|    Oct 23 Tue, 2018 5:01 pm
FLASH NEWS

തൊണ്ടിവയല്‍ ഐസ് പ്ലാന്റില്‍ മോട്ടോര്‍ സ്ഥാപിക്കാനുള്ള അപേക്ഷ തള്ളി

Published : 18th January 2017 | Posted By: fsq

 

വടകര: വിവാദമായ മുക്കാളി തൊണ്ടിവയല്‍ ഐസ്പ്ലാന്റില്‍ പ്രവര്‍ത്തനാരംഭത്തിനായി മോട്ടോര്‍ സ്ഥാപിക്കാന്‍ ഉടമ നല്‍കിയ അപേക്ഷ അഴിയൂര്‍ പഞ്ചായത്ത് ഭരണസമിതി തള്ളി. ഇന്നലെ നടന്ന ഭരണസമിതി യോഗമാണ് അനുമതി തള്ളിക്കൊണ്ടുള്ള തീരുമാനമെടുത്തത്. യോഗത്തില്‍ പങ്കെടുത്ത 17 അംഗങ്ങളില്‍ സിപിഎമ്മിന്റെ നാല് അംഗങ്ങളും ജനതാദള്‍ എസിലെയും കോണ്‍ഗ്രസ് (എ)യിലെയും ഓരോ അംഗങ്ങളും മാത്രമാണ് അപേക്ഷ പരിഗണിക്കണം എന്നാവശ്യപ്പെട്ടത്. എന്നാല്‍ മുസ്‌ലിംലീഗ്, ജനതാദള്‍ യു, ആര്‍എംപി, എസ്ഡിപിഐ, സിപിഐ (സ്വത) തുടങ്ങിയ പാര്‍ട്ടികളുടെ മെംബര്‍മാര്‍ അപേക്ഷക്കെതിരേയാണ് നിലപാട് സ്വീകരിച്ചത്. കോണ്‍ഗ്രസ്സിലെ ഒരംഗമായ സുധ മാളിയേക്കല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. കോടതി ആനുകൂല്യത്തില്‍ ഐസ്പ്ലാന്റില്‍ അമ്പത് എച്ച്പി മോട്ടോര്‍ സ്ഥാപിക്കാനുള്ള ഉടമയുടെ നീക്കത്തിനാണ് ഭരണസമിതി യോഗം കൂച്ചുവിലങ്ങിട്ടിരിക്കുന്നത്. ഐസ് പ്ലാന്റ് നിര്‍മിക്കാനായി പ്രവൃത്തി ആരംഭിച്ചത് മുതല്‍ പ്രദേശവാസികളുടെ കുടിവെള്ളം മുട്ടുമെന്നും ഇതിനെതിരേ പ്രദേശവാസികളും വിവിധ രാഷ്ട്രീയ പാര്‍ട്ടിയും സമരരംഗത്ത് വന്നിരുന്നു. പ്ലാന്റ് നിര്‍മാണത്തിന് അനുമതിക്കായി കമ്പനി ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. കെട്ടിട നിര്‍മാണത്തിനായി അനുമതി നല്‍കുകയാണ് ഹൈക്കോടതി ചെയ്തത്. കെട്ടിടത്തില്‍ മെഷിനറി സ്ഥാപിക്കണമെങ്കില്‍ പഞ്ചായത്തിന്റെ അനുമതി വാങ്ങണമെന്ന് കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഈ അനുമതിക്ക് വേണ്ടിയാണ് കമ്പനി മോട്ടോര്‍ സ്ഥാപിക്കുന്നതിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. അതേസമയം ഇവര്‍ സ്ഥാപിക്കുന്ന മോട്ടോര്‍ 50 എച്ച്പി താഴെയാണെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് തന്നെ അനുമതി കൊടുക്കാവുന്നതാണ്. എന്നാല്‍ ഈ പ്ലാ ന്റില്‍ ഇതിനും മുകളിലായിട്ടുള്ള മോട്ടോര്‍ സ്ഥാപിക്കുന്നതിനാലാണ് ഭരണസമിതിയുടെ തീരുമാനിത്തിനായി വിട്ടത്. കുടിവെള്ളം മുട്ടിക്കുമെന്നാരോപിച്ച് നാട്ടുകാരും സര്‍വകക്ഷി സമരസമിതിയും ഐസ്പ്ലാന്റിനെതിരേ വര്‍ഷങ്ങളായി സമരത്തിലാണ്. കഴിഞ്ഞ വര്‍ഷം സമരം രൂക്ഷമാവുകയും ഇത്  പോലിസ് ലാത്തിച്ചാര്‍ജിലും ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ ജയില്‍ വാസത്തിലും വരെ കലാശിച്ചിരുന്നു. വേനല്‍ക്കാലങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മൂന്ന് ഉയര്‍ന്ന പ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നിടത്താണ് അമ്പതിനായിരം ലിറ്റര്‍ വെള്ളം പ്രതിദിനം ആവശ്യമായി വരുന്ന പ്ലാന്റ് സ്ഥാപിക്കുന്നതെന്നും ഈ പ്ലാന്റ് വരുന്നതോടെ കുടിവെള്ളം പൂര്‍ണമായി മുട്ടുമെന്നുമാണ് സമരസമിതി പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss