|    Apr 25 Wed, 2018 10:51 am
FLASH NEWS

തൊണ്ടര്‍നാട്ടില്‍ വയല്‍നികത്തലും പുറമ്പോക്ക് കൈയേറ്റവും വ്യാപകം

Published : 1st October 2016 | Posted By: Abbasali tf

മാനന്തവാടി: അധികൃതരുടെ ഒത്താശയില്‍ തൊണ്ടര്‍നാട് പഞ്ചായത്തില്‍ വയല്‍നികത്തലും പുഴ പുറമ്പോക്ക് കൈയേറ്റവും വ്യാപകമാവുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതിയിലും ഗ്രാമസഭയിലും ചൂടേറിയ വക്കേറ്റങ്ങള്‍ നടന്നു. ഏറ്റവും ഒടുവിലായി കോറോം പാലേരി റോഡില്‍ സര്‍വേനമ്പര്‍ 530/1എ3യില്‍പെട്ട ഭൂമിയോട് ചേര്‍ന്ന പുഴ പുറമ്പോക്ക് കൈയേറി സ്വകാര്യ വ്യക്തി ക്വാട്ടേഴ്‌സ് മുറികള്‍ നിര്‍മിക്കുന്നതാണ് വിവാദമായിരിക്കുന്നത്. നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന അത്യംകോട് കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപത്തായാണ് അനധികൃത നിര്‍മാണം. ഇതിനെതിരേ പഞ്ചായത്തിലെ നാലാംവാര്‍ഡ് ഗ്രാമസഭ പ്രമേയം പാസാക്കുകയും പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെടുകയുമുണ്ടായി. പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇതു മറികടന്നുകൊണ്ട് നിര്‍മാണം തുടരുകയായിരുന്നു. ഇതിനു പഞ്ചായത്ത് അധികൃതരുടെയും ഭരണസമിതിയുടെയും അനുവാദമുണ്ടായിരുന്നതയി ആക്ഷേപമുണ്ട്. ഇതു സംബന്ധിച്ച് നടന്ന ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതിയില്‍ ബഹളത്തിനിടയാക്കിയത്. ഭരണവിഭാഗത്തിലെ ചിലര്‍ തന്നെ ഇതു ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് കാരണമായത്. ഈ നിര്‍മാണം സംബന്ധിച്ച് പ്രദേശവാസികള്‍ അന്വേഷണം ആവശ്യപ്പെട്ട് മീനങ്ങാടി വിജിലന്‍സില്‍ പരാതി നല്‍കുകയും പ്രാഥമികാന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഭൂമി സംബന്ധിച്ച രേഖകള്‍ ഇപ്പോള്‍ വിജിലന്‍സ് കൈവശമാണുള്ളത്. പഞ്ചായത്തിലെ പല തോടുകളും പുഴയോരങ്ങളും ഇത്തരത്തില്‍ നേരത്തെ കൈയേറി കെട്ടിടം നിര്‍മിച്ചവരും കൃഷി നടത്തുന്നവരും നിരവധിയാണ്. മുന്‍കാലങ്ങളില്‍ വേനല്‍ക്കാലങ്ങലില്‍ പോലും പരന്നൊഴുകിയിരുന്ന പുഴകളും തോടുകളും ഇപ്പോള്‍ അവശേഷിക്കുന്നില്ല. ഈ പ്രദേശങ്ങളെല്ലാം ഇതിനോട് ചേര്‍ന്ന ഭൂവുടമകള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. പുഴയോരങ്ങളുടെ സംരക്ഷണച്ചുമതല ഗ്രാമപ്പഞ്ചായത്തുകള്‍ക്കായതിനാല്‍ ഇവ പരിശോധിക്കാനോ തിരിച്ചുപിടിക്കാനോ വേണ്ട നടപടിയെടുക്കാന്‍ മാറിമാറി വരുന്ന ഭരണസമിതിയോ ഉദ്യോഗസ്ഥരോ മെനക്കെടാറില്ല. ഇതാണ കൈയേറ്റക്കാര്‍ക്ക് സഹായകമാവുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോറോം, നിരവില്‍പ്പുഴ, പാലേരി ഭാഗങ്ങളില്‍ വ്യാപകമായി വയലുകള്‍ നികത്തിയത്. മറ്റ് ഭൂമികളില്ലെന്നു കാണിച്ച് 10 സെന്റ് വയല്‍നികത്താന്‍ അനുമതി നേടിയ ശേഷം കോറോം ടൗണിലെ ഒരേക്കറോളം വയല്‍ ഏതാനും വര്‍ഷം മുമ്പ് നികത്തുകയുണ്ടായി. വീട് നിര്‍മിക്കാന്‍ അനുമതി വാങ്ങി മണ്ണിട്ട ശേഷം വാടക മുറികള്‍ നിര്‍മിച്ച് പഞ്ചായത്ത് നമ്പറിടാന്‍ വേണ്ടിയുള്ള ശ്രമങ്ങളും ഒരുഭാഗത്ത് നടക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss