|    Jun 20 Wed, 2018 8:32 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തൊഴിലാളികള്‍ ആത്മഹത്യാമുനമ്പില്‍

Published : 3rd August 2017 | Posted By: fsq

 

എച്ച്  സുധീര്‍

കെഎസ്ആര്‍ടിസി എന്നു കേള്‍ക്കുമ്പോ ള്‍ മലയാളികള്‍ അഭിമാനത്താല്‍ തലയുയര്‍ത്തിനിന്നൊരു കാലമുണ്ടായിരുന്നു. എന്നാല്‍, കാലാന്തരത്തില്‍ കെട്ടിലും മട്ടിലും മാറ്റം പ്രകടമായതോടെ കെഎസ്ആര്‍ടിസിയുടെ പ്രതാപത്തിനും മങ്ങലേറ്റു. നിലനില്‍പ്പിനായുള്ള പിടിവള്ളികള്‍ ഒന്നൊന്നായി ഇല്ലാതായി ബെല്ലും ബ്രേക്കും നഷ്ടപ്പെട്ട കോര്‍പറേഷന്‍ നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ആനവണ്ടിയില്‍ നിന്ന് അഴിമതിവണ്ടിയിലേക്കുള്ള ദൂരം അതിവിദൂരമായിരുന്നില്ല. ശമ്പളം മുടങ്ങി. പിന്നാലെ കൂനിന്‍മേല്‍ കുരുവായി പെന്‍ഷന്‍ കുടിശ്ശികയും. തൊഴിലാളിവിരുദ്ധ നിലപാടുകളും പരിഷ്‌കാരങ്ങളിലെ പാളിച്ചകളും നിരന്തരമുള്ള സമരങ്ങളിലേക്കും ജീവനക്കാരുടെ ആത്മഹത്യയിലേക്കും വഴിവച്ചു. കടക്കെണിയും അഴിമതിയും കുതികാല്‍വെട്ടും നാള്‍ക്കുനാള്‍ വര്‍ധിച്ചതോടെ ഈ മേഖലയുടെ തകര്‍ച്ചയും പൂര്‍ത്തിയായി. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ കാലത്ത് ശ്രീചിത്തിര തിരുനാള്‍ 1938 ഫെബ്രുവരി 20ന് ഉദ്ഘാടനം ചെയ്ത തിരുവിതാംകൂര്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റാണ് 1965 ഏപ്രില്‍ 1ന് സ്വയംഭരണാധികാരത്തോടെയുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനാക്കി മാറ്റിയത്. 1970 വരെ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവന്ന ഈ സ്ഥാപനം പിന്നീട് ലാഭനഷ്ടങ്ങളുടെ മാനേജ്‌മെന്റ് രീതിയിലേക്കു കടന്നു. പൊതുജനങ്ങള്‍ക്ക് ചെലവു കുറഞ്ഞ സുരക്ഷിതയാത്ര പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തില്‍നിന്നു ലാഭത്തോടുകൂടി മുതല്‍ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിലേക്കു മാറി. ഇതു പ്രതിസന്ധിയിലേക്കുള്ള ആദ്യ ചുവടുവയ്പു കൂടിയായി. മാറിവരുന്ന അധികാരക്കസേരകളുടെയും വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന മാനേജ്‌മെന്റിന്റെയും കക്ഷിരാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങളാണ് ദീര്‍ഘകാലമായി കെഎസ്ആര്‍ടിസിയെ നിയന്ത്രിക്കുന്നത്. സങ്കുചിതവും വ്യക്തിപരവുമായ താല്‍പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മാനേജ്‌മെന്റ് വ്യവസ്ഥയാണ് കോര്‍പറേഷന്റെ ശാപവും. കെഎസ്ആര്‍ടിസി ഇന്ന് അതിജീവനത്തിനായുള്ള തയ്യാറെടുപ്പിലാണ്. കാലങ്ങളായി നിലനിന്ന രീതികളില്‍ പൊളിച്ചെഴുത്തു നടത്തി വരുമാനമുയര്‍ത്താനുള്ള പരിശ്രമങ്ങളും പരിഷ്‌കാരങ്ങളും ഫലപ്രാപ്തിയിലെത്തിക്കാനുള്ള തത്രപ്പാടിലാണ് മാനേജ്‌മെന്റ്. എന്നാല്‍, പരിഷ്‌കാരങ്ങളില്‍ ഭൂരിഭാഗവും തൊഴിലാളിവിരുദ്ധമെന്നാണ് ജീവനക്കാരുടെ നിലപാട്. പ്രതിപക്ഷത്തേക്കാളുപരി ഭരണപക്ഷത്തുനിന്നു തന്നെ വിമര്‍ശനങ്ങള്‍ ശക്തമായി. സര്‍ക്കാരിനും മാനേജ്‌മെന്റിനുമെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐയുടെ പോഷകസംഘടനയായ കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ (എഐടിയുസി) നിലവില്‍ സമര രംഗത്താണ്. ഇന്നലെ സംഘടനയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപക പണിമുടക്കും നടത്തി. ബിഎംഎസും വെല്‍ഫെയര്‍ അസോസിയേഷനും ഉള്‍െപ്പടെയുള്ള മറ്റു സംഘടനകളും ഇവര്‍ക്ക് പിന്തുണയുമായെത്തി. കഴിഞ്ഞ മാസാവസാനം അധികമാരും ചര്‍ച്ചചെയ്യാതെപോയ രണ്ടു മരണങ്ങള്‍ തലസ്ഥാന ജില്ലയിലുണ്ടായി. ഇരുവരും കെഎസ്ആര്‍ടിസിയില്‍ ജോലിചെയ്തവര്‍. പാലോട് യൂനിറ്റില്‍ എം-പാനല്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന സുനില്‍കുമാറും മുന്‍ ജീവനക്കാരനായ സുകുമാരന്‍ നായരും. രണ്ടുപേരുടെയും മരണം സ്വാഭാവികമായിരുന്നില്ല. ആത്മഹത്യയായിരുന്നു. കഴിഞ്ഞ 23നു രാത്രി തന്റെ ഫേസ്ബുക്കില്‍ സ്‌റ്റോപ്പ് റിവഞ്ച് കെഎസ്ആര്‍ടിസി, സ്റ്റോപ്പ് മൈ ലൈഫ് എന്ന് പോസ്്റ്റ് ചെയ്തശേഷമാണ് സുനില്‍കുമാര്‍ മരണത്തിലേക്കു പോയത്. ഒന്ന്, ഒന്നര ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായി, മരിക്കുന്നതിനു മുമ്പുള്ള ഒരാഴ്ച സുനില്‍കുമാറിന് ഡ്യൂട്ടി ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നത്രേ. സുനില്‍കുമാര്‍ മരിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സുകുമാരന്‍ നായരുടെ മരണം. പെന്‍ഷന്‍ മുടങ്ങിയതിലുള്ള മനോവിഷമമായിരുന്നു മരണകാരണമായി ഉയര്‍ന്നുവന്നത്. ആശുപത്രി ചികില്‍സ പോലും മുടങ്ങിയ സാഹചര്യമാണെന്ന് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. തിരുവമ്പാടിയില്‍ ദേവദാസ് എന്ന ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചതും ഇതിനോട് കൂട്ടിവായിക്കണം. കെഎസ്ആര്‍ടിസിയിലെ തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരേ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധസ്വരം ഉയരുന്നതിനിടെയാണ് ഈ രണ്ട് ആത്മഹത്യകളെന്നതും ശ്രദ്ധേയമാണ്. കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയ ഡ്യൂട്ടി പാറ്റേണിന്റെയും പരിഷ്‌കരണ നടപടികളുടെയും ഭാഗമായി ജോലി പോവുമെന്ന ഭയവും തുടര്‍ന്ന് ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നതും എം-പാനല്‍ ജീവനക്കാരില്‍ പലരെയും വേട്ടയാടുകയാണ്. മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്ന് അടുത്തിടെ കൂട്ടത്തോടെ പിരിച്ചുവിട്ട 450ലേറെ എം-പാനല്‍ ജീവനക്കാരും നിലവില്‍ സമരത്തിലാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇത്രയും ജീവനക്കാരെ പിരിച്ചുവിട്ടതെന്നത് ഗുരുതരമായ തൊഴിലാളിവിരുദ്ധ നിലപാടായി യൂനിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും ശമ്പളവും പെന്‍ഷനും മുടങ്ങുന്നതില്‍ ഇടത് അനുകൂല സംഘടനകളും ആശങ്കയിലാണ്. തൊഴിലാളി സര്‍ക്കാരല്ല, തൊഴിലാളിവിരുദ്ധ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നാണ് ഇവരുടെപോലും നിലപാട്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം ഇതുവരെ ഒരു ബസ്സുപോലും പുറത്തിറക്കിയിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയ ഷാസികള്‍ ബോഡിനിര്‍മാണം പൂര്‍ത്തിയാക്കിയശേഷം എം-പാനല്‍ മെക്കാനിക്ക് ജീവനക്കാരെ പൂര്‍ണമായും പിരിച്ചുവിട്ടു. ഇതൊന്നും എല്‍ഡിഎഫ് നയമല്ലെന്നാണു വിമര്‍ശനം. (അവസാനിക്കുന്നില്ല)നാളെ: തുടരുന്ന പരിഷ്‌കാരങ്ങള്‍, ഇടിയുന്ന വരുമാനം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss