|    Aug 20 Sun, 2017 4:05 am
FLASH NEWS

തൊടുപുഴ ഹൈവേയിലെ അപകടങ്ങള്‍ സംബന്ധിച്ച് കലക്ടര്‍ക്ക് ഉടന്‍ റിപോര്‍ട്ട് നല്‍കും: ആര്‍ഡിഒ

Published : 9th August 2017 | Posted By: fsq

 

പാലാ: തൊടുപുഴ ഹൈവേയില്‍ തുടര്‍ച്ചയായി വാഹനാപകടങ്ങള്‍ ഉണ്ടാവുന്നത് സംബന്ധിച്ച് കലക്ടര്‍ക്ക് ഉടന്‍ വിശദമായ റിപോര്‍ട്ട് നല്‍കുമെന്ന് പാലാ ആര്‍ഡിഒ ഇ എം സഫീര്‍ പറഞ്ഞു. ഇന്നലെ പിഴകിലും കുറിഞ്ഞിയിലും സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആര്‍ഡിഒ. റോഡിന്റെ അവസ്ഥകളെ കുറിച്ചും അപകടങ്ങളെ കുറിച്ചും സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്നും ആര്‍ഡിഒ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.പിഴക് മുതല്‍ കുറിഞ്ഞിവരെ റോഡപകടങ്ങള്‍ പെരുകിയ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്ടിപി, രാമപുരം പോലിസ് എന്നിവരില്‍ നിന്ന് വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആര്‍ഡിഒ പറഞ്ഞു.  റോഡുകളുടെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകടങ്ങള്‍ പെരുകാന്‍ കാരണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആര്‍ഡിഒയെ അറിയിച്ചു. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങും വാഹനങ്ങളുടെ മോശം കണ്ടീഷനും അപകടങ്ങള്‍ക്കു കാരണമാവുന്നുണ്ടെന്ന് രാമപുരം പോലിസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ഡിഒയോട് പറഞ്ഞു. പിഴക് പാലം ജങ്ഷന്‍ മുതല്‍ കുറിഞ്ഞി-നെല്ലാപ്പാറ വരെയുള്ള ഭാഗങ്ങള്‍ ആര്‍ഡിഒ വിശദമായി പരിശോധിച്ചു. പിഴക് പാലത്തിന്റെ കൈവരി തകര്‍ന്നത് ഉടന്‍ നിര്‍മിക്കണമെന്ന് കെഎസ്ടിപി അധികാരികളോട് ആവശ്യപ്പെടുമെന്നും ആര്‍ഡിഒ പറഞ്ഞു. എല്ലാവരില്‍ നിന്ന് വിശദാംശങ്ങള്‍ വാങ്ങിയ ശേഷമാണ് ആര്‍ഡിഒ കലക്ടര്‍ക്ക് വിശദമായ റിപോര്‍ട്ട് സമര്‍പിക്കുന്നത്. ആര്‍ഡിഒ ഇ എം സഫീറിനൊപ്പം ജൂനിയര്‍ സൂപ്രണ്ട് എന്‍ എസ് സുരേഷ് കുമാര്‍, രാമപുരം പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ മാരായ ഐജു, ലാലു, സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ ജിജു എന്നിവരു മുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക