|    Jan 22 Sun, 2017 9:23 am
FLASH NEWS

തൊഴിലാളികളുമായി വന്ന മിനിബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്

Published : 28th February 2016 | Posted By: SMR

കാട്ടാക്കട: തൊഴിലുറപ്പ് തൊഴിലാളികളുമായി വന്ന മിനിബസ്
മറിഞ്ഞ് ഒരാള്‍ മരിച്ചു. 30 പേര്‍ക്ക് പരിക്ക്. കുറ്റിച്ചല്‍ പഞ്ചായത്തിലെ പങ്കാവ് കുന്നടിയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ഉത്തരംകോട് കുരുന്തറകോണം കൃഷ്ണാനന്ദ ഭവനില്‍ മഞ്ജു (അജിത- 43) ആണ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചത്.
ഉത്തരംകോട് സ്വദേശി സുമംഗല (60) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചപ്പാത്ത് സ്വദേശികളായ ഭവാനി (68), ബിന്ദു (42), ഓമന (51), പ്രേമകുമാരി (56), രാജമ്മ (60), സരോജം (63), സരോജം (48), തങ്കം (62), വിമല (51), ഉത്തരംകോട് സ്വദേശികളായ ചന്ദ്രിക (48), ലാലി (41), ശ്യാമള (60), സുമംഗല (60), പ്രേമ (60), സുരേഷ്‌കുമാരി (47), ഗിരിജ (50), ശുഭ (31), ഓമന (41) എന്നിവരും അപകടം കണ്ട് തളര്‍ന്നുവീണ ഉത്തരാംകോട് സ്വദേശി സുനി(36)യും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. നിസ്സാര പരിക്കുകളോടെ ആര്യനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗദാമിനി, ഷൈനി, ഡാനി, ഭാമ, സരസമ്മ, ഷീജ, കൗസല്യ, മഞ്ജുള, വാനിന്റെ ഡ്രൈവര്‍ കോട്ടൂര്‍ കിഴക്കേക്കര സ്വദേശി ബിനു (40) എന്നിവരെ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം വിട്ടയച്ചു. തൊഴിലുറപ്പ് തൊഴിലാളികളുമായി കുന്നടിയില്‍ നിന്ന് ഉത്തരംകോട് ഭാഗത്തേ—ക്കു വന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. കൊടുംവളവും കുത്തനെ കയറ്റവുമുള്ള റോഡിലാണ് അപകടം. ആള് കൂടുതലുള്ളതിനാല്‍ കുറച്ചു പേരോട് നടന്നുവരാന്‍ ഡ്രൈവര്‍ ആവശ്യപ്പെടുകയും മറ്റുള്ളവരുമായി മുന്നോട്ടുനീങ്ങുകയും ചെയ്ത വാഹനം കയറ്റത്തിന് പകുതി എത്തിയപ്പോള്‍ നിന്നു. കോണ്‍ക്രീറ്റ് പാത ആയതിനാല്‍ പിന്നോട്ടുനിരങ്ങി നിയന്ത്രണം തെറ്റുകയായിരുന്നു. എന്നാല്‍, ഇതിനിടെ ഡ്രൈവര്‍ വാഹനം വശത്തേക്കു തിരിച്ചു ഭിത്തിയില്‍ ഇടിച്ചുനിര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. വാഹനം തലകീഴായി മൂന്നുതവണ മറിയുകയും 100 മീറ്ററോളം താഴേക്കുവരുകയുമായിരുന്നു. ഇതിനിടെ പിന്നിലൂടെ നടന്നുവരുകയായിരുന്ന മഞ്ജുവിന്റെ പുറത്തുകൂടി വാഹനം മറിയുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനിടെ ആര്യനാട് സിഐ മഞ്ജുലാലിന്റെ നേതൃത്വത്തില്‍ പോലിസ് എത്തുകയും കള്ളിക്കാട്ടു നിന്ന് അഗ്നിശമനസേനയും എത്തിയതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി.
അപകടത്തില്‍പ്പെട്ടവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും ആര്യനാട് ആശുപത്രിയിലും തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അധ്യയന ദിവസങ്ങളില്‍ രാവിലെയും വൈകീട്ടും 30ഓളം സ്‌കൂള്‍കുട്ടികളെയും കൊണ്ട് ഇതുവഴി സഞ്ചരിക്കുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ അവധിദിവസം ആയതിനാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ഓട്ടത്തിന് എത്തിയതായിരുന്നു വാഹനം. കുന്നടിയില്‍ പണി നിറുത്തി ഉത്തരംകോട് നാലാം വാര്‍ഡിലെ ഗ്രാമസഭയ്ക്ക് പോവാന്‍ നേരത്തെ വന്നവരാണ് അപകടത്തില്‍പ്പെട്ടത്. മഞ്ജുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അരുവിക്കര എംഎല്‍എ ശബരീനാഥന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക