|    Jan 21 Sat, 2017 9:59 am
FLASH NEWS

തൊടുപുഴ നഗരസഭ ഭരണപക്ഷത്ത് പൊട്ടിത്തെറി; കൗണ്‍സില്‍ തീരുമാനങ്ങള്‍ ചെയര്‍ പേഴ്‌സണ്‍ അട്ടിമറിക്കുന്നെന്ന്

Published : 5th October 2016 | Posted By: Abbasali tf

തൊടുപുഴ:നഗരസഭ കൗണ്‍സില്‍ തീരുമാനങ്ങള്‍ അട്ടിമറിക്കാന്‍ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ നീക്കം നടത്തുന്നതായി വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രഫ.ജെസി ആന്റണിയുടെ ആരോപണം.കൗണ്‍സില്‍ അംഗീകരിച്ച നഗരസഭയുടെ വാര്‍ഷിക പദ്ധതി നിര്‍ദേശങ്ങള്‍ ചെയര്‍പേഴ്‌സന്റെയും എഇയുടെയും നേതൃത്വത്തില്‍ കൗണ്‍സില്‍ അംഗീകാരമില്ലാതെ ഭേദഗതി വരുത്തിയതായി ജെസി ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കഴിഞ്ഞ 26നു നടന്ന വികസനകാര്യസ്റ്റാന്റിങ് കമ്മിറ്റി യോഗത്തില്‍ പദ്ധതി രൂപീകരണ പുരോഗതി വിലയിരുത്തുമ്പോള്‍ ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ തീരുമാനത്തില്‍ നിന്നു വ്യതിചലിച്ച് പ്രോജകട് നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി ലിസ്റ്റ് തയ്യാറാക്കിയത് കണ്ടെത്തിയതായി ഇവര്‍ ആരോപിച്ചു.കൗണ്‍സില്‍ ഏകകണ്ഠമായി ഭേദഗതിയോടെ അംഗീകരിച്ച പദ്ധതി ഓണ്‍ലൈന്‍ വഴി എന്‍ട്രി നടത്തി ഡിപിസിക്ക് അയയ്ക്കുന്നതിന് സെക്രട്ടറി ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും എഇ ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരും ജോലി കൃത്യമായി നിര്‍വഹിച്ചിരുന്നു.കൗണ്‍സില്‍ തീരുമാനത്തെ അവഗണിച്ചു കൊണ്ടു ചെയര്‍പേഴ്‌സണ്‍ കൊടുത്ത പ്രോജക്ട് ലിസ്റ്റില്‍ പിഎംഎവൈയുടെ തുക 50 ലക്ഷത്തില്‍ നിന്ന് 10 ലക്ഷം രൂപയായാണ് വെട്ടിക്കുറച്ചത്.കൂടാതെ വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ച തുക വകയിരുത്തിയതിലും വലിയ മാറ്റം മറിച്ചിലുകള്‍ നടത്തിയിട്ടുണ്ട്. ഇത് കണ്ടെത്തിയ സാഹചര്യത്തില്‍ കൗണ്‍സില്‍ തീരുമാന പ്രകാരമുള്ള പദ്ധതി നിര്‍ദേശം ഡിപിസിക്ക് അയക്കാന്‍ മാത്രമാണ് സ്റ്റാന്റിങ് കമ്മിറ്റി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതെന്നും മറിച്ചുള്ള ചെയര്‍പേഴ്‌സന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജെസി ആന്റണി ആരോപിച്ചു. സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് പദ്ധതിയില്‍ തുക വകയിരുത്തിയിരിക്കുന്നത്.ഇതനുസരിച്ചുള്ള കരട് പദ്ധതി തയ്യാറാക്കിയാണ് കഴിഞ്ഞ ഏഴിന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത്. ഒന്‍പതിന് രാവിലെ മുതല്‍ വൈകീട്ടു വരെ പദ്ധതി നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. പിഎംഎവൈ പദ്ധതി തുകയായ 70 ലക്ഷം രൂപ 50 ലക്ഷമായി കുറയ്ക്കുകയും ബാക്കിയുള്ള 20 ലക്ഷം രൂപയില്‍ 15 ലക്ഷം വെങ്ങല്ലൂര്‍ സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിനും അഞ്ചു ലക്ഷം രൂപ വാംബെ പദ്ധതിയുടെ ഗഡുക്കള്‍ നല്‍കുന്നതിനും ഭേദഗതി വരുത്തി. കൂടാതെ ഹാര്‍വെസ്റ്റര്‍ ആന്‍ഡ് ഡ്രില്ലര്‍ പദ്ധതി ഉപേക്ഷിച്ച് പകരം അതേ ഉല്‍പാദന മേഖലയില്‍ അനുയോജ്യമായ മറ്റു പദ്ധതികള്‍ രൂപീകരിക്കുന്നതിനും ഭേദഗതി വരുത്തിയിരുന്നു. ഈ രണ്ടു ഭേദഗതികള്‍ മാത്രം വരുത്തിയ സാഹചര്യത്തില്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് സ്വന്തം ഇഷ്ടപ്രകാരം ചെയര്‍പേഴ്‌സണ്‍ പദ്ധതി അട്ടിമറിക്കുകയായിരുന്നുവെന്ന് ജെസി ആന്റണി ആരോപിച്ചു.28 വര്‍ഷമായി ജനപ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന എനിക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നത് ഏതെങ്കിലും രഹസ്യ അജണ്ടയുടെ ഭാഗമായിട്ടാകാമെന്നും ജെസി ആന്റണി വ്യക്തമാക്കി.

തീരുമാനങ്ങള്‍ അട്ടിമറിച്ചത് ജെസി ആന്റണി: ചെയര്‍ പേഴ്‌സണ്‍
തൊടുപുഴ: വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രഫ. ജെസി ആന്റണി അട്ടിമറിക്കാന്‍ ശ്രമിച്ച കൗണ്‍സില്‍ തീരുമാനങ്ങളാണ് താന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന  എതിര്‍വാദവുമായി ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ രംഗത്തെത്തി.ചെയര്‍പേഴ്‌സണ് കഴിവില്ലെന്ന് വരുത്തി തീര്‍ക്കാനാണ് നഗരസഭയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികള്‍ പദ്ധതി രേഖയില്‍ ചേര്‍ക്കാത്തതെന്നും സഫിയ ജബ്ബാര്‍ ആരോപിച്ചു. മാര്‍ഗ രേഖകള്‍ അനുസരിച്ച് പദ്ധതി തയ്യാറാക്കിയതിനാല്‍ ഇവയ്ക്ക് ഫണ്ടില്ലെന്നാണ് ജെസി ആന്റണി പറയുന്നത്. എന്നാല്‍ ഇതിനാവശ്യമായ ഫണ്ട് കണ്ടെത്താന്‍ തന്നോടോ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയോടോ ആവശ്യപ്പെട്ടിട്ടില്ല. പിഎംഎവൈ പദ്ധതിക്ക് അനുവധിച്ച 70 ലക്ഷത്തില്‍ നിന്നാണ് 20 ലക്ഷം എടുത്ത് വാംബെ പദ്ധതിയിലും മണക്കാട് മുനിസിപ്പല്‍ യുപി സ്‌കൂളിലും നിക്ഷേപിച്ചത്.എസ്റ്റിമേറ്റ് പ്രകാരം യുപി സ്‌കൂളിന്റെ ഫണ്ടില്‍ നിന്ന് കുറവ് വന്നതാണ് കംഫര്‍ട്ട് സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുന്നത്.28 വര്‍ഷത്തെ പൊതു പ്രവര്‍ത്തന പരിചയമുള്ള ജെസി ആന്റണി മികച്ച പദ്ധതി രേഖ തയ്യാറാക്കുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ അവര്‍ തന്നെ കബളിപ്പിക്കുകയായിരുന്നെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക