|    Jul 20 Fri, 2018 5:52 pm
FLASH NEWS

തൊടുപുഴ : ബസ് സ്റ്റോപ്പ് മാറ്റാന്‍ നടപടിയില്ല

Published : 25th September 2017 | Posted By: fsq

 

തൊടുപുഴ: ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയും അപകടങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്ന തൊടുപുഴ നഗരത്തിലെ ബസ് സ്റ്റോപ്പ് മാറ്റാന്‍ നടപടിയില്ല. മൂപ്പില്‍കടവ്- കാഞ്ഞിരമറ്റം ബൈപാസ് റോഡിലുള്ള പഴയ ബസ് കാത്തിരിപ്പു കേന്ദ്രമാണ് നഗരവേഗത്തെ പ്രതികൂലമായി ബാധിക്കുന്നത്. ഗതാതഗക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടയാക്കി റോഡിന്റെ മധ്യഭാഗത്താണ് ഈ ബസ് കാത്തിരിപ്പു കേന്ദ്രമുള്ളത്. നഗരത്തില്‍  പുതുതായി നിര്‍മിച്ച റോഡിന്റെ പിന്‍ഭാഗത്തേക്ക് ഈ ബസ് സ്റ്റോപ്പ് മാറ്റണമെന്ന ഗതാഗത ഉപദേശക സമിതിയുടെ നിര്‍ദേശം മാസങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല. പഴയ റോഡിനോടു ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായും അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായുമുള്ള പരാതി നേരത്തേയുള്ളതാണ്. കിഴക്കന്‍ മേഖലകളില്‍നിന്നുള്ള എല്ലാ ബസ്സുകളും വരികയും പോവുകയും ചെയ്യുന്നത് മൂപ്പില്‍കടവ്- കാഞ്ഞിരമറ്റം ബൈപാസിലൂടെ പാലം കയറിയാണ്. എറണാകുളം, അടിമാലി മേഖലകളില്‍ നിന്നുള്ള ദീര്‍ഘദൂര ബസ്സുകളും തൊടുപുഴ-മൂവാറ്റുപുഴ റൂട്ട് ബസ്സുകളും ഇതുവഴിയാണ് വരുന്നത്. ഇപ്പോഴത്തെ ലോറി സ്റ്റാന്‍ഡിലുള്ള കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കു ബസ്സുകള്‍ക്ക് പോവാനും മറ്റ് വഴികളില്ല. മങ്ങാട്ടുകവല-കാഞ്ഞിരമറ്റം ബൈപാസിലൂടെ വരുന്ന നൂറുകണക്കിനു വാഹനങ്ങളുംകൂടിയാവുമ്പോള്‍ ഇവിടെ വന്‍ തിരക്കാണ്. ആയിരക്കണക്കിനു വാഹനങ്ങള്‍ ഇരുവശങ്ങളിലേക്കും പോവുന്ന ജങ്ഷനില്‍ തന്നെയാണ് ബസ് സ്‌റ്റോപ്പും. യാത്രക്കാരെ കയറ്റാനും ഇറക്കാനും ഇവിടുത്തെ സ്റ്റപ്പില്‍ ബസ്സുകള്‍ നിര്‍ത്തുന്നതോടെ ഇരുവശത്തുനിന്നും വാഹനങ്ങള്‍ എത്തി റോഡ് ബ്ലോക്കാവും. പലപ്പോഴും ബ്ലോക്ക് നീണ്ട് തൊടുപുഴ-ഇടുക്കി സംസ്ഥാന പാതയിലെ ഇടുക്കി ജങ്ഷനിലെ നാലുംകൂടിയ കവലയിലെ ട്രാഫിക്ക് സ്തംഭിപ്പിക്കും. ഈ ഒരൊറ്റ ബസ് സ്‌റ്റോപ്പുകൊണ്ടുമാത്രം ഏറെ സമയമാണ് നഷ്ടമാവുന്നത്. തിരക്ക് കുറയ്ക്കാന്‍ രണ്ടുവര്‍ഷം മുന്‍പ് ഈ ഭാഗത്ത് വീതികൂട്ടി റോഡ് നിര്‍മിക്കാന്‍ കാത്തിരിപ്പു കേന്ദ്രത്തിന്റെ പിന്‍ഭാഗത്ത് പൊതുമരാമത്ത് അധികൃതര്‍ ലക്ഷങ്ങള്‍ മുടക്കി റോഡ് ടാര്‍ ചെയ്‌തെങ്കിലും ഇതുവരെ റൂട്ട് തിരിച്ചുവിട്ടിട്ടില്ല. പുതുതായി ടാര്‍ ചെയ്ത ഭാഗത്ത് ഇപ്പോള്‍ ലോറികളും മറ്റു വാഹനങ്ങളും പാര്‍ക്ക് ചെയ്തിരിക്കുകയാണ്. സ്ഥിരമായി ഇവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നിരവധിയാണ്. വൈകുന്നേരമായാല്‍ തട്ടുകടക്കാരുടെ കേന്ദ്രമാണിവിടം. ഇവിടെ രണ്ടു വലിയ വാഹനങ്ങള്‍ക്ക് സുഖമായി കടന്നുപോകാന്‍ പാകത്തിന് റോഡുണ്ടെങ്കിലും നടുഭാഗത്തിരിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രം പ്രതിസന്ധിയുണ്ടാക്കുകയാണ്. യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തുന്ന ബസ്സുകള്‍ക്ക് ഇടയിലൂടെ ചെറുവാഹനങ്ങളും ഇരുചക്ര വാഹന യാത്രക്കാരും ഇടയിലൂടെ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുകയാണ്. ഒപ്പം വാഹനങ്ങളുടെ അമിത വേഗവും തിരക്കിനിടയിലൂടെ യാത്രക്കാര്‍ റോഡിന്റെ ഇരുഭാഗത്തേക്കും കടക്കുന്നതും അപകടത്തിനു ഇടയാക്കുന്നുണ്ട്. പുതുതായി നിര്‍മിച്ച റോഡിന്റെ അരികില്‍ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കാന്‍ പി ജെ ജോസഫ് എംഎല്‍എ ഫണ്ട് അനുവദിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് ഉപയോഗപ്പെടുത്തിയിട്ടില്ല. റോഡിലുള്ള കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കാന്‍ പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗത്തെയാണ് ഏല്‍പിച്ചിരിക്കുന്നതെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss