|    Jul 22 Sun, 2018 6:15 am
FLASH NEWS

തൊണ്ടര്‍നാട് പോലിസ് സ്‌റ്റേഷന് ഭരണാനുമതി : യാഥാര്‍ഥ്യമാവുന്നത് പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്

Published : 21st September 2017 | Posted By: fsq

 

മാനന്തവാടി: ജില്ലയിലെ പതിനാറാമത്തെ പോലിസ് സ്‌റ്റേഷന് സര്‍ക്കാര്‍ ഭരണാനുമതി. തൊണ്ടര്‍നാട് കോറോത്താണ് പുതുതായി പോലിസ് സ്‌റ്റേഷന്‍ ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ഭരണാനുമതി നല്‍കിയത്. പതിറ്റാണ്ടുകളായി പ്രദേശവാസികള്‍ നടത്തുന്ന മുറവിളിക്കൊടുവിലാണ് വെള്ളമുണ്ട പോലിസ് സ്‌റ്റേഷനില്‍ നിന്നു വേര്‍പെടുത്തി കോറോത്ത് പോലിസ് സ്‌റ്റേഷന്‍ ആരംഭിക്കുന്നത്. തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളുടെ പ്രവര്‍ത്തന പരിധിയുള്ള വെള്ളമുണ്ട പോലിസ് സ്‌റ്റേഷനില്‍ നിന്നു സ്വതന്ത്രമാക്കി തൊണ്ടര്‍നാടിന് മാത്രമായി പോലിസ് സ്‌റ്റേഷന്‍  അനുവദിക്കണമെന്നതു പതിറ്റാണ്ടുകളായി നാട്ടുകാരുടെ നിരന്തരമായ ആവശ്യമായിരുന്നു. ഇതിനായി മാറിമാറി വന്ന സര്‍ക്കാരുകളെ സമീപിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ കോറോത്ത് പോലിസ് ഔട്ട്‌പോസ്റ്റ് പ്രവര്‍ത്തിച്ചു വന്നിരുന്നു. എന്നാല്‍, പിന്നീടിത് പോലിസ് സ്‌റ്റേഷനായി ഉയര്‍ത്തുകയെന്ന നാട്ടുകാരുടെ ആവശ്യമാണ് പലപ്പോഴായി പല കാരണങ്ങളാല്‍ പരിഗണിക്കാതെ പോയത്. കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന കുറ്റിയാടി ചുരം റോഡിന്റെ പണി പൂര്‍ത്തിയാവുകയും നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോവാന്‍ തുടങ്ങുകയും ചെയ്തതോടെ വെള്ളമുണ്ട പോലിസ് സ്‌റ്റേഷന് കീഴിലായി കോറോത്ത് വീണ്ടും ഔട്ട്‌പോസ്റ്റ് തുടങ്ങുകയുണ്ടായി. എന്നാല്‍, ഇതും പിന്നീട് ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയായിരുന്നു. നേരത്തെ മക്കിയാട് ചീപ്പാട് ബിവറേജസ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ചിരുന്ന സമയത്ത് കുഞ്ഞോം ഉള്‍പ്പെടെയുള്ള വിവിധ ആദിവാസി കോളനികളില്‍ കുറ്റകൃത്യങ്ങളുടെ തോത് വളരെ ഉയര്‍ന്ന നിലയിലായിരുന്നു. ഇതിനു പുറമെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുഞ്ഞോം പ്രദേശത്ത് മാവോവാദി സാന്നിധ്യം വര്‍ധിക്കുകയും തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍ വരെ നടക്കുകയും ചെയ്‌തോടെയാണ് വീണ്ടും പോലിസ് സ്‌റ്റേഷന്‍ എന്ന ആവശ്യം സര്‍ക്കാര്‍ പരിഗണനയില്‍ വന്നത്. സംസ്ഥാനത്ത് അനുവദിക്കേണ്ട 118 പോലിസ് സ്‌റ്റേഷനുകളുടെ മുന്‍ഗണനാ പട്ടിക 2015ല്‍ തയ്യാറാക്കിയപ്പോള്‍ ആ പട്ടികയില്‍ തൊണ്ടര്‍നാട് സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു. പ്രദേശത്തിന്റെ വിസ്തീര്‍ണം,കുറ്റകൃത്യങ്ങളുടെ തോത്, മാവോ-വിഘടനവാദികളുടെ സാന്നിധ്യം, സമീപ പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ള ദൂരം തുടങ്ങിയവയായിരുന്നു പട്ടിക തയ്യാറാക്കുമ്പോള്‍ പരിഗണിച്ചത്. നിലവില്‍ കോറോം ഗവ. എല്‍പി സ്‌കൂളിന് മുന്നിലായി ആഭ്യന്തരവകുപ്പിന്റെ കൈവശമുള്ള ഭൂമിയില്‍ പുതിയ കെട്ടിടമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാനായി ഒരുക്കിയിട്ടുണ്ട്. തൊണ്ടര്‍നാട് പോലിസ് സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാവുന്നതോടെ പ്രദേശവാസികള്‍ക്കും ജോലി ഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന വെള്ളമുണ്ട പോലിസ് സ്‌റ്റേഷനിലെ ജീവനക്കാര്‍ക്കും ഏറെ ആശ്വാസമാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss