|    Jan 19 Thu, 2017 8:38 pm
FLASH NEWS

തൊപ്പിയും താടിയും പറ്റില്ലെന്ന് കാലിക്കറ്റ് സര്‍വകലാശാല; വിദ്യാര്‍ഥിയെ കാംപസില്‍നിന്നു പുറത്താക്കി

Published : 18th August 2016 | Posted By: mi.ptk

UNiversity-of-Calicut

തേഞ്ഞിപ്പലം: തൊപ്പിയും താടിയും വച്ച് ക്ലാസില്‍ വരാന്‍ പാടില്ലെന്നു പറഞ്ഞ് വിദ്യാര്‍ഥിയെ കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ നിന്നു പുറത്താക്കി. ഈ വര്‍ഷം ആഗസ്ത് ഒന്നിന് കാലിക്കറ്റ് സര്‍വകലാശാല കാംപസിലെ കായികവിഭാഗത്തില്‍ നാലുവര്‍ഷത്തെ ബിപിഎഡ് ഇന്റഗ്രേറ്റഡ് കോഴ്‌സിനു പ്രവേശനം നേടിയ വിദ്യാര്‍ഥിയെയാണ് ക്ലാസില്‍നിന്നു പുറത്താക്കിയിരിക്കുന്നത്.
നരാജ്യത്തിനുവേണ്ടി നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ സ്‌പോര്‍ട്‌സ് താരം കൂടിയായ മുഹമ്മദ് ഹിലാല്‍ എന്ന വിദ്യാര്‍ഥിയെയാണ് രണ്ടാഴ്ചയോളമായി ക്ലാസില്‍ കയറ്റാതെ പുറത്താക്കിയിരിക്കുന്നത്. 16,000 രൂപ വാര്‍ഷിക ഫീസ് ഈടാക്കുന്ന സ്വാശ്രയ കോഴ്‌സില്‍ എന്‍ട്രന്‍സ് പരീക്ഷയും കായികക്ഷമത പരീക്ഷയും കഴിഞ്ഞാണ് ഹിലാലിനു പ്രവേശനം ലഭിച്ചത്. കായികക്ഷമത പരീക്ഷയ്ക്ക് സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ തന്നെ താടി നീക്കംചെയ്യണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു. ക്ലാസിലെത്തിയപ്പോള്‍ അധ്യാപകന്‍ താടി നീക്കംചെയ്യാതെ ക്ലാസിലിരിക്കേണ്ടെന്നു പറഞ്ഞ് പുറത്താക്കുകയായിരുന്നു.
അമ്പതോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്ലാസില്‍ ഇരുപതോളം മുസ്‌ലിം വിദ്യാര്‍ഥികളുണ്ട്. അധ്യാപകരുടെ ഭീഷണി മൂലം മറ്റു വിദ്യാര്‍ഥികളെല്ലാം താടി നീക്കംചെയ്‌തെങ്കിലും മുഹമ്മദ് ഹിലാല്‍ അതിനു തയ്യാറായില്ല. തന്നെ ഒഴിവാക്കണമെന്ന് അധ്യാപകരെ നേരില്‍കണ്ട് അപേക്ഷിരുന്നു. എന്നാല്‍, അധ്യാപകര്‍ വഴങ്ങിയില്ല.
താടി വച്ചാല്‍ വര്‍ഗീയപ്രശ്‌നങ്ങളുണ്ടാവും എന്ന കാരണമാണ് ഹിലാലിന്റെ താടി നീക്കംചെയ്യിപ്പിക്കാന്‍ നിര്‍ബന്ധം പിടിക്കുന്ന അധ്യാപകരുടെ വാദം. ഇന്റേണല്‍ മാര്‍ക്ക് ഭയന്ന് വര്‍ഷങ്ങളായി താടി വടിപ്പിക്കല്‍ ഭീഷണിക്കു മുമ്പില്‍ വിദ്യാര്‍ഥികള്‍ വഴങ്ങുകയായിരുന്നു. താടിവച്ച് പഠനം തുടര്‍ന്നാല്‍ കോഴ്‌സ് പാസാക്കില്ലെന്നാണ് അധ്യാപകരുടെ ഹിലാലിനോടുള്ള ഭീഷണി. പ്ലസ്ടു പഠനകാലയളവിലും ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ മൂന്നുവര്‍ഷ പഠന കാലയളവിലും തനിക്ക് തൊപ്പിയും താടിയും വയ്ക്കാന്‍ അനുമതി നല്‍കിയതായി ഹിലാല്‍ വ്യക്തമാക്കി. ദേശീയ സോഫ്റ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ (2009 ഒഡീഷ വെങ്കല മെഡല്‍), 2009ലെ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി, 2013ലെ ബേസ് ബോള്‍ സ്‌റ്റേറ്റ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി, 2010ലെ ദേശീയ ചാംപ്യന്‍ഷിപ്പിലും 2016ലെ ദേശീയ ബേസ് ബോള്‍ സീനിയര്‍ ചാംപ്യന്‍ഷിപ്പിലും പങ്കെടുത്ത് ഹിലാല്‍ മെഡലുകള്‍ നേടിയിരുന്നു.
വ്യക്തിപരമായും മതപരമായും തനിക്ക് താടി വയ്ക്കാന്‍ അനുമതി നല്‍കണമെന്നും കോഴ്‌സില്‍ തുടര്‍ന്നു പഠിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് വൈസ്ചാന്‍സലര്‍, രജിസ്ട്രാര്‍, വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ എന്നിവര്‍ക്ക് ഹിലാല്‍ പരാതി നല്‍കിയിട്ടുണ്ട്. സര്‍വകലാശാലയില്‍ നിന്ന് നീതി കിട്ടിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് കായംകുളം സ്വദേശിയായ ഹിലാല്‍. ഒരു വിദ്യാര്‍ഥി സംഘടനയും പ്രശ്‌നത്തില്‍ ഇതേവരെ ഇടപെട്ടിട്ടില്ല. സര്‍വകലാശാല സ്റ്റിയാറ്റിയൂട്ടിലോ കോഴ്‌സിന്റെ നിയമാവലിയിലോ തൊപ്പിവയ്ക്കാന്‍ പാടില്ലെന്നോ താടി നീക്കംചെയ്യണമെന്നോ പറയുന്നില്ല.
കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘപരിവാര അജണ്ട നടപ്പാക്കാന്‍ ഒരു വിഭാഗം ആളുകള്‍ ഗൂഢാലോചന നടത്തുന്നതിന്റെ ഇരയാണ് മുഹമ്മദ് ഹിലാലെന്നാണു വിലയിരുത്തപ്പെടുന്നത്. മുഹമ്മദ് ഹിലാലിന് നീതി ലഭിക്കണമെന്ന് സര്‍വകലാശാല ഭരിക്കുന്നവര്‍ക്ക് താല്‍പര്യമുണ്ടെങ്കിലും സംഘപരിവാര ലോബിയെ ഭയന്ന് മുഹമ്മദ് ഹിലാലിനോട് താടി നീക്കംചെയ്തു കീഴടങ്ങാനാണ് സര്‍വകലാശാല അധികാരികളുടെ ഉപദേശം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,856 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക