|    Mar 20 Tue, 2018 7:45 am
FLASH NEWS

തൊഴിലാളികളുടെ ദുരിതജീവിതം; ജില്ലാ കലക്ടര്‍ കമ്പമല തേയിലത്തോട്ടം സന്ദര്‍ശിച്ചു

Published : 8th October 2016 | Posted By: Abbasali tf

മാനന്തവാടി: ശ്രീലങ്കന്‍ വംശജരെ പുനരധിവസിപ്പിച്ച കേരള വനം വികസന കോര്‍പറേഷന്റെ കീഴിലുള്ള തവിഞ്ഞാല്‍ പഞ്ചായത്തിലെ കമ്പമല തേയിലത്തോട്ടം ജില്ലാ കലക്ടര്‍ ബി എസ് തിരുമേനി സന്ദര്‍ശിച്ചു. തൊഴിലാളികളുടെ ദുരിതപൂര്‍ണ ജീവിതസാഹചര്യത്തെ കുറിച്ച് സാമൂഹികനീതി വകുപ്പ് ഉള്‍പ്പെടെ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കലക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദര്‍ശനം. പാടികളുടെ ദയനീയാവസ്ഥ കലക്ടര്‍ നേരില്‍ കണ്ടു മനസ്സിലാക്കി. 10 അംഗങ്ങള്‍ വരെയുള്ള കുടുംബങ്ങള്‍ ഒറ്റമുറിയില്‍ താമസിക്കേണ്ട ദുരവസ്ഥയും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കക്കൂസ് പോലുമില്ലാത്ത അവസ്ഥയുമെല്ലാം തൊഴിലാളികള്‍ കലക്ടറുടെ മുമ്പാകെ അവതരിപ്പിച്ചു. റേഷന്‍കാര്‍ഡ് എപിഎല്‍ ആയവര്‍, സ്ഥിരമായി തൊഴിലില്ലാത്തവര്‍, ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ പരാതികളുമായി എത്തിയിരുന്നു. എസ്‌റ്റേറ്റിലേക്ക് ഗതാഗതയോഗ്യമായ റോഡില്ലാത്തതും അങ്കണവാടി, ഡിസ്‌പെന്‍സറി എന്നീ പൊതു ആവശ്യങ്ങളും തൊഴിലാളികള്‍ ബോധിപ്പിച്ചു. 1981ലാണ് ശ്രീലങ്കന്‍ വംശജരെ ഇവിടെ പുനരധിവസിപ്പിച്ചത്. അന്നുമുതല്‍ നരകതുല്യ ജീവിതമാണ് തൊഴിലാളികളുടേത്. തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി പ്രദേശവാസികള്‍ക്ക് ജോലി നല്‍കാനും പാടികള്‍ പുനര്‍നിര്‍മിക്കാനും കക്കൂസ് നിര്‍മിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. വനംവകുപ്പ് സ്ഥലം വിട്ടുനല്‍കിയാല്‍ അങ്കണവാടി, ഡിസ്‌പെന്‍സറി എന്നിവ നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്നും ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുള്‍പ്പെടെയുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അടിയന്തരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഒഡിഎഫ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ മധ്യപാടി, രാജഗഡി തുടങ്ങി വനത്തോടനുബന്ധിച്ചുള്ള ദുര്‍ഘട കോളനികളിലും ജില്ലാ കലക്ടര്‍ സന്ദര്‍ശനം നടത്തി. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മായാദേവി, തവിഞ്ഞാല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബാബു, ഷജിത്ത്, സബ് കലക്ടര്‍ ശീറാം സാംബശിവറാവു, പിഎയു പ്രൊജക്റ്റ് ഡയറക്ടര്‍ പി ജി വിജയകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി, ജില്ലാ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫിസര്‍ കെ അനൂപ്, വിവിധ വകുപ്പ് മേധാവികള്‍ പ്രവര്‍ത്തനം വിലയിരുത്തി. അതേസമയം, തങ്ങളുടെ ദുരിതം കണ്ടറിയുന്നതിനായി ഉദ്യോഗസ്ഥര്‍ തോട്ടം സന്ദര്‍ശിച്ച് വാഗ്ദാനങ്ങള്‍ നല്‍കി പോവുന്നതല്ലാതെ മറ്റൊന്നും നടക്കാറില്ലെന്നു കമ്പമലയിലെ തൊഴിലാളികള്‍ കുറ്റപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss