|    Jun 21 Thu, 2018 11:59 am
FLASH NEWS

തൊട്ടുകൂടായ്മ ആരുടെ സൃഷ്ടി?

Published : 27th July 2016 | Posted By: G.A.G

kancha-elayya
തൊട്ടുകൂടായ്മ ഇന്ത്യയില്‍ വ്യാപകമായി ചര്‍ച്ചചെയ്യുന്ന ഒരു സാമൂഹിക വിഷയമാണ്. മുമ്പ് അതൊരു അന്താരാഷ്ട്ര വിഷയമായിരുന്നു. 2001 ല്‍ വര്‍ഗ്ഗീയത, വര്‍ഗ്ഗവിവേചനം, വിദേശികളോടുള്ള വിദ്വേഷം, ഭയം എന്നീവിഷയങ്ങളില്‍ ഡര്‍ബനില്‍ വെച്ചു നടന്ന യുനൈറ്റഡ് നാഷന്റെ സമ്മേളനത്തില്‍ തെക്കന്‍ ഏഷ്യയില്‍ തൊട്ടുകൂടായ്മയെ കുറിച്ചും ജാതിയെകുറിച്ചും ഒരു ചര്‍ച്ച നടന്നിരുന്നു. ധാരാളം ഇന്ത്യന്‍ സംഘടനകള്‍ തൊട്ടുകൂടായ്മയേയും വര്‍ഗ്ഗീയതയേയും അന്താരാഷ്ട്ര പ്രാധാന്യമുള്ള പ്രശ്‌നമായി പരിഗണിക്കാന്‍ യുഎന്നിനോട് അഭ്യര്‍ത്ഥിക്കുകയുായി. എന്നാല്‍ ഭരതീയ ജനതാ പാര്‍ട്ടി നയിക്കുന്ന നാഷണല്‍ ഡമോക്രാറ്റിക് അലയന്‍സിന്റെ ഗവണ്‍മെന്റ് അതിനെ യുഎന്‍ കാര്യപരിപാടിയുടെ ഭാഗമാകാന്‍ അനുവദിച്ചില്ല. ദലിത് ബുദ്ധിജീവികള്‍ തൊട്ടുകൂടായ്മ  ഒരു അന്താരാഷ്ട്ര വിഷയമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഒരു ഗ്ലോബല്‍ നെറ്റ്‌വര്‍ക്കിലൂടെ മനുഷ്യത്വരഹിതമായ ഈ ആചാരത്തിന് അന്ത്യം കുറിക്കാന്‍ പ്രയത്‌നങ്ങള്‍ നടത്തുന്നുമുണ്ട്.

blurb-elaya
2014 മെയില്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം ബ്രാഹ്മണ ശക്തികള്‍ നയിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘ് ഇന്ത്യയില്‍ തൊട്ടുകൂടായ്മ ഇസ്‌ലാംസൃഷ്ടിയാണെന്നും ഇസ്‌ലാം ഇന്ത്യയില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്നില്ലെന്നുമുള്ള പുതിയ സംവാദം തുടങ്ങിവച്ചു. ആര്‍എസ്എസ്സിലെ അംഗങ്ങള്‍ എഴുതിയ ലേഖനങ്ങള്‍ പുറത്തു വരുന്നുണ്ട്. ഇന്ത്യയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ ജീര്‍ണ സമ്പ്രദായവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മുസ്‌ലിംകളെ കുറ്റപ്പെടുത്താന്‍ ആസൂത്രിതമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ആല്‍ബറൂനിയുടെ ലേഖനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സാഹചര്യങ്ങളെ പരിശോധിക്കുകയാണ് ഇവിടെ. ഇന്ത്യയില്‍ ഇസ്‌ലാമിക സംസ്‌കാരം നിലയുറപ്പിക്കുന്നതിനുമുമ്പ് ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങള്‍ രേഖപ്പെടുത്തിയ വ്യക്തിയാണ് അദ്ദേഹം. അല്‍ബറൂനി രേഖപ്പെടുത്തുന്നതിന് മുമ്പ് ഇന്ത്യയില്‍ ശാസ്ത്രീയമായി തയ്യാറാക്കിയ ഒരു സാമൂഹിക ചരിത്രം ഉണ്ടായിരുന്നുവെന്ന് ഒരു ഹിന്ദുത്വ പണ്ഡിതനും വാദിക്കാന്‍ കഴിയുകയില്ല. ഇന്ത്യയില്‍ തന്റെ കാലത്തെ സാമൂഹ്യ ബന്ധങ്ങള്‍ രേഖപ്പെടുത്തുക എന്ന സത്യസന്ധമായ ജോലി ചെയ്ത അല്‍ബറൂനി അനേകം വിജ്ഞാന ശാഖകളില്‍ വ്യുല്‍പത്തിയുള്ള വ്യക്തിയായിരുന്നു.
പതിനൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ജാതി സംസ്‌കാരവുമായി ബന്ധപ്പെട്ട അല്‍ബറൂനിയുടെ ലേഖനങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പ്, സാമൂഹ്യ അസമത്വങ്ങളെ കുറിച്ച് പ്രവാചകന്‍ മുഹമ്മദിന്റെ നിലപാട് പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഖുര്‍ആനിക തത്വങ്ങളുടെയും പ്രവാചകന്‍ മുഹമ്മദിന്റെ അധ്യാപനങ്ങളുടെയും അടിസ്ഥാനത്തിലുമാണ് ഇന്ത്യയിലും ഇസ്‌ലാം നിലകൊള്ളുന്നത്.
ഇന്ത്യയിലേക്ക് ഇസ്‌ലാം വന്നത് 715 ല്‍ ഇന്ത്യ ആക്രമിച്ച മുഹമ്മദ് ബിന്‍ ഖാസിനെപ്പോലുള്ള അധിനിവേശക്കാര്‍ വഴിയാണെന്നുള്ള മിഥ്യയെ കുറിച്ചും വിശകലനം ചെയ്യാന്‍ ഇവിടെ ആഗ്രഹിക്കുന്നു. ഇസ്‌ലാം ഇന്ത്യയിലേക്ക് വന്നത് ചേരമാന്‍ പെരുമാള്‍ എന്ന കേരള ശൂദ്ര രാജാവ് വഴിയാണ്. അദ്ദേഹം ഏകദേശം 622 ല്‍ പ്രവാചകന്‍ മുഹമ്മദിന്റെ അടുക്കലേക്ക് പോവുകയും ഇസ്‌ലാം സ്വീകരിക്കുകയുമാണുണ്ടായത്. ചേരമാന്‍ പെരുമാള്‍ ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ആയിരുന്നു. 629 ല്‍ നിര്‍മ്മിക്കപ്പെട്ട തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ഇപ്പോഴും സ്ഥിതിചെയ്യുന്ന ചേരമാന്‍ ജുമാ മസ്ജിദിന്റെ ചരിത്രം നമ്മുടെ കൈവശമുണ്ട്. ചേരമാന്‍ പെരുമാളിന്റേത് നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നില്ല. മറിച്ച് സ്വമേധയായുള്ള മതാശ്ലേഷണമായിരുന്നു.
പ്രവാചകന്‍ മുഹമ്മദ് തന്റെ അവസാനത്തെ പ്രഭാഷണം നടത്തിയത് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. അദ്ദേഹം വിവിധ രാജ്യങ്ങളില്‍നിന്നുമുള്ളവര്‍ക്ക് മുമ്പില്‍ നടത്തിയ പ്രസ്താവന കാണുക: ‘ഓ ജനങ്ങളേ! നിങ്ങളുടെ ദൈവം ഒന്നാണ്, നിങ്ങളുടെ പിതാവും ഒന്നാണ്. അറബി അനറബിയേക്കാള്‍ ശ്രേഷ്ഠനല്ല. ചുവന്ന വ്യക്തി കറുത്ത വ്യക്തിയേക്കാള്‍ മഹത്വമുള്ളവനല്ല, ഭക്തിയുടെ കാര്യത്തിലല്ലാതെ’
ഖുര്‍ആനോ പ്രവാചകന്‍ മുഹമ്മദോ സമൂഹങ്ങളെ ജാതിയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചിട്ടില്ല. ഹിന്ദുയിസം ഇപ്പോഴും അതിന്റെ മതപരമായ പ്രധാന വിശ്വാസമെന്ന നിലയ്ക്ക് വിഗ്രഹാരാധന നടത്തുമ്പോള്‍ ഇസ്‌ലാം അതിന് അന്ത്യം കുറിക്കാന്‍ ശ്രമിക്കുകയാണ്. ജാതി, മതവിശ്വാസം, നിറം, വര്‍ഗം എന്നിവക്കതീതമായി എല്ലാ മനുഷ്യര്‍ക്കുവേണ്ടിയും ഒരു ദൈവം, ഒരു ഗ്രന്ഥം, ഒരു ആരാധനാലയം എന്ന ആശയമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ഖുര്‍ആന്‍ മനുഷ്യരുടെ സൃഷ്ടിപ്പിലെ അസമത്വത്തെ അംഗീകരിക്കുന്നില്ല. ജോലിയെ അടിസ്ഥാനമാക്കിയുള്ള വിവേചനവും അത് അംഗീകരിക്കുന്നില്ല.
‘ഓ. മനുഷ്യ വര്‍ഗമേ, നിങ്ങളെ ഒരു ആത്മാവില്‍നിന്നും അതിന്റെ ഇണയില്‍നിന്നും സൃഷ്ടിക്കുകയും അവരില്‍നിന്നും ധാരാളം പുരുഷന്മാരേയും സ്ത്രീകളേയും വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ ഭയപ്പെടുക. തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ മേല്‍ എപ്പോഴും ഒരു നിരീക്ഷകനാണ്.’ സൂറത്ത് അന്നിസാഅ് (4:1)
അവരുടെ നാഥന്‍ അവരോട് പറഞ്ഞു: ‘നിങ്ങള്‍ പുരുഷനോ സ്ത്രീയോ ആകട്ടെ നിങ്ങള്‍ ചെയ്യുന്ന കര്‍മ്മത്തിന് പ്രതിഫലം നല്‍കാതിരിക്കുകയില്ല. നിങ്ങള്‍ പരസ്പരം തുല്യരാണ്’ (3:195)
ബൈബിളിലെ ഉല്‍പത്തി പുസ്തകത്തില്‍ ദൈവം മനുഷ്യനെ തന്റെ സ്വന്തം സ്വരൂപത്തിലാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് പറയുന്നു. ദൈവത്തിന്റെ സ്വരൂപത്തില്‍ അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. പുരുഷനായും സ്ത്രീയായും അവരെ അവന്‍ സൃഷ്ടിച്ചു’ എന്ന് വ്യക്തമാക്കുന്നുമുണ്ട്.
ഇസ്‌ലാമിക സമൂഹത്തില്‍ വര്‍ഗ്ഗം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിലനില്‍ക്കുകയോ തൊട്ടുകൂടായ്മ ഒരു അനുഷ്ഠാനമായി ആചരിക്കുകയോ ചെയ്യുന്നതിന് തെളിവില്ല. ഇപ്പോള്‍ ആര്‍എസ്എസ്സ് ഇസ്‌ലാമിന്റെ മേല്‍ ജാതിയത ആരോപിക്കുകയാണ്. ഇസ്‌ലാം നിലവില്‍ വരുന്നതിന് നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഹിന്ദുഗ്രന്ഥങ്ങള്‍ തൊട്ട്കൂടായ്മ അനുഷ്ഠിക്കുവാന്‍ കല്‍പന നല്‍കുന്നുണ്ട്. എന്നിട്ടും ആര്‍എസ്എസ്സ് ജാതിയെ അടിസ്ഥാനമാക്കിയുള്ള തൊട്ടുകടായ്മ ഇന്ത്യന്‍ ഇസ്‌ലാമിന്റെ സൃഷ്ടിയാണെന്ന് വാദിക്കുന്നു.

ആര്‍എസ്എസ്സിന്റെ പുതിയ തിയറി
elayya-pic

ആര്‍എസ്എസ്സ് ഭാരവാഹികളിലൊരാളായ വിജയ് സോനകര്‍ ശാസ്ത്രി, ‘ഹിന്ദുചര്‍മകര്‍ ജാതി’, ‘ഹിന്ദു കഥിക് ജാതി’, ‘ഹിന്ദു വാല്‍മീകി ജാതി’ എന്നീ പേരുകളിലുള്ള മൂന്നു പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഹിന്ദു വേദ പുസ്തകങ്ങളെ കുറിച്ച് ‘ശൂദ്രന്മാര്‍’ ഒരിക്കലും തൊട്ടുകൂടാത്തവരായിരുന്നില്ല എന്ന് ഈ പുസ്തകങ്ങളുടെ മുഖവുരയില്‍ പറയുന്നു. മധ്യകാലഘട്ടത്തിലെ ‘ഇസ്‌ലാമിക ആക്രമണങ്ങള്‍’ക്കു ശേഷം മാത്രമാണ് തൊട്ടുകൂടാത്തവരും ദലിതുകളും ആവിര്‍ഭവിക്കുന്നതെന്ന് പുസ്തകങ്ങളില്‍ പറയുന്നു.
മൂന്ന് ആര്‍എസ്എസ്സ് ഭാരവാഹികള്‍ ഈ വീക്ഷണം പ്രകടിപ്പിച്ചിട്ടുണ്ട്. അത്ഭുതകരമെന്നു പറയട്ടെ, അവ അടുത്തിടെ പുറത്തിറക്കിയത് ആര്‍എസ്എസ്സ് ചീഫ് മോഹന്‍ ഭഗവത് ആയിരുന്നു.  ഹിന്ദു വേദ പുസ്തകങ്ങളനുസരിച്ച് ‘ശൂദ്രന്‍’മാര്‍ ഒരിക്കലും തൊട്ടുകൂടാത്തവരായിരുന്നില്ല എന്ന് ഭഗവതിന്റെ അടുത്തയാളായ ഭയ്യാജി ജോഷി തന്റെ ആമുഖലേഖനത്തില്‍ പറയുന്നു. മധ്യകാലഘട്ടത്തിനു ശേഷം മാത്രമാണ് തൊട്ടുകൂടാത്തവരും ദലിതരും ഇന്ത്യന്‍ മുസ്‌ലിംകളും ഉയര്‍ന്നുവരുന്നത് എന്ന ഒരു സിദ്ധാന്തം ദലിതുകള്‍ക്കിടയിലും ഒബിസികള്‍ക്കിടയിലും വ്യാപിപ്പിക്കാന്‍ സംഘ്പരിവാറിന്റെ വിവിധ വിഭാഗങ്ങള്‍ നിഗൂഢമായ പ്രചാരണവേലകള്‍ നടത്തിയിട്ടുണ്ട്.
ആ പുസ്തകങ്ങളില്‍ അവതരിപ്പിക്കുന്ന ആശയങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

ഹിന്ദു ചംകാര്‍ ജാതി
ആറായിരത്തി അഞ്ഞൂറ് ജാതികളും അമ്പതിനായിരത്തിലധിരം ഉപജാതികളുമായി ഹിന്ദു സമൂഹം വിഭജിക്കപ്പെട്ടിരിക്കുന്നു. തോല്‍ക്കൊല്ലന്‍ ഹിന്ദു ജാതിയില്‍പ്പെട്ട ഒരു വിഭാഗമാണ്. മുന്‍കാലങ്ങളില്‍ മുഴുവന്‍ ഹിന്ദു സമൂഹവും നാല് വര്‍ണങ്ങളായും നൂറ്റിപതിനേഴ് ഗോത്രങ്ങളായും മുപ്പത്താറ് ജാതികളായും രൂപവല്‍ക്കരിക്കപ്പെട്ടിരുന്നു. അറബികള്‍ എത്തുന്നതിന് മുമ്പ് മുസ്‌ലിംകളോ സിഖുക്കാരോ ദലിതുകളോ ഇവിടെ ഉണ്ടായിരുന്നില്ല.
ഹിന്ദു തോല്‍ക്കൊല്ലന്‍ ജാതിയുടെ ഇപ്പോഴത്തെ അവസ്ഥ, അവരുടെ പുരോഗതിക്ക് വേണ്ടിയുള്ള നടപടികളും ശുശ്രൂഷകള്‍ ശുപാര്‍ശകള്‍ എന്നിവയാണ് ഈ കൃതിയുടെ തുടക്കത്തിലുള്ളത്. ഇന്ത്യയില്‍ ഹിന്ദു തോല്‍ക്കൊല്ലന്‍ ജാതി നല്‍കിയ സംഭവാനകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഹിന്ദു തോല്‍ക്കൊല്ലന്‍ ജാതി തൊട്ടുകൂടാത്തവരാണ്, അശുദ്ധരാണ്, അകറ്റപ്പെട്ടവരാണ് എന്നുള്ള വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്, അസംബന്ധമാണ്, അയുക്തികരമാണ്. ഈ കൃതി തോല്‍ക്കൊല്ല വിഭാഗത്തിന്റെ ഉജ്ജ്വലമായ ചരിത്രം വെളിപ്പെടുത്തുന്നു.

ഹിന്ദു കഥിക് ജാതി
ഹിന്ദുകഥിക് ജാതിയുടെ തുടക്കം, ഉയര്‍ച്ച, വീഴ്ച എന്നിവയുടെ വ്യക്തമായ ചിത്രം ഈ കൃതി നമുക്ക് നല്‍കുന്നു. അവരുടെ പൂര്‍വീകര്‍ വേദകാലഘട്ടമായ കഥികിന്റെ സമര്‍പ്പണമാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ഇന്ന് കഥിക് ജാതിക്ക് ഏകദേശം 1871 ഗോത്രങ്ങളുണ്ട്.
ഹര്‍ഷ സമുദായത്തിന്റെ കഥിക്കുകള്‍ ആണ് ടേമര്‍ലേനിന്റെ കൊള്ളയടിക്കലിനും അക്രമത്തിനും ശക്തമായ മറുപടി നല്‍കിയത്. ലോകം മുഴുവന്‍ കീഴടക്കുക എന്ന അലക്‌സാണ്ടറുടെ സ്വപനം തകര്‍ത്തത് കഥിക് വര്‍ഗ്ഗമാണ്. വിദേശീയരായ മുഗള്‍ ഭരണാധികാരികള്‍ ഹിന്ദുക്കളുടെ മേല്‍ ചുമത്തിയ നികുതിയെ (ജിസ്‌യ) പരസ്യമായി എതിര്‍ത്തത് ഹിന്ദു ജാതികഥിക് ആണ്. ഹിന്ദുസ്ഥാനിലേക്കുള്ള മുസ്‌ലിംകളുടെ പ്രവേശനത്തെ ശക്തമായി എതിര്‍ത്തത് കഥിക് വര്‍ഗ്ഗം മാത്രമായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ 1857 ല്‍ മീററ്റില്‍ നടന്ന ലഹളയുടെ ഹീറോ ഒരു കഥിക് വംശജനായിരുന്നു.

ഹിന്ദു വാല്‍മീകി ജാതി
വാല്‍മീകി സമുദായത്തിന്റെ മഹത്തായ ചരിത്രം തമസ്‌കരിക്കപ്പെട്ടിരിക്കുകയായിരുന്നു. 1931 ലെ സെന്‍സസില്‍ അടിച്ചമര്‍ത്തപ്പെട്ട വര്‍ഗത്തെ വിളിക്കാന്‍ ആദ്യമായി ഉപയോഗിച്ച വാക്ക് അധഃകൃതര്‍ എന്നാണ്. അതിനുശേഷം അത് പതിവായി ഉപയോഗിക്കപ്പെടുന്നു. ദലിത് സംഘത്തില്‍ വാല്‍മീകി, സുദര്‍ശന്‍, റുഖി, മകിയാര്‍, മജ്ഹബി സിഖുകാര്‍ തുടങ്ങിയവരുണ്ട്. ഈ സമൂഹത്തില്‍ 624 ഉപജാതികളുണ്ട്.
വാല്‍മീകി സുദര്‍ശന്‍, മജ്ഹബി തുടങ്ങിയ നിലവിലുള്ള ഹിന്ദു ജാതികളുടെ മതത്തിന്റെയും രാഷ്ട്രത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്വന്തം താല്‍പര്യം പരിത്യാഗം ചെയ്യുക എന്ന മധ്യകാലഘട്ടത്തിലെ കരളലിയിപ്പിക്കുന്ന സംഭവങ്ങളാണ് ഈ പുസ്തകത്തിന്റെ വിഷയം. ഹിന്ദിയിലാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. ശാസ്ത്രീയമായ ചട്ടക്കൂട് ഇതിനില്ല. നരവംശശാസ്ത്രപരമായ ഒരു വിഷയം കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് രചയിതാവിന് നിശ്ചയമില്ല. എന്നിട്ടും ആര്‍എസ്എസ് നേതൃത്വം ഈ പുസ്തകത്തെ നൂതനമായ പ്രഥമ ഗവേഷണ പുസ്തകമായി പരിഗണിക്കുന്നു.

തൊട്ടുകൂടായ്മ ഹിന്ദു വേദപുസ്തകങ്ങളില്‍
ധാരാളം താഴ്ന്ന ജാതിക്കാരും ഗോത്രങ്ങളും മദ്ധ്യകാലഘട്ടത്തിനു ശേഷവും ആധുനിക കാലഘട്ടത്തിനു മുമ്പായും ഇസ്‌ലാമിലേക്ക് കടന്നുവന്നു എന്ന യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബ്രാഹ്മണ സമൂഹവും ദലിത് ബഹുജന്‍ സമൂഹവും തമ്മിലുള്ള സംഘട്ടനം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ഋഗ്വേദം 1500-1200 ബിസിക്കിടയിലാണ് രചിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു.
ഇന്ത്യക്കാരെ വ്യത്യസ്ത വര്‍ണങ്ങളിലും ജാതികളിലും സൃഷ്ടിച്ചു എന്നതാണ് ഋഗ്വേദ സങ്കല്‍പം. ഈ സങ്കല്‍പം അംഗീകരിക്കുന്നതോടുകൂടി ജനങ്ങളെ ഏത് തരത്തിലേക്കും തരം താഴ്ത്താന്‍  കഴിയും. ഈ പ്രശ്‌നത്തെ സംബോധന ചെയ്യാന്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നില്ല.
ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന് ശക്തമായ അടിത്തറനല്‍കിയ മറ്റു ഹിന്ദു വേദപുസ്തകങ്ങള്‍ ഉപനിഷത്തുക്കളാണ്. അവ 787-820 ബിസി കാലഘട്ടത്തിലാണ് രചിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. ഉപനിഷത്തുകള്‍ എഴുതപ്പെട്ട സമയത്ത് ബഹിഷ്‌കൃതര്‍ ഉണ്ടായിരുന്നു എന്ന് ഉപനിഷത്തുകള്‍ ‘ബഹിഷ്‌കൃതര്‍’ എന്ന പദം ഉപയോഗിച്ചതില്‍നിന്നും മനസ്സിലാക്കാം. മനുഷ്യന്റെ പുനര്‍ജന്മം ബ്രാഹ്മണ ജാതിയുമായി ഒരാള്‍ക്കുള്ള ബന്ധത്തിന്റെ സന്മാര്‍ഗിക പരിണിതഫലം ആണെന്ന് വിശദീകരിക്കപ്പെടുന്നു. ഈ ആത്മീയ സിദ്ധാന്തം ശൂദ്രരെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ, അത് അശരണരുടെയോ തൊട്ടുകൂടാന്‍ പാടില്ലാത്തവരുടേയോ ഒരു സാമൂഹിക ഘടന സൃഷ്ടിക്കുന്നു.
വ്യത്യസ്ത ജാതികളെ കുറിച്ചും സമൂഹത്തില്‍ അവയ്ക്കുള്ള സ്ഥാനത്തെ കുറിച്ചും ഭഗവദ്ഗീത വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ഗീത ശ്രദ്ധയോടെ വായിച്ചാല്‍ അത് ശൂദ്രരേയും ഒബിസിയെയും അടിമകളാക്കുന്നതിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായി കാണുവാന്‍ കഴിയും. ഋഗ്വേദംതന്നെ തുടങ്ങിവെച്ച ഒരു സമ്പ്രദായമാണ് ഇത്.
ജാതി സമ്പ്രദായവും തൊട്ടുകൂടായ്മയും ഇന്ത്യയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ബിസി ആറാം നൂറ്റാണ്ടില്‍ ഗൗതമ ബുദ്ധന്‍ ബുദ്ധിസത്തിന് അടിസ്ഥാനമിട്ടു. ബുദ്ധന്റെ ജീവിതകാലത്ത് ജാതിയും തൊട്ടുകൂടായ്മയും വളരെ ശക്തമായിതന്നെ നിലനിന്നിരുന്നു. ബുദ്ധ സംഘങ്ങള്‍ തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ വളരെയധികം ശ്രമിച്ചു. പക്ഷേ, അവര്‍ ഭാഗികമായി മാത്രമേ വിജയിക്കുകയുണ്ടായുള്ളൂ. സംഘസമ്പ്രദായം ജാതിസമ്പ്രദായം ആചരിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ സംഘത്തിന് പുറത്ത് പൊതു സമൂഹത്തില്‍ അത് ആചരിക്കപ്പെട്ടിരുന്നു.

അല്‍-ബറൂനിയുടെ പഠനം
albarooniഅല്‍ബറൂനി അബൂറിഹാന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് എഴുതിയ ‘താരിഖ്-അല്‍ഹിന്ദ്’ എന്ന പുസ്തകത്തിന്റെ പരിഭാഷയായ ‘അല്‍-ബറൂനിയുടെ ഇന്ത്യ’യാണ് 11-ാം നൂറ്റാണ്ടിലെ ജാതി സമ്പ്രദായത്തിന്റെ ഘടനയെക്കുറിച്ച് പറയുന്ന ആദ്യത്തെ പ്രധാന ചരിത്ര പുസ്തകം. അദ്ദേഹം ഇന്ത്യയിലേക്കുള്ള യാത്രയില്‍ ഗസ്‌നിയിലെ മഹ്മൂദുമായി യാത്ര ചെയ്യുകയും പഞ്ചാബില്‍ ധാരാളം വര്‍ഷങ്ങള്‍ താമസിക്കുകയും ചെയ്തു. അദ്ദേഹം സംസ്‌കൃത ഭാഷ പഠിച്ചു. അറബിഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തിലേക്ക് പരിഭാഷപ്പെടുത്തി. ചില സംസ്‌കൃതഗ്രന്ഥങ്ങള്‍ അറബിയിലേക്കും പരിഭാഷപ്പെടുത്തി.
ഹിന്ദുക്കളുമായി സംവാദത്തിലേര്‍പ്പെടാനും അവരുടെ നാഗരികതയെകുറിച്ച് ചര്‍ച്ച ചെയ്യാനും ആഗ്രഹിക്കുന്ന മുസ്‌ലിംകള്‍ക്കായി അല്‍ബറൂനി ഏകദേശം ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചു.
blurb-elaya-2ഇന്ത്യയിലെ തൊട്ടുകൂടായ്മയെക്കുറിച്ച് 11 ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ അല്‍ ബറൂനി മനസ്സിലാക്കി. അദ്ദേഹം പറഞ്ഞതനുസരിച്ച് ‘ബ്രാഹ്മണന്മാര്‍ ക്ഷത്രിയരെ വേദം പഠിപ്പിക്കുന്നു. ക്ഷത്രിയര്‍ അത് പഠിക്കുന്നു. എന്നാല്‍, അതു പഠിപ്പിക്കാന്‍ അവര്‍ക്കനുവാദമില്ല, ഒരു ബ്രാഹ്മണനെപോലും. വൈശ്യര്‍ക്കും ശൂദ്രര്‍ക്കും അത് കേള്‍ക്കാന്‍ അനുവാദമില്ല. അത് ഉച്ചരിക്കാനോ വായിക്കാനോ പോലും. അവരിലാരെങ്കിലും വേദം കേള്‍ക്കുകയോ ഉച്ചരിക്കുകയോ ചെയ്തുവെന്ന് തെളിഞ്ഞാല്‍ ബ്രാഹ്മണര്‍ അവരെ ദണ്ഡനാധികാരിയുടെ മുന്നിലേക്ക് വലിച്ചു കൊണ്ടുപോവും. അവരുടെ നാവ് മുറിക്കപ്പെടും. അല്‍ ബറൂനിയുടെ കാലത്തുനിന്നും വ്യത്യസ്തമാണ് നമ്മുടെ കാലത്തെ സാമൂഹ്യഘടന. അന്ന് വൈശ്യര്‍ക്കും ശൂദ്രര്‍ക്കും ഹിന്ദുവേദഗ്രന്ഥങ്ങള്‍ വായിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് അവര്‍ക്ക് വേദഗ്രന്ഥങ്ങള്‍ വായിക്കാനുള്ള അവകാശം ലഭിച്ചിട്ടുണ്ട്. ഇന്ന് വൈശ്യര്‍ ഉയര്‍ന്ന ആത്മീയപദവി നേടിയെടുത്തിട്ടുണ്ട്. പക്ഷേ, ആത്മീയതയുടെ മണ്ഡലത്തില്‍ ശൂദ്രരുടെ പദവിക്ക് മാറ്റം വന്നിട്ടില്ല.
ഇന്ത്യയില്‍ ജാതിവിഭജനം എങ്ങനെയാണെന്നും ഏതു രീതിയിലുള്ള ആചാരങ്ങളാണ് നിലവിലുണ്ടായിരുന്നതെന്നും അല്‍ബറൂനി വിവരിച്ചിട്ടുണ്ട്. ഒരു വിദേശ പണ്ഡിതന്‍ എന്ന നിലക്ക് ജാതി സമ്പ്രദായത്തെ കുറിച്ച് പഠിക്കുമ്പോള്‍ അദ്ദേഹം ധാരാളം പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചു. അദ്ദേഹത്തിന് ആശയവിനിമയം നടത്താന്‍ കഴിഞ്ഞത് സംസ്‌കൃതം സംസാരിക്കാന്‍ കഴിവുള്ള വ്യക്തികളുമായി മാത്രമായിരുന്നു. അവര്‍ അടിസ്ഥാനപരമായി ബ്രാഹ്മണരായിരുന്നു. തൊട്ടുകൂടാത്തവര്‍ ഗ്രാമങ്ങളില്‍നിന്നും പട്ടണങ്ങളില്‍നിന്നും മാറി വളരെ ദൂരെയായിരുന്നു താമസിച്ചിരുന്നത്. പ്രധാന ഗ്രാമങ്ങളിലും പട്ടണങ്ങളിലും അവരുടെ സാന്നിദ്ധ്യം മരണഹേതുവായാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നിട്ടും, തന്റെ അദ്ധ്വാനത്തിന്റെ ഫലമായി അല്‍ബറൂനിക്ക് അയിത്തജാതികളുടെ പേരുകളും അവരുടെ ജീവിത സാഹചര്യങ്ങളും വിവരിക്കാന്‍ കഴിഞ്ഞു.
അല്‍ ബറൂനി വ്യത്യസ്ത ജാതികളുടെ ആചാരസമ്പ്രദായങ്ങള്‍ വിവരിക്കുന്നുണ്ട്. സമൂഹത്തിലും പൊതു സ്ഥലങ്ങളിലും എങ്ങനെ കഴിയുന്നു, എങ്ങനെ ഭക്ഷണം കഴിക്കുന്നു, എങ്ങനെ ജീവിക്കുകയും പെരുമാറുകയും ചെയ്യുന്നു തുടങ്ങിയവയെകുറിച്ച് പരാമര്‍ശിക്കുകയും ചെയ്യുന്നു. തന്റെ രാജ്യത്തുള്ള മുസ്‌ലിംകളുടെ ആചാരങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇന്ത്യക്കാരുടേതെന്ന് അദ്ദേഹം മനസ്സിലാക്കി.
അല്‍ബറൂനി, ഒരു വ്യക്തി അയാളുടെ ജാതിയില്‍നിന്ന് മറ്റൊരു ജാതിയിലേക്ക് മാറുമ്പോള്‍ ഉണ്ടാവുന്ന ദുരിതങ്ങളെകുറിച്ച് വിവരിക്കുന്നുണ്ട്. അതൊരു പാപവും നിയമലംഘനവുമായാണ് കരുതിപ്പോന്നിരുന്നത്. അല്‍ബറൂനി ഹിന്ദുസമൂഹത്തിലെ തൊട്ടുകൂടായ്മയെ കുറിച്ച് വിശദീകരിക്കുന്നു. ആര്‍എസ്എസ് ദലിത് ജാതികളുമായി മാത്രം ബന്ധപ്പെടുത്തിയാണ് തൊട്ടുകൂടായ്മയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്.
blurb-barooniആര്‍എസ്എസ് ഇന്ത്യന്‍ പണ്ഡിതരും വിദേശ പണ്ഡിതരുമായി പ്രത്യയശാസ്ത്രപരമായ ഒരു സംവാദത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഡോക്ടര്‍ ബിആര്‍ അംബേദ്കറെ തങ്ങളോടു ചേര്‍ത്തുപറയാനാഗ്രഹിക്കുന്നു. എന്നാല്‍, അവര്‍ അദ്ദേഹത്തിന്റെ ശാസ്ത്രീയ ഗവേഷണങ്ങളും രചനകളും അംഗീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് മധ്യകാലഘട്ടത്തിലെ അല്‍-ബറൂനിയെപ്പോലുള്ള പണ്ഡിതന്മാരുടെ കൃതികളെ കുറിച്ച് അറിയാന്‍ ആഗ്രഹമില്ല.
ജാതിയും തൊട്ടുകൂടായ്മയും അവസാനിപ്പിച്ച് ഹിന്ദു ഏകീകരണമാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനുള്ള ഒരേയൊരു മാര്‍ഗം ആത്മീയവും സാമൂഹ്യവുമായ പരിഷ്‌കരണമാണ്. പരിഷ്‌കരണം ഉയര്‍ന്ന ജാതിക്കാരുടെ സാമൂഹ്യവും ആത്മീയവുമായ വിശേഷാധികാരങ്ങള്‍ ഇല്ലാതാക്കുന്നത്കൂടി ലക്ഷ്യം വെക്കണം. പക്ഷേ, മതപരവും സാമൂഹികവുമായ മൗലികമായ ഒരു പരിഷ്‌ക്കരണം ആഗ്രഹിക്കാത്ത ഉയര്‍ന്ന ജാതിക്കാരാണ് ആര്‍എസ്എസ്സിന്റെ നേതാക്കന്മാര്‍.
അവര്‍ തൊട്ടുകൂടായ്മ ഇന്ത്യന്‍ ഇസ്‌ലാമിന്റെ സൃഷ്ടിയാണെന്ന് പറയുന്നു. ഇത് ചരിത്രപരമായി അടിസ്ഥാനരഹിതമായ വാദമാണ്. അവര്‍ക്ക് വ്യാജസിദ്ധാന്തങ്ങളെയും മിഥ്യകളേയും അടിസ്ഥാനമാക്കി പ്രത്യശാസ്ത്രപരമായ യുദ്ധം ജയിക്കാനാവില്ല. അവരുടെ ഭാവന ചരിത്രമായിത്തീരുകയില്ല. ഈ പശ്ചാത്തലത്തില്‍ അവര്‍ രാഷ്ട്രീയ അധികാരത്തെ ഉപയോഗപ്പെടുത്തി വ്യാജവാദങ്ങള്‍ പടച്ചുവിടുകയാണ്. അങ്ങനെ ചരിത്രവും കലയും സാഹിത്യവും മലിനീകരിക്കപ്പെടുകയാണ്.


വിവ: റംസി റഹ്മത്തുള്ള

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss