|    Dec 14 Thu, 2017 1:36 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

തൊഴിലാളികള്‍ക്ക് അനുഗ്രഹമായി അല്‍ഖോര്‍ കോംപ്ലക്‌സിലെ സൗജന്യ വൈഫൈ

Published : 30th August 2016 | Posted By: SMR

ദോഹ: അല്‍ഖോര്‍ വര്‍ക്കേഴ്‌സ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഏര്‍പ്പെടുത്തിയ സൗജന്യ വൈഫൈ സംവിധാനം സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വലിയ അനുഗ്രഹമായി. തൊട്ടടുത്തുള്ള ലേബര്‍ ക്യാംപുകളില്‍ താമസിക്കുന്ന ഏഷ്യക്കാരായ നിരവധി തൊഴിലാളികളാണ് ചൂട് കാലാവസ്ഥയെ അവഗണിച്ച് കൊണ്ട് സൗജന്യ വൈഫൈ ആസ്വദിക്കാനെത്തുന്നതെന്ന് ഖത്തര്‍ ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. പണച്ചെലവിനെക്കുറിച്ച് ആശങ്കപ്പെടാതെ കുടുംബക്കാരുമായി ഇഷ്ടം പോലെ സംസാരിക്കാനുള്ള അവസരമാണ് സൗജന്യ വൈഫൈ ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് തങ്ങളുടെ മൊബൈല്‍ ഫോണ്‍ വഴി പാസ്‌വേര്‍ഡ് ഉപയോഗിച്ച് വൈഫൈയില്‍ കണക്ട് ചെയ്യാം. സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ മൊബൈല്‍ ഫോണ്‍ വഴി അപേക്ഷിച്ചാല്‍ പാസ്‌വേര്‍ഡ് നല്‍കും.
കോംപ്ലക്‌സിലെ സിറ്റിങ് ഏരിയയില്‍ ഇരുന്ന് കുടുംബക്കാരുമായി ചാറ്റ് ചെയ്യുന്നവരുടെ എണ്ണം ദിനം തോറും വര്‍ധിച്ചു വരുന്നതായി ഇവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വൈഫൈ സൗജന്യമായതോടെ കുടുംബക്കാരുമായി കൂടുതല്‍ അടുത്തിടപഴകാന്‍ സാധിക്കുന്നതായി ഒരു നേപ്പാളി പ്രവാസി പറഞ്ഞു. അതിന് പുറമേ അറിവിന്റെയും വിനോദത്തിന്റെയും പുതിയൊരു ലോകം കൂടിയാണ് സൗജന്യ ഇന്റര്‍നെറ്റ് തങ്ങള്‍ക്ക് മുന്നില്‍ തുറന്നുതരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈഫൈ സേവനം ആരംഭിച്ചതോടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് കൂടുതല്‍ സജീവമായതായി ഇവിടത്തെ റസ്‌റ്റോറന്റ് മാനേജര്‍ പറഞ്ഞു. തൊഴിലാളികള്‍ കൂട്ടമായി വന്ന് സൗജന്യ വൈഫൈയും വാരാന്ത്യങ്ങളിലെ സൗജന്യ സിനിമയും ആസ്വദിക്കും. ഓപ്പണ്‍ തിയേറ്ററിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന മാര്‍ക്കറ്റും ഇവിടെയുണ്ട്. തൊഴിലാളികള്‍ ഇവിടെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയതോടെ റസ്റ്റോറന്റിലെ കച്ചവടവും മെച്ചപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക