|    Nov 23 Thu, 2017 1:31 am
FLASH NEWS

തൊടുപുഴ നടപ്പാലത്തില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നു

Published : 29th July 2016 | Posted By: SMR

തൊടുപുഴ: നടപ്പാലത്തില്‍ സാമുഹിക വിരുദ്ധരുടെ ശല്യമേറിയതായി പരാതി. വൈകുന്നേരങ്ങളില്‍ തൊടുപുഴയില്‍ ജോലി കഴിഞ്ഞ് സന്ധ്യയോടെ വീട്ടിലേയ്ക്ക് മടങ്ങുന്ന സ്ത്രീകളാണ് മിക്കവാറും അതിക്രമത്തിന് ഇരകളാവുന്നത്. തൊടുപുഴ പോലിസ് സ്‌റ്റേഷന്റെ പത്ത് മീറ്റര്‍ സമീപമാണ് നടപ്പാലം.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം ഇത്തരം ആറ് സംഭവങ്ങള്‍ നടന്നതായാണ് വിവരം. ഇരുട്ടുവീണാല്‍ സ്ത്രീകള്‍ക്ക് ഇതുവഴി നടക്കാന്‍ ഭയമാണ്. വൈകുന്നേരം മുനിസിപ്പല്‍ പാര്‍ക്കില്‍ തമ്പടിക്കുന്ന സാമുഹിക വിരുദ്ധരാണ് നടപ്പാലത്തിലും സ്ത്രീകള്‍ക്ക് ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസം പട്ടാപ്പകലും യുവതിക്കു നേരെ ഇവിടെ കൈയേറ്റമുണ്ടായി. പാലത്തിലൂടെ നടന്നുപോയ സ്ത്രീയുടെ ശരീരത്തില്‍ കടന്നുപിടിക്കാന്‍ യുവാവ് ശ്രമിച്ചു. ഭര്‍ത്താവും കുഞ്ഞും കൂടെയുള്ളപ്പോഴാണ് സംഭവം. ഇവര്‍ യുവാവിനെ തിരിച്ച് അടിച്ചതോടെ യുവാവ് ഓടിരക്ഷപെട്ടു. ടൗണിലെ തുണിക്കടകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കുനേരെ സ്ഥിരമായി സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടാവുന്നുണ്ട്. ഇവര്‍ ജോലികഴിഞ്ഞ് പോവുന്ന സമയം രാതി ഏഴിനാണ്.
മാനഹാനി ഭയന്നു ആരും പരാതിപ്പെടുന്നില്ല. രാത്രികാലങ്ങളില്‍ നഗരസഭ പാര്‍ക്ക് കേന്ദ്രികരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതികള്‍ വ്യാപകമാവുകയാണ്. കൂടാതെ ഇവിടങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ മദ്യപിച്ച് വന്നു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും പതിവാണ്.
പകല്‍ സമയങ്ങളില്‍ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം സന്ധ്യയാവുന്നതോടെ നഗരസഭാ പാര്‍ക്കിലെത്തും.ഈ സംഘത്തില്‍പ്പെട്ടവരാണ് പാര്‍ക്കിലും ടൗണ്‍ഹാളിനു സമീപവുമായി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. പോലിസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന കാമറകള്‍ പണിമുടക്കിയതോടെ നിരീക്ഷണ സംവിധാനം പുര്‍ണമായും അവതാളത്തിലാണ്. ഇവ നന്നാക്കനോ പകരം സംവിധാനം ഏര്‍പ്പെടുത്താനോ നഗരസഭയോ പോലിസോ ശ്രമിക്കുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക