|    Jan 25 Wed, 2017 1:07 am
FLASH NEWS

തൊമ്മന്‍കുത്തില്‍ ചുഴലി കൊടുങ്കാറ്റ് വന്‍ നാശം വിതച്ചു; നിരവധി വീടുകള്‍ തകര്‍ന്നു; കൃഷി നാശവും

Published : 12th July 2016 | Posted By: SMR

തൊടുപുഴ: തിങ്കളാഴ്ച രാവിലെ പതിനൊന്നേകാലോടെ കരിമണ്ണൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ തൊമ്മന്‍കുത്ത് ഷാപ്പുംപടി ഭാഗത്ത് വീശിയടിച്ച കൊടുങ്കാറ്റ് വന്‍ നാശമുണ്ടാക്കി. നിരവധി വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് ഏക്കറുകണക്കിന് സ്ഥലത്ത് വന്‍ കൃഷി നാശം. അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റ് ഏതാനും മിനിറ്റുകളോളം നീണ്ടുനിന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
വീശിയടിച്ച ശക്തമായ കാറ്റില്‍ കണ്ടത്തിക്കുടി ബെന്നിയുടെ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഷീറ്റുകള്‍ പൂര്‍ണമായും പറന്നു പോയി. വാടകയ്ക്ക് നല്‍കിയിരുന്ന കെട്ടിടത്തിലെ താമസക്കാര്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
സമീപത്തു പ്രവര്‍ത്തിക്കുന്ന ഷാപ്പിന് മുകളിലേക്ക് പറന്നുപോയ വീടിന്റെ മേല്‍ക്കൂര ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പതിക്കുകയും കെട്ടിടത്തിന് മുകളിലേക്ക് കൂറ്റന്‍ തേക്ക് ഒടിഞ്ഞു വീഴുകയും ചെയ്തു. കെട്ടിടത്തിന്റെ ഭിത്തികള്‍ വിണ്ടു കീറുകയും മേല്‍ക്കൂര തകര്‍ന്നു പോവുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന വിജയന്‍, മാറാട്ടില്‍ സണ്ണി എന്നിവര്‍ക്ക് പരിക്കേറ്റു.
തലയില്‍ ഓട് വീണ് പരിക്കേറ്റ സണ്ണിയെ കരിമണ്ണൂര്‍ സെന്റ് മേരീസ് ആശുപുത്രിയില്‍ പ്രവേശിപ്പിച്ചു.മരുത്തുവാമലയില്‍ ജോര്‍ജിന്റെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണ് വീട് ഭാഗികമായും വീടിനോട് ചേര്‍ന്നുണ്ടായിരുന്ന ആട്ടിന്‍ കൂട് പൂര്‍ണമായും തകര്‍ന്നു. ജോര്‍ജിന്റെ കൃഷിയിടത്തിലെ പതിനഞ്ചോളം റബര്‍ മരങ്ങളും ആഞ്ഞിലി ഉള്‍പ്പെടെയുള്ള മറ്റ് മരങ്ങളും കാറ്റില്‍ കടപുഴകി വീണു. റോഡരികില്‍ കച്ചവടം നടത്തി വന്നിരുന്ന തച്ചറോത്ത് ചിന്നമ്മയുടെ പെട്ടിക്കട കാറ്റില്‍ തകര്‍ന്നു. ഇവരുടെ ഉപജീവന മാര്‍ഗമായ കട തകര്‍ന്നെങ്കിലും തലനാഴിരയ്ക്ക് ചിന്നമ്മ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. വാഴേപ്പറമ്പില്‍ തോമസിന്റെ വീടിന്റെ മുകളിലേക്ക് പടുകൂറ്റന്‍ മഹാഗണി മരം ഒടിഞ്ഞു വീണു.
കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തിയ്ക്ക് വിള്ളല്‍ ഉണ്ടായി. തോട്ടത്തിമാലില്‍ തോമസ് ചാക്കോയുടെ വീടിന് മുകളിലേക്ക് സമീപത്ത് നിന്നിരുന്ന തേക്കും ആഞ്ഞലിയും ഒടിഞ്ഞു വീഴുകയും വീട് ഭാഗീകമായി തകരുകയും ചെയ്തു.തോമസിന്റെ കൃഷിയിടത്തിലെ നിരവധി കാര്‍ഷിക വിളകള്‍ നശിച്ചു. കൊടുങ്കാറ്റിന്റെ ശക്തിയില്‍ നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ കടപുഴകിയും ഒടിഞ്ഞ് വീഴുകയും ചെയ്തു. ലൈന്‍കമ്പികള്‍ സഹിതം റോഡിലേക്ക് വീണെന്നറിയിച്ചിട്ടും കാളിയാറില്‍ ന്നും ഏറെ സമയത്തിന് രണ്ട് ലൈന്‍മാന്മാര്‍ മാത്രമാണ് സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.കരിമണ്ണൂര്‍ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ ടോമി, ഷാനവാസ്,സിയാദ്, രാജേഷ്, സുധീഷ്, വര്‍ഗീസ് മാണി എന്നിവരും തൊടുപുഴയില്‍ നിന്നും സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് ടി വി രാജന്റെ നേതൃത്വത്തില്‍ ബിജു പി തോമസ്, പി ജെ സജീവന്‍, ഷിന്റോ ജോസ്, എം എച്ച് നാസര്‍, പി ബെന്നി എന്നിവരും പ്രദേശവാസികളും ചേര്‍ന്നാണ് മരങ്ങള്‍ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. ഇളംദേശം ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജീവ് ഭാസ്‌കര്‍ കരിമ്മണ്ണൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെംബര്‍ ബീന സോമന്‍കുഞ്ഞും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക