|    Oct 20 Sat, 2018 3:10 am
FLASH NEWS

തൊള്ളായിരം വനത്തില്‍ അപൂര്‍വയിനം മൂങ്ങ

Published : 14th September 2017 | Posted By: fsq

 

കല്‍പ്പറ്റ: തെക്കേ വയനാട് വനംഡിവിഷനിലെ മേപ്പാടി റേഞ്ചില്‍പെട്ട തൊള്ളായിരം വനത്തില്‍ റിപ്ലി മൂങ്ങയെ (ശ്രീലങ്കന്‍ ബേ ഔള്‍) കണ്ടെത്തി. വനംവകുപ്പ്, തൃശൂര്‍ ഫോറസ്ട്രി കോളജ്, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജി എന്നിവ സംയുക്തമായി സൗത്ത് വയനാട് വനംഡിവിഷനില്‍ നടത്തിയ മഴക്കാല പക്ഷി സര്‍വേയിലാണ് പശ്ചിമഘട്ടത്തിലെ അത്യപൂര്‍വ ഇനത്തില്‍പെട്ട റിപ്ലി മൂങ്ങയെ കണ്ടത്. തൊള്ളായിരത്തിലെ നിബിഡവനത്തില്‍ പരുന്തിനെ പിന്തുടരുന്നതിനിടെ അപ്രതീക്ഷിതമായാണ് റിപ്ലി മൂങ്ങ ശ്രദ്ധയില്‍പെട്ടതെന്നു ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ സി കെ വിഷ്ണുദാസ് പറഞ്ഞു. പക്ഷിനീരീക്ഷന്‍ ഷബീര്‍ തുറക്കലാണ് റിപ്ലി മൂങ്ങയുടെ ചിത്രം പകര്‍ത്തിയത്. സംസ്ഥാനത്ത് ആദ്യമായി 1978ല്‍ സൈലന്റ് വാലിയിലാണ് റിപ്ലി മൂങ്ങയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പത്തു വര്‍ഷം മുമ്പ് വടക്കേ വയനാട്ടിലെ പേരിയ വനത്തിലും ഈയിനം മൂങ്ങയെ കണ്ടിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 1,000 മുതല്‍ 2,200 മീറ്റര്‍ വരെ ഉയരമുള്ള കൊടുമുടികള്‍ ഉള്‍പ്പെടുന്ന തെക്കേവയനാട്ടിലെ വെള്ളരിമല, എളമ്പിലേരിമല, ചെമ്പ്രമല, മണ്ടമല, വണ്ണാത്തിമല, കുറിച്യര്‍മല, ഈശ്വരമുടി, ബാണാസുരമല തുടങ്ങിയ സ്ഥലങ്ങളില്‍ ഇക്കഴിഞ്ഞ എട്ട്, ഒമ്പത്, 10 തിയ്യതികളിലായിരുന്നു സര്‍വേ. പശ്ചിമഘട്ടത്തിലെ ഏറ്റവും അപൂര്‍വമായ സസ്യ-പക്ഷി വൈവിധ്യത്താല്‍ സമ്പന്നമാണ് തെക്കേ വയനാട്ടിലെ മലനിരകള്‍. ആകെ 118 ഇനം പക്ഷികളെയാണ് സര്‍വേയില്‍ കാണാനായത്. ഉയരംകൂടിയ പുല്‍മേടുകളില്‍ മാത്രം വസിക്കുന്ന നെല്‍പൊട്ടന്‍, പോതക്കിളി എന്നിവയെ ചെമ്പ്രമല, വണ്ണാത്തിമല, കുറിച്യര്‍മല, ബാണാസുരമല എന്നിവിടങ്ങളില്‍ ധാരാളമായി കാണാനായി. ഒമ്പതിനം പരുന്തും ഏഴിനം ചിലപ്പനും അഞ്ചിനം പ്രാവും  അഞ്ചിനം മരംകൊത്തിയും ആറിനം ബുള്‍ബുളും സര്‍വേ സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടു. ബാണാസുരസാഗര്‍ അണക്കെട്ടില്‍ വലിയ നീര്‍ക്കാക്ക, ചെറിയ നീര്‍ക്കാക്ക, കിന്നരി നീര്‍ക്കാക്ക, ചേരക്കോഴി, പുള്ളിച്ചുണ്ടന്‍ താറാവ് എന്നിവയെ കണ്ടു. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ 35 പക്ഷിനിരീക്ഷകര്‍ സര്‍വേയില്‍ പങ്കെടുത്തു. ഡോ. ആര്‍ എല്‍ രതീഷ്, ശ്വേത ഭാരതി, സഹന, അരുണ്‍ ചുങ്കപ്പള്ളി, അരവിന്ദ് അനില്‍, രാഹുല്‍ രാജീവന്‍, മുഹമ്മദ് അസലം, വി കെ അനന്തു, മുനീര്‍ തോല്‍പ്പെട്ടി, ബി അനുശ്രീ, ഷബീര്‍ തുറക്കല്‍, സബീര്‍ മമ്പാട്, ശബരി ജാനകി എന്നിവര്‍ ഇതില്‍ പ്രമുഖരാണ്. സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുല്‍ അസീസ്, റേഞ്ച് ഓഫിസര്‍മാരായ പി കെ അനൂപ്കുമാര്‍, ബി ഹരിശ്ചന്ദ്രന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ആസിഫ്, സെക്ഷന്‍ ഓഫിസര്‍മാരായ കെ ഐ എം ഇക്ബാല്‍, പ്രശാന്ത്, എസ് പ്രഭാകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആഗസ്ത് 24, 25, 26 തിയ്യതികളില്‍ വടക്കേ വയനാട് വനംഡിവിഷനിലെ മാനന്തവാടി, ബേഗൂര്‍, പേര്യ റേഞ്ചുകളില്‍ നടത്തിയ സര്‍വേയില്‍ 92ഉം ജൂലൈ 15, 16, 17 തിയ്യതികളില്‍ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, കുറിച്യാട്, സുല്‍ത്താന്‍ ബത്തേരി, തോല്‍പ്പെട്ടി റേഞ്ചുകളില്‍ നടത്തിയ സര്‍വേയില്‍ 127ഉം ഇനം പക്ഷികളെ കണ്ടെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss