|    Oct 18 Thu, 2018 10:43 am
FLASH NEWS

തൊടുപുഴ നഗരസഭ പണം ഈടാക്കി പ്ലാസ്റ്റിക് ശേഖരിക്കും

Published : 21st September 2017 | Posted By: fsq

 

തൊടുപുഴ: ഫീസ് ഈടാക്കി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ തൊടുപുഴ നഗരസഭ തീരുമാനം. ഒക്ടോബര്‍ രണ്ടുമുതല്‍ പ്ലാസ്റ്റിക് ശേഖരിക്കാന്‍ നിശ്ചിത ഫീസ് ഏര്‍പ്പെടുത്താനാണ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നടപടിയായത്. മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്താത്ത വ്യാപാര സ്ഥാപനങ്ങളുടെ ജൈവ മാലിന്യങ്ങളും നിശ്ചിത ഫീസ് ഏര്‍പ്പെടുത്തി നവംബര്‍ ഒന്നുവരെ നഗരസഭ ശേഖരിക്കും. പ്ലാസ്റ്റിക് ശേഖരിക്കാന്‍ കുടുംബശ്രീ അംഗങ്ങളേയോ വാര്‍ഡ് കമ്മിറ്റി തീരുമാനിക്കുന്നവരേയോ നിയോഗിക്കും.പച്ചക്കറി ശേഖരിക്കാന്‍ പച്ചക്കറി മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് 6000 രൂപയും ചെറിയ സ്ഥാപനങ്ങളില്‍ നിന്ന് 3000 രൂപയും തട്ടുകടകളില്‍ നിന്ന് 1000 രൂപയും പ്രതിമാസം ഫീസ് ഈടാക്കും. പ്ലാസ്റ്റിക്കിന് വീടൊന്നിന് 60 രൂപ ഈടാക്കും. വലിയ സ്ഥാപനങ്ങളില്‍ നിന്ന് 300 രൂപയും ചെറിയ കടകളില്‍ നിന്ന് 150 രൂപയും പ്രതിമാസം ഈടാക്കാനും ധാരണയായി. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം തുകയില്‍ ആവശ്യമായ മാറ്റം വരുത്തും. വ്യാപാര സ്ഥാപനങ്ങളില്‍ ജൈവ മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്താനുള്ള അവസാന തിയ്യതി സപ്തംബര്‍ 15 ആയിരുന്നു. ഇതിനുശേഷം ജൈവമാലിന്യങ്ങള്‍ എടുക്കുന്നത് നഗരസഭ നിര്‍ത്തുകയും ചെയ്തു. കടുത്ത നടപടി എടുക്കുന്നതിന് മുന്നോടിയായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കടകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ വ്യാപാരികള്‍ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് വിവിധ മുന്നണിയിലെ കൗണ്‍സിലര്‍മാര്‍ വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചത്. ദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍ നിശ്ചിത ഫീസ് ചുമത്തി ഒരു മാസം ജൈവമാലിന്യങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു വാര്‍ഡില്‍ മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് എല്ലാ രണ്ടാം ശനിയാഴ്ചകളിലും പ്ലാസ്റ്റിക് ശേഖരിക്കും. വീടുകളില്‍ നിന്ന് കുടുംബശ്രീ അംഗങ്ങളോ വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോ ഉള്‍പ്പെട്ട ഹരിത സേന പ്ലാസ്റ്റിക് ശേഖരിക്കും. ഈടാക്കുന്ന ഫീസില്‍ നിന്ന് ഇവര്‍ക്ക് നിശ്ചിത തുക ശമ്പളമായി നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. തീരുമാനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും യോഗത്തില്‍ തീരുമാനമായി. അതേസമയം, ഉറവിട മാലിന്യ സംസ്‌കരണമെന്ന നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകള്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചു. കടകള്‍ക്ക് ഉള്ളില്‍ തന്നെ കുഴിയെടുത്തോ മറ്റോ മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനമുണ്ടാക്കാനാണ് നിര്‍ദേശം. ഇതുനടപ്പാക്കാനാണ് കടകള്‍ അടച്ചത്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും മാലിന്യസംസ്‌കരണം ഇപ്പോഴും ഫലപ്രദമല്ല. ഒഴിഞ്ഞ സ്ഥലങ്ങളിലും വെള്ളക്കെട്ടുകളിലുമെല്ലാം മാലിന്യം തള്ളുന്നത് തുടരുകയാണ്. ഇത് ജനവാസ കേന്ദ്രങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ക്കു കാരണമാവുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ശക്തമായ മഴയില്‍ ഉയര്‍ന്ന വെള്ളക്കെട്ടുകളില്‍ മാലിന്യം പൊങ്ങിക്കിടക്കുകയാണ്. ഇവ പക്ഷികളും മൃഗങ്ങളും ശുദ്ധജല സ്രോതസ്സുകളില്‍ അടക്കം കൊണ്ടിടുന്നതിനും കാരണമാവുന്നു. മാലിന്യസംസ്‌കരണത്തിന് നഗരസഭ തീരുമാനിച്ചിട്ടുള്ള കാര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ നഗരശുചിത്വമുണ്ടാവുമെന്നാണു വിലയിരുത്തല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss