വിട്ടുനിന്നു. ഹിമാചല്‍പ്രദേശില്‍ സാധാരണ ജീവിതത്തെ പണിമുടക്ക് പൂര്‍ണമായും ബാധിച്ചു. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ജലവൈദ്യുതപദ്ധതികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. വ്യവസായസ്ഥാപനങ്ങളിലെ ജീവനക്കാരും ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരും സമരത്തില്‍ പങ്കെടുത്തു.
പശ്ചിമ ബംഗാളില്‍ 270ഓളം സമരാനുകൂലികളെ അറസ്റ്റ് ചെയ്തു. സമരക്കാര്‍ രണ്ടു ബസ്സുകള്‍ കത്തിച്ചതായി ബംഗാള്‍ വിദ്യാഭ്യാസമന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.
സംസ്ഥാനത്ത് പൂര്‍ണം
തിരുവനന്തപുരം: 24 മണിക്കൂര്‍ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. ബിഎംഎസ് ഒഴികെ പത്തു തൊഴിലാളി സംഘടനകള്‍ പങ്കെടുത്ത പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലായി. റെയില്‍വേ ഒഴികെ പൊതുഗതാഗത സംവിധാനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. ഇരുചക്രവാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. കടകമ്പോളങ്ങളും സ്‌കൂളുകളും കോളജുകളുമെല്ലാം അടഞ്ഞുകിടന്നു. സെക്രട്ടേറിയറ്റ്, സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍, വ്യവസായശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.
സമരാനുകൂലികള്‍ വാഹനം തടഞ്ഞതിനെ തുടര്‍ന്നു ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. രാവിലെ വിവിധ നഗരങ്ങളില്‍ സമരാനുകൂലികള്‍ പ്രകടനം നടത്തി. ട്രെയിനുകളിലെത്തിയവര്‍ വാഹനം കിട്ടാതെ വലഞ്ഞു. തിരുവനന്തപുരം ആര്‍സിസിയിലേക്കും മെഡിക്കല്‍ കോളജിലേക്കും വന്നവരെ പോലിസ് വാഹനങ്ങളില്‍ സ്ഥലങ്ങളിലെത്തിച്ചു. സെക്രട്ടേറിയറ്റിലേക്ക് ട്രേഡ് യൂനിയനുകള്‍ നടത്തിയ സമരം സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒയുടെ പ്രധാന ഗ്യാരേജ് രാവിലെ മുതല്‍ സമരാനുകൂലികള്‍ ഉപരോധിച്ചു. ഉദ്യോഗസ്ഥരെ കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ പട്ടം മരപ്പാലത്ത് തടഞ്ഞതോടെ ചരിത്രത്തില്‍ ആദ്യമായി ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. സമരം ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss