|    Jul 26 Wed, 2017 2:33 pm
FLASH NEWS

തൊടുപുഴ സിഐ ഓഫിസില്‍ വീണ്ടും മര്‍ദ്ദനമെന്ന് ആക്ഷേപം; യുവാവ് ആശുപത്രിയില്‍

Published : 25th August 2016 | Posted By: SMR

തൊടുപുഴ: തൊടുപുഴ സിഐ ഓഫിസില്‍ യുവാവിനെ ഇന്നലെ വെളുപ്പിനെ ക്രൂരമര്‍ദനത്തിനു ഇരയാക്കിയതായി ആക്ഷേപം.പരിക്കേറ്റ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.ഇടവെട്ടി മാര്‍ത്തോമ ഭാഗത്ത് കളരിയ്ക്കല്‍ മുഹമ്മദ് ആഷിക്(20)നാണ്                പരിക്കേറ്റത്.ചെവിയ്ക്കുള്ളിലെ കര്‍ണപടം പൊട്ടിയെന്നാണ് ഡോക്ടറുടെ നിഗമനമെന്ന് ആഷിക് പറഞ്ഞു.
ഇന്നലെ രാത്രി 11.30നാണ് സംഭവങ്ങളുടെ തുടക്കം.ആഷികിന്റെ പിതാവ് അലിയാര്‍ തൊടുപുഴയില്‍ ഗാന്ധി സക്വയറില്‍ തട്ടുകട നടത്തുകയാണ്.തൊടുപുഴയില്‍ മോഷണങ്ങള്‍ വ്യാപകമായതോടെ തട്ടുകടകള്‍ രാത്രി 12നുശേഷം പ്രവര്‍ത്തിക്കരുതെന്ന് പോലിസ് നിര്‍ദേശം നല്‍കിയിരുന്നു.
ഇന്നലെ രാത്രി 11.45ന് തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്റെ നേതൃത്വത്തില്‍ പട്രോളിങ് നടത്തിയ സംഘം കടയടക്കാന്‍ ആവശ്യപ്പെടുകയും കടയിലെ പടുതയും മറ്റും നശിപ്പിക്കാനും ശ്രമിച്ചുവെന്നു ആഷിക് പറഞ്ഞു.കടയിലെ ഗ്യാസ്‌കുറ്റി പോലിസ് വാഹനത്തില്‍ സിഐയുെട നേതൃത്വത്തിലുള്ള സംഘം എടുത്തുകൊണ്ടുപോയി.ഇതിനുശേഷം ഈ വിവരം അലിയാര്‍ മകനായ ആഷികിനെ അറിയിച്ചു.ആഷിക് ഗ്യാസ് കുറ്റി തിരികെ വാങ്ങാന്‍ സ്‌റ്റേഷനിലെത്തിയെങ്കിലും സിഐ പട്രോളിങിലാണ് ,രാവിലെ വരാനും പോലിസ് സ്‌റ്റേഷനില്‍ നിന്നും പറഞ്ഞു.
തിരികെ വീട്ടിലേയ്ക്ക് പോകാന്‍ ഇറങ്ങി രാത്രി 12.30ഓടെ ബൈപ്പാസ് റോഡില്‍ പോലിസ് സംഘം ആഷികിന്റെ ബൈക്കിനു കൈ കാണിച്ചു.ബൈക്ക് നിര്‍ത്തിയ ആഷികിനോട് എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചപ്പോള്‍ തൊടുപുഴ സിഐയെ അന്വേഷിച്ചെത്തിയതാണെന്നും സംഭവിച്ച വിവരങ്ങള്‍ പറയുകയും ചെയ്തു.നിനക്ക് സിഐ കാണണമല്ലേ എന്ന് ചോദിച്ചുകൊണ്ട് വാഹനത്തില്‍ കയറ്റി ക്രൂരമായാണ് മര്‍ദിച്ചതെന്ന് ആഷിക് പറഞ്ഞു.തൊടുപുഴ പോലിസ് സിഐ ഓഫിസില്‍ രാത്രി ഒന്നിനാണ് ആഷികിനെ എത്തിച്ചത്.അകത്ത് കയറ്റിയതിനുശേഷം നിരന്തരമര്‍ദനം തുടര്‍ന്നു.കരണത്തടിയ്ക്കുകയും,തല ഭിത്തിയില്‍ ചേര്‍ത്തുവെച്ച് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.ഇന്നലെ വെളുപ്പിന് മൂന്നിനു പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടാണ് ആഷികിനെ പുറത്ത് ഇറക്കിയത്.
വീട്ടിലെത്തിയപ്പോഴേയ്ക്കും ചെവിയില്‍ നിന്നും ചോര വാര്‍ന്നൊഴുകുകയും ഛര്‍ദിക്കുകയും തല കറങ്ങുകയും ചെയ്തതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് ചെവിയ്ക്കുള്ളിലെ കര്‍ണ്ണപടത്തിനു തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയത്.
കോലഞ്ചേരിയില്‍ കെമിക്കല്‍ കമ്പനിയില്‍ ജീവനക്കാരനാണ് ആഷിക്.റേഞ്ച് ഐജി,ഇടുക്കി ജില്ലാ പോലിസ് മേധാവി,മനുഷ്യവകാശ കമ്മീഷന്‍,യൂത്ത് കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് ആഷിക് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക