|    Aug 21 Mon, 2017 12:16 pm

തൊണ്ടര്‍നാട്ടെ കോളനികളില്‍ 31നകം വീടുപണി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

Published : 4th August 2017 | Posted By: fsq

 

മാനന്തവാടി: മൂന്നുവര്‍ഷം മുമ്പ് വീടുപണി ആരംഭിച്ച് ഇപ്പോഴും പൂര്‍ത്താവാതെ കിടക്കുന്ന തൊണ്ടര്‍നാട് പഞ്ചായത്തിലെ നിരവില്‍പ്പുഴ, കേളോം കോളനികളിലെ 23 വീടുകളുടെ പണി 31നകം പൂര്‍ത്തിയാക്കാന്‍ നല്‍കാന്‍ ജില്ലാ ജഡ്ജി ഡോ. വി വിജയകുമാര്‍ നിര്‍ദേശം നല്‍കി. മൂന്നു വര്‍ഷമായിട്ടും വീടുപണി പൂര്‍ത്തിയാവാതെ ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ കഴിയുന്ന കോളനിയിലെ കുടുംബങ്ങളുടെ അവസ്ഥ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കോളനി സന്ദര്‍ശനത്തിനെത്തിയ ജഡ്ജി ദുരിതമനുഭവിക്കുന്ന മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച ശേഷം പട്ടികവര്‍ഗ വകുപ്പ് അധികൃതരെയും കരാറേറ്റെടുത്ത ട്രൈബല്‍ സൊസൈറ്റി പ്രസിഡന്റിനെയും വിളിച്ചുവരുത്തിയാണ് നിര്‍ദേശം നല്‍കിയത്. ആഗസ്ത് 31നകം പണിപൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാറുകാര്‍ക്കെതിരേ കേസെടുക്കാന്‍ കൂടെയുണ്ടായിരുന്ന മാനന്തവാടി ഡിവൈഎസ്പി എം സി ദേവസ്യയോട് ആവശ്യപ്പെടുകയും ചെയ്തു. ലിന്റല്‍പൊക്കം വരെ പണിപൂര്‍ത്തിയാക്കിയ വീടുകള്‍ക്ക് മേല്‍ക്കൂര നിര്‍മാണത്തിന് വൈദ്യുതി ആവശ്യമാണെങ്കില്‍ ലഭ്യാമാക്കാന്‍ കെഎസ്ഇബി എന്‍ജിനീയര്‍ ബിജുവിനോടും ജഡ്ജി ആവശ്യപ്പെട്ടു. ഇവര്‍ക്കു പുറമെ മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ സന്തോഷ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി ഫ്രാന്‍സിസ്, വാര്‍ഡ് മെംബര്‍ കേശവന്‍ മാസ്റ്റര്‍ എന്നിവരും സന്ദര്‍ശനവേളയില്‍ ജഡിജിയോടൊപ്പമുണ്ടായിരുന്നു. പഞ്ചായത്തില്‍ ട്രൈബല്‍ സൊസൈറ്റി നിര്‍മാണം ഏറ്റെടുത്ത 23 ആദിവാസി വീടുകളുടെ പണിയായിരുന്നു പാതിവഴിയില്‍ ഉപേക്ഷിച്ചത്. മൂന്നര ലക്ഷം രൂപയാണ് വീട് നിര്‍മാണത്തിനായി അനുവദിച്ചത്. ഇതില്‍ ആദ്യ രണ്ടു ഗഡുക്കളാണ് സൊസൈറ്റി കൈപ്പറ്റിയത്. വീട് നിര്‍മാണത്തില്‍ കരാറുകാര്‍ക്ക് ലാഭകരമായി തീരുന്നത് ആദ്യ രണ്ടു ഗഡുക്കള്‍ ലഭിക്കുന്നതാണ്. സൊസൈറ്റി ഭാരവാഹികളെ വിളിച്ചിരുത്തി വീടുനിര്‍മാണം പൂര്‍ത്തിയാക്കാനായി പഞ്ചായത്ത് ശ്രമം നടത്തിയെങ്കിലും ഭാരവാഹികള്‍ പങ്കെടുത്തിരുന്നില്ല. സൊസൈറ്റി ഭാരവാഹികള്‍ തന്നെ പഞ്ചായത്തില്‍ പല വീടുകളും സ്വന്തം നിലയില്‍ നിര്‍മാണം നടത്തുന്നുണ്ട്. അവയുടെയെല്ലാം പണികള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് സൊസൈറ്റിയുടെ പേരിലെടുത്ത വീടുകള്‍ പാതിവഴിയിലുപേക്ഷിച്ചത്. നിരവധി തവണ ഗുണഭോക്താക്കള്‍ ട്രൈബല്‍ ഓഫിസറോടും സൊസൈറ്റി പ്രസിഡന്റിനോടും പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. ജഡ്ജിയുടെ സന്ദര്‍ശനവും നിര്‍ദേശങ്ങളും തങ്ങളുടെ വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ സഹായകമാവുമെന്നാണ് കോളനിക്കാരുടെ പ്രതീക്ഷ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക