|    Dec 17 Sun, 2017 5:41 pm
FLASH NEWS

തൊഴിലാളി നേതാവിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Published : 28th August 2016 | Posted By: SMR

കല്‍പ്പറ്റ: തൊഴിലാളിയായി തുടങ്ങി തൊഴിലാളികളുടെ ഹൃദയത്തിലേക്ക് വളര്‍ന്ന നേതാവിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. കല്‍പ്പറ്റയിലെ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു ശേഷം നിരവധി വാഹനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് സി ഭാസ്‌കരന്റെ ഭൗതിക ശശീരം സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഹാളില്‍ എത്തിച്ചത്. കോരിച്ചൊരിയുന്ന മഴയെപ്പോലും തൃണവല്‍ഗണിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും നേതാവിനെ ഒരുനോക്ക് കാണാന്‍ സുല്‍ത്താന്‍ ബത്തേരിയിലേക്ക് ഒഴുകി.
സാമൂഹിക-സാംസ്‌കാരിക- സമുദായിക മേഖലകളിലെ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. മന്ത്രി ടി പി രാമകൃഷ്ണന്‍, സിപിഎം സെക്രട്ടേറിയറ്റ് മെംബര്‍മാരായ എം വി ജയരാജന്‍, പി എ മുഹമ്മദ്, സി കെ ശശീന്ദ്രന്‍ എംഎല്‍എ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു. വൈകീട്ട് നിരവധി പേരുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. തൊഴിലാളിയായി ജീവിക്കുകയും തൊഴിലാളികളെ ഒന്നിപ്പിച്ചുകൊണ്ടുപോവുകയും ചെയ്ത നേതാവാണ് സി ഭാസ്‌കരനെന്നും അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിക്ക് നികത്താനാവാത്ത നഷ്ടമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്ന സര്‍വകക്ഷി അനുശേചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയര്‍മാന്‍ സി കെ സഹദേവന്‍ അധ്യക്ഷത വഹിച്ചു.
മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ എല്‍ പൗലോസ്, സി കെ ശശീന്ദ്രന്‍ എംഎല്‍എ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ്, ജനതദള്‍ (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ജോയി, ബിജെപി കര്‍ഷക മോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് പി സി മോഹനന്‍, സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എഐടിയുസി ജില്ലാ സെക്രട്ടറി പി കെ മൂര്‍ത്തി, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി പി അയൂബ് സംസാരിച്ചു.
സി ഭാസ്‌കരന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
കല്‍പ്പറ്റ: സിപിഎം ജില്ലാ സെക്രട്ടറി സി ഭാസ്‌കരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിസ്വാര്‍ഥ പൊതുപ്രവര്‍ത്തകനായിരുന്ന ഭാസ്‌കരന്‍ അചഞ്ചലനായ കമ്മ്യൂണിസ്റ്റ് പോരാളിയായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. തോട്ടംതൊഴിലാളികളെയും ചുമട്ടുതൊഴിലാളികളെയും ഹോട്ടല്‍ തൊഴിലാളികളെയുമെല്ലാം സംഘടിപ്പിച്ച്, അവരെ വര്‍ഗബോധമുള്ളവരാക്കാന്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവന്ന അദ്ദേഹം നല്ല സംഘാടകനായിരുന്നു. ജില്ലയില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് നിസ്തുല സംഭാവന നല്‍കിയ ഭാസ്‌കരന്റെ നിര്യാണം വടക്കന്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നു മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കല്‍പ്പറ്റ: സിപിഎം ജില്ലാ സെക്രട്ടറി സി ഭാസ്‌കരന്റെ നിര്യാണത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം തൊഴിലാളി വര്‍ഗത്തിനു തീരാനഷ്ടമാണെന്നു യോഗം വിലയിരുത്തി.
ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ഇന്നു നടത്താനിരുന്ന ശ്രീനാരായണ ഗുരുദേവന്റെ ജാതിയില്ലാ വിളംബരം ശതാബ്ദി പരിപാടി മാറ്റിവച്ചതായി ജില്ലാ പ്രസിഡന്റ് അഡ്വ. പി ചാത്തുക്കുട്ടി, സെക്രട്ടറി കെ ആര്‍ ജയരാജ് അറിയിച്ചു.
കല്‍പ്പറ്റ: സിപിഎം ജില്ലാ സെക്രട്ടറി സി ഭാസ്‌കരന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് കെ ജെ ദേവസ്യ അധ്യക്ഷത വഹിച്ചു.
അമ്പലവയല്‍: സിപിഎം ജില്ലാ സെക്രട്ടറി സി ഭാസ്‌കരന്റെ നിര്യാണത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു.
സി ഭാസ്‌കരന്റെ വേര്‍പാടില്‍ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അനുശോചിച്ചു.
കല്‍പ്പറ്റ: സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന സി ഭാസ്‌കരന്റെ നിര്യാണത്തില്‍ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അനുശോചിച്ചു.
മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഭാസ്‌കരന്റെ നിര്യാണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss